പ്രസിദ്ധ് കൃഷ്ണ
മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിനെത്തുടർന്ന് പേസർ പ്രസിദ്ധ് കൃഷ്ണ പരമ്പരയിൽ നിന്ന് പുറത്തായി. പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാലാണ് താരത്തെ ഒഴിവാക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു.
ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഏകദിന ടീമിലാണ് പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പരിക്കിനെത്തുടർന്ന് ചികിത്സയിലുള്ള താരത്തിന് ഇതുവരെ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല. ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ഇതിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനൊപ്പം പ്രസിദ്ധ് കൃഷ്ണ ചേരും. ഏകദിന പരമ്പരയിൽ താരത്തിന് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മറ്റൊരു പേസറായ മുഹമ്മദ് സിറാജ് ഒക്ടോബർ 31ന് ആരംഭിക്കുന്ന ന്യൂസിലൻഡ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനൊപ്പം ചേരും. അതേസമയം നിതീഷ് കുമാർ റെഡ്ഡി നവംബർ നാലിന് ന്യൂസിലൻഡിനെതിരേ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ മാത്രമേ ദേശീയ ടീമിനൊപ്പം ഉണ്ടാകൂവെന്നും ബിസിസിഐ വ്യക്തമാക്കി.
Tags : Prasidh Krishna ruled out PrasidhKrishna TeamIndia India NewZealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews