ആൻ സെബാസ്റ്റ്യൻ.
കോട്ടയം: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ നടന്ന പ്രതിഷേധത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ കർശന അച്ചടക്ക നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ആൻ സെബാസ്റ്റ്യൻ. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും പ്രതിഷേധത്തിന് പ്രേരിപ്പിച്ചവർക്കുമെതിരെ മാതൃകാപരമായ അന്വേഷണം നടത്തി അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് ആൻ കത്തയച്ചു.
വിദ്യാർഥികളുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധവും അനിഷ്ട സംഭവങ്ങളും അങ്ങേയറ്റം അപലപനീയമാണ്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിനൊടുവിൽ അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ എത്തിയ വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷവും ആദരവും നിറഞ്ഞ നിമിഷമാണ് രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരിൽ അലങ്കോലപ്പെടുത്തിയതെന്ന് കത്തിൽ പറയുന്നു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളോട് അനാദരവ് കാണിച്ചതും പരിപാടി തടസപ്പെടുത്തിയതും ഉന്നത കലാലയത്തിന് ഒട്ടും യോജിച്ചതല്ലെന്നും അവർ വ്യക്തമാക്കി. ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഇത്തരം സുപ്രധാന അക്കാദമിക ചടങ്ങുകളെ ബാധിക്കുന്ന തരത്തിലുള്ള അച്ചടക്കലംഘനങ്ങൾ അംഗീകരിക്കാനാവില്ലെന്നും കത്തിൽ ആൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
Tags : MaharajasCollege AnnSebastian MGUniversity StudentProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews