കൊച്ചി: നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍വേ പദ്ധതിയുടെ ഡിപിആര്‍ (വിശദ പദ്ധതി രേഖ) തയാറാക്കാന്‍ റെയില്‍വേയ്ക്ക് ഹൈക്കോടതി സമയം അനുവദിച്ചു. വിവിധ സാങ്കേതിക പരിശോധനകളും സാമ്പത്തികവശങ്ങളും പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ സമയം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി സാവകാശം തേടി റെയില്‍വേ നല്കിയ അപേക്ഷ തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം പദ്ധതി ഏറെക്കാലമായി വൈകുന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. കേസ് 2027 ജനുവരി 20ന് വീണ്ടും പരിഗണിക്കുമ്പോള്‍ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. 196 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയില്‍ 137 ടണലുകളും 35 കലുങ്കുകളും ഉള്‍പ്പെടുന്നുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഇതില്‍ ടണലുകളുടെ മാത്രം ആകെ നീളം 97 കിലോമീറ്റര്‍ വരും. കരട് റിപ്പോര്‍ട്ട് തയാറാണെന്നും അതു വേഗത്തില്‍ അന്തിമമാക്കുമെന്നും റെയില്‍വേ അറിയിച്ചു. പദ്ധതി വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് സി.എന്‍. വിജയകൃഷ്ണനാണു ഹര്‍ജി നല്‍കിയിട്ടുള്ളത്.
Tags : Railway Project Nilambur Nanjancode DPR High Court Railways Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash