Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
തേഞ്ഞിപ്പലം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിന് വേണ്ടി വോട്ടഭ്യർഥന നടത്തിയ കാലിക്കട്ട് സർവകലാശാല അസി. പ്രഫസർക്കെതിരേ കുറ്റപത്രം (മെമ്മോ ഓഫ് ചാർജസ്) പുറപ്പെടുവിച്ചു. അസി. പ്രഫസർ ഡോ. ശ്രീകല മുല്ലശേരിക്കാണ് സർവകലാശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ കുറ്റപത്രം നൽകിയത്.
അടുത്തിടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ഇടത് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി ശ്രീകല വോട്ട് അഭ്യർഥിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും അതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സിയുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960-ലെ ചട്ടം 69 ലംഘിച്ചതായാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രചാരണത്തിൽ ഏർപ്പെടുന്നതിന് കർശന വിലക്കുണ്ടെന്നതാണ് ചട്ടം. യൂണിവേഴ്സിറ്റി അധ്യാപകർക്കും ഈ ചട്ടങ്ങൾ ബാധകമാണെന്നു കാലിക്കട്ട് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട്, 1977-ലെ വ്യവസ്ഥകൾ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ നിരവധി പരാതികൾ ചാൻസലറുടെ ഓഫീസിൽ ലഭിച്ചതിനെ തുടർന്ന് സർവകലാശാല അധികൃതരോട് റിപ്പോർട്ട് തേടുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ശ്രീകല മുല്ലശേരി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ വൈസ് ചാൻസലർ സർവീസ് നിയമങ്ങൾ അനുസരിച്ച് ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രവും ആരോപണപത്രവും നൽകാൻ ഉത്തരവിടുകയായിരുന്നു.
കുറ്റപത്രം ലഭിച്ച തീയതിയിൽ നിന്ന് 15 ദിവസത്തിനകം വിശദീകരണം നൽകണമെനാണ് നിർദേശം. ആവശ്യമെങ്കിൽ വ്യക്തിപരമായി വാദം കേൾക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനും അവസരം നൽകിയിട്ടുണ്ട്.
എന്നാൽ രജിസ്ട്രാർ നൽകിയ കുറ്റപത്രത്തിനെതിരെയും ശ്രീകലയുടെ നടപടി ന്യായീകരിച്ചും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
District News
നിലമ്പൂർ:നിലമ്പൂർ നഗരസഭയിൽ പോർക്കളം തുറന്ന് എൽഡിഎഫ്. നഗരസഭയിലെ എൽഡിഎഫ് സ്ഥനാർഥികൾ ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി എത്തിയാണ് സ്ഥാനാർഥികൾ വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പിച്ചത്.
നഗരസഭ വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കക്കാടൻ റഹീം, പി.എം.ബഷീർ, ഷൈജിമോൾ, യു.കെ.ബിന്ദു ഉൾപ്പെടെനിലവിലെ 11 കൗണ്‍സിലർമാർ അടക്കം 36 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളാണ് പത്രിക സമർപ്പിക്കാനെത്തിയത്.
നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സണ്‍ അരുമ ജയകൃഷ്ണൻ, സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻ, നിലന്പൂർ ലോക്കൽ സെക്രട്ടറി വെട്ടുമ്മൽ ശ്രീധരൻ, ചന്തക്കുന്ന് ലോക്കൽ സെക്രട്ടറി ബാബുമോൻ ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മമാൻ,
കേരള കോണ്‍ഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയ ക്നാം തോപ്പിൽ, എൻസിപി ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ്, എൻ. വേലുക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളാണ്
സ്ഥാനാർഥികൾക്കൊപ്പം എത്തിയത്. 36 ഡിവിഷനുകളിൽ മുന്നണി ധാരണ പ്രകാരം സിപിഎം 27. സിപിഐ 5. കേരളാ കോണ്‍ഗ്രസ്- എം. 1. എൻസിപി -എസ് 1. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് 1. നാഷണൽ ലീഗ് 1 ഡിവിഷനുകളിലാണ് മത്സരിക്കുക.
District News
നിലമ്പൂർ: നിലമ്പൂർ നഗരസഭയിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. അഞ്ച് ഡിവിഷനുകളിൽ വിമത വിഭാഗം മത്സരിക്കും. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിലന്പൂർ മുനിസിപ്പിൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കബീർ മഠത്തിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പൂളക്കൽ അബ്ദുട്ടി, നിയോജക മണ്ഡലം സെക്രട്ടറി ജസ്മൽ പുതിയറ എന്നിവർക്കാണ് രാജിക്കത്ത് നൽകിയത്.
നിലമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ കബീറിന്റെ ഭാര്യ ഷമീമ കബീർ ബാങ്ക് ഡയറക്ടർ സ്ഥാനവും രാജിവച്ചു. നഗരസഭയിലെ മുമ്മുള്ളി ഡിവിഷനിൽ നാളെ സ്വതന്ത്രനായി നോമിനേഷൻ നൽകുമെന്നും കബീർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതിനിടയിൽ വിമത വിഭാഗത്തിലെ ബാപ്പു വാളപ്ര മൊബൈൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ഔദ്യോഗിക വിഭാഗം തടഞ്ഞു.
യുഡിഎഫ് ധാരണ പ്രകാരം ലീഗ് 10 ഡിവിഷനുകളിലാണ് മത്സരിക്കുക. ഇതിൽ ഒന്‍പത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കബീർ മഠത്തിലിനെ തഴഞ്ഞ് മുനിസിപ്പൽ ലീഗ് സെക്രട്ടറി കൂമഞ്ചേരി നാണിക്കുട്ടിക്കാണ് സ്ഥാനാർഥിത്വം നൽകിയത്. ഇതാണ് പ്രതിഷേധത്തിന് കാരണം. 2020 ൽ മുസ്ലിം ലീഗ് മത്സരിച്ച ഒന്‍പത് ഡിവിഷനുകളിലും വിഭാഗീയത മൂലം പരാജയപ്പെട്ടിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ഒരു മാസം മുന്‍പ് ഇരുവിഭാഗത്തെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരുന്നു.
എന്നാൽ വീണ്ടും വിഭാഗീയത രൂക്ഷമായത് ലീഗ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. മുസ്ലിം ലീഗിന് ലഭിച്ച ജനറൽ ഡിവിഷനായ താമരക്കുളം കോണ്‍ഗ്രസിന് വിട്ടുനൽകി പകരം വനിതാസംവരണ വാർഡ് പകരം വാങ്ങാനുള്ള തീരുമാനവും ലീഗിനുള്ളിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
District News
നിലമ്പൂർ : നിലമ്പൂർ നഗരസഭയിൽ യുഡിഎഫിൽ സീറ്റ് വിഭജനം ധാരണയായി. 36 ഡിവിഷനുകളിൽ 26 ഡിവിഷനുകളിൽ കോൺഗ്രസും 10 ഡിവിഷനുകളിൽ മുസ്ലിം ലീഗും മത്സരിക്കും. കേരളാ കോൺഗ്രസ് ജോസഫ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ഇക്കുറിയും മത്സരിക്കാൻ സീറ്റുകൾ ഉണ്ടാവില്ല.
16 ജനറൽ ഡിവിഷനുകളിൽ 11ൽ കോൺഗ്രസും 5ൽ മുസ്ലിം ലീഗും മത്സരിക്കും. ഇക്കുറി ചെയർ പേഴ്സൺ സ്ഥാനം വനിതാസംവരണമായതിനാൽ ചെയർ പേഴ്സൺ സ്ഥാനത്തിനായി ഒന്നിലേറെ പേർ രംഗത്തുണ്ടാക്കും.നിലവിലെ കൗൺസിലർമാരായ ശ്രീജ ചന്ദ്രൻ. ഷേർളി മോൾ എന്നിവർക്കാണ് യു.ഡി.എഫ് വിജയിച്ചാൽ സാധ്യത. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നിലവിലെ നഗരസഭാ പ്രതിപക്ഷ നേതാവുമായ പാലോളി മെഹബൂബ്. ഡി.സി.സി അംഗം.എ.ഗോപിനാഥ്.
മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്. യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സൈഫു ഏനാന്തി എന്നിവരും കോൺഗ്രസ് ലിസ്റ്റിൽ ഉണ്ടാവാനാണ് സാധ്യതയേറെ. മുസ്ലിം ലീഗ് . മുനിസിപ്പിൽ സെക്രട്ടറി കൂമഞ്ചേരി നാണിക്കുട്ടി. വൈസ് പ്രസിഡെന്റ് അടുക്കത്ത് ഇസഹാഖ്. ശുഹൈബ് മുത്തു.
മുൻ നഗരസഭാ വൈസ് ചെയർ പേഴ്സൺ മുംതാസ് ബാബു എന്നിവരും സ്ഥാനാർത്ഥികളായേക്കും. എന്തായാലും ഇക്കുറി ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സര രംഗത്ത് ഇറങ്ങുക അതിനാൽ സ്ഥാനാർത്ഥി നിർണയത്തിലെ അപസ്വരങ്ങൾ പരിഹരിക്കാൻ യൂത്ത് കോൺഗ്രസ്. യൂത്ത് ലീഗ് നേതാക്കളെയും പരമാവധി ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന സൂചനയാണുള്ളത്.
ആര്യാടൻ ഷൗക്കത്ത് എംഎൽഎയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ യുഡിഎഫ് ഏറെ പ്രതീക്ഷയിലാണ്. 2020 ലെ കനത്ത പരാജയത്തിൽ നിന്നും പാർട്ടിയെ തിരിച്ചു കൊണ്ടുവരിക എന്നതാണ് മുസ്ലിം ലീഗിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സീറ്റ് വിഭജനം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിലുണ്ടാകും.
District News
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഹബ്ബ് ലാബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു. ഇതോടൊപ്പം പുതിയ മോർച്ചറി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും 320 കിലോവാട്ട് ശേഷിയുള്ള പുതിയ ജനറേറ്ററിന്റെ കമ്മീഷനിംഗും എംപി നിർവഹിച്ചു. എല്ലാം കൂടി മൂന്നര കോടി രൂപയുടെ പദ്ധതികളാണ് നിലന്പൂർ ജില്ലാ ആശുപത്രിയിൽ നടത്തുന്നത്.മേഖലയിലെ മറ്റ് ആശുപത്രികളിൽ നിന്ന് ശേഖരിക്കുന്ന സാന്പിളുകൾ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനാ ഫലം ഇ-ഹെൽത്ത് സംവിധാനം വഴിയോ മൊബൈൽ ഫോണ്‍ വഴിയോ ഗുണഭോക്താക്കളിലെത്തിക്കുകയാണ് ഹബ്ബ് ലാബ് വഴി ചെയ്യുക.
കൂടാതെ ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രാദേശിക പോസ്റ്റ്ഓഫീസുകൾ വഴി സാന്പിളുകൾ ശേഖരിച്ച് ബോക്സിലാക്കി ജില്ലാ ആശുപത്രിയിലെത്തിക്കുന്ന സംവിധാനവും തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ലാബിൽ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ മറ്റൊരു കെട്ടിടം ലാബിന് വേണ്ടി മാറ്റിയെടുക്കുകയായിരുന്നു. നാളിതുവരെയായി 35,095 സാന്പിളുകളുടെ പരിശോധനയാണ് നിലന്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയിട്ടുള്ളത്. മൊത്തം രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവഴിച്ചത്. പുതിയ മോർച്ചറിയുടെ നിർമാണത്തിന് ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുള്ളത്.
ആശുപത്രി കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് ആശുപത്രി എച്ച്എംസി യാത്രയയപ്പ് നൽകി. മികച്ച പ്രവർത്തനം കാഴ്ചവച്ച ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ എച്ച്എംസി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്മായിൽ മൂത്തേടം, സെറീന മുഹമ്മദലി, എൻ.എ. കരീം, എ. ഗോപിനാഥ്, ജസ്മൽ പുതിയറ, കെ.ടി. കുഞ്ഞാൻ, സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. കെ.കെ. പ്രവീണ തുടങ്ങിയവരും പങ്കെടുത്തു.
District News
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സിൽ, സിഎച്ച് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ "ഹരിത സുന്ദര ആതുരാലയം’ എന്ന പേരിൽ മെഗാ ശുചീകരണ കാന്പയിൻ നടത്തി. കേരളപ്പിറവി ദിനത്തിൽ ജില്ലാ ആശുപത്രിയിൽ നടന്ന കാന്പയിൻ പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ആശുപത്രികൾ ശുചിത്വത്തിലൂടെ മാത്രമേ രോഗി സൗഹൃദമാകൂവെന്നും അതിനായി ആശുപത്രി ജീവനക്കാരോടൊപ്പം പൊതുജനങ്ങൾ കൂടി പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നിലന്പൂർ ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സിൽ പ്രസിഡന്റ് ഡോ. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സിഎച്ച് സെന്റർ പ്രസിഡന്റ് പി.വി. മുബാറക്ക്, നിലന്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. കെ.കെ. പ്രവീണ, എച്ച്ഐ അഞ്ജന എന്നിവർ പ്രസംഗിച്ചു.
ആശുപത്രി ജീവനക്കാർക്കൊപ്പം നൂറോളം സിഎച്ച് സെന്റർ വോളണ്ടിയർമാർ ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി. സിഎച്ച് സെന്റർ ഭാരവാഹികളായ സമദ് ചീമാടൻ, റഷീദ് വരിക്കോടൻ, കണ്ണാട്ടിൽ ബാപ്പു, ഷിഹാബ് മൂർക്കൻ, ഫർസാദ് മച്ചിങ്ങൽ, സെറീന മുഹമ്മദലി, സി.കെ. മൈമൂന എന്നിവർ നേതൃത്വം നൽകി.
District News
നിലമ്പൂർ:ആർദ്രം പദ്ധതിയുടെ ഭാഗമായി നിർണയ ലാബ് ശൃംഖലയിലെ ആദ്യ ഹബ് ലാബ് നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. ലാബിന്റെ ഉദ്ഘാടനം നവംബർ ആദ്യവാരം നടക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1.8 കോടി രൂപ ചെലവിട്ടാണ് ലാബ് ഒരുക്കിയത്. ജില്ലയിലെ ഏതു ആശുപത്രിയിൽ നിന്നും സാന്പിളുകൾ എത്തിച്ച് പരിശോധന നടത്തുന്നതിന് സൗകര്യമുണ്ടാകും. ലബോറട്ടറി പരിശോധനകൾ താഴെ തട്ടിൽ ഉറപ്പുവരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് നിർണയ ലബോറട്ടറി ശൃംഖല.
നവകേരളം കർമപദ്ധതി ആർദ്രം മിഷന്റെ ഭാഗമായാണ് നിർണയ ലാബ് ശൃംഖല നടപ്പാക്കി വരുന്നത്. സർക്കാർ മേഖലയിലെ ലാബുകൾ വഴി ഗുണനിലവാരവും ആധുനിക പരിശോധന സംവിധാനങ്ങളും ഉറപ്പാക്കി കുറഞ്ഞ നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് ഇത്തരം ലബോറട്ടറികളുടെ പ്രവർത്തന ലക്ഷ്യം.
എല്ലാ വിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലെയും ലാബ് സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതോടൊപ്പം പരിശോധന ഫലങ്ങൾ ബന്ധപ്പെട്ടവരുടെ മൊബൈൽ നന്പറിൽ സന്ദേശമായി ലഭ്യമാക്കുകയും ചെയ്യും.
District News
നിലമ്പൂർ:നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സംസ്ഥാന കായകൽപ് അവാർഡ് സമ്മാനിച്ചു. മന്ത്രി വീണാ ജോർജിൽ നിന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട്് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. പ്രവീണ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 2024 - 25 കായകൽപ് അവാർഡ് സംസ്ഥാനതല രണ്ടാംസ്ഥാനം,
2023 - 24 കായകൽപ് അവാർഡ് സംസ്ഥാനതല രണ്ടാംസ്ഥാനം, 2022 - 23 കായകൽപ് അവാർഡ് കമെന്റേഷൻ അവാർഡുകളാണ് മന്ത്രിയിൽ നിന്ന് ജില്ലാ ആശുപത്രി അധികൃതർ ഏറ്റുവാങ്ങിയത്. മന്ത്രി എം.ബി. രാജേഷ്, മലപ്പുറം ഡിഎംഒ ഡോ. ആർ. രേണുക, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും സേവന ലഭ്യതയിലും മികച്ച മുന്നേറ്റമുണ്ടാക്കിയതാണ് നിലന്പൂർ ജില്ലാ ആശുപത്രിയെ കായകൽപ് പുരസ്കരാത്തിന് അർഹമാക്കിയത്.
സംസ്ഥാനത്തെ ജില്ലാ, ജനറൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിഭാഗത്തിൽ 92 ശതമാനം മാർക്ക് നേടിയാണ് ഈവർഷം നിലന്പൂർ ജില്ലാആശുപത്രിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്.കഴിഞ്ഞ വർഷം 88.21 പോയിന്റ് നേടിയും നിലമ്പൂർ ജില്ലാ ആശുപത്രി രണ്ടാം സ്ഥാനം നേടിയിരുന്നു.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രതിദിനം 2000-2500 പേർ വരെ ഒപിയിലെത്തുന്നുണ്ട്. 142 കിടക്കകളുടെ സൗകര്യമാണുള്ളതെങ്കിലും 220 പേർക്ക് കിടത്തിച്ചികിത്സ നൽകുന്നുണ്ട്. പ്രതിമാസം 200ലേറെ പ്രസവവും നടക്കുന്നു. 89 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു.
ഒരേ സമയം 16 പേർക്ക് സേവനം ലഭിക്കും. പ്രതിദിനം നാല് ഷിഫ്റ്റുകളിലായി 40 രോഗികളെയാണ് സൗജന്യമായി ഡയാലിസിസിന് വിധേയമാക്കുന്നത്. സ്ട്രോക്ക് യൂണിറ്റ്, കാർഡിയാക് യൂണിറ്റ്, മെഡിക്കൽ ഐസിയു, ജെറിയാട്രിക് വാർഡ്, ബ്ലഡ് ബാങ്ക്, വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നിവയുടെ സേവനവും നിലന്പൂർ ജില്ലാ ആശുപത്രിയിലുണ്ട്.
District News
നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പുലി ഇറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുന്നവർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര
Leader Page
ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇരുമുന്നണികൾക്കും ഏറെക്കുറെ തുല്യശക്തി അവകാശപ്പെടാവുന്ന നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത് അതാണ്.
ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിനൊപ്പമുണ്ടാകുമെന്നു കരുതിയിരുന്ന പി.വി. അൻവർ മത്സരരംഗത്തിറങ്ങിയിട്ടും 11,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ആര്യാടൻ ഷൗക്കത്തിന്റെ വിജയം തികച്ചും ആധികാരികമാണ്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിജയമാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നു നിലന്പൂരിലെ ഇടതു പ്രചാരണം നയിച്ചത്. മന്ത്രിമാരുടെ വലിയ നിരയുമുണ്ടായിരുന്നു. എന്നിട്ടും വിജയത്തിനടുത്തെത്താനായില്ല. ആശാ സമരത്തോടുള്ള സർക്കാരിന്റെ നിലപാടും മലയോര ജനതയുടെ പ്രതിഷേധവുമെല്ലാം ഭരണമുന്നണിക്കും സർക്കാരിനുമെതിരായ രോഷം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളായിട്ടുണ്ട്. ഇനിയും സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിലും ഉറപ്പുകളിലും മലയോരജനത മയങ്ങുമെന്നു കരുതിയാൽ അതു തെറ്റാണെന്നു മലയോരവാസികൾ ധാരാളമുള്ള നിലന്പൂർ തെളിയിച്ചു.
ടീം യുഡിഎഫ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതുപോലെ, ഇതു ടീം യുഡിഎഫ് ഒരുക്കിയ വിജയമാണ്. കെപിസിസിയുടെ പുതിയ നേതൃത്വത്തിന് ഈ വിജയത്തിൽ അഭിമാനിക്കാം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരുക്കുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങളും മികച്ച ആസൂത്രണവും അതുമായിറങ്ങി കളം കീഴടക്കുന്ന യുഡിഎഫിന്റെ യുവനേതൃത്വവും മുതിർന്ന നേതാക്കളുടെ പിന്തുണയും എല്ലാം ചേർന്നു നേടിയതാണീ വിജയം. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും വിജയം കണ്ട തെരഞ്ഞെടുപ്പു പ്രവർത്തനം ഇപ്പോൾ നിലന്പൂരിലും ആവർത്തിച്ചിരിക്കുന്നു. കെപിസിസിയുടെ പുതിയ നേതൃത്വത്തിനും ഈ വിജയം ആത്മവിശ്വാസം പകരും.
സതീശന്റെ വിജയം
തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം തുടക്കത്തിലേ ഏറ്റെടുത്തുകൊണ്ടുള്ള വി.ഡി. സതീശന്റെ ശൈലി ഇപ്പോൾ പാർട്ടിക്കുള്ളിലെ എതിരാളികൾ പോലും അംഗീകരിക്കുന്നു. പി.വി. അൻവർ കോണ്‍ഗ്രസിനു മുന്‍പാകെ കടുത്ത ഉപാധികൾ വച്ചു വില പേശിയപ്പോൾ അൻവറിനെ പരസ്യമായി തള്ളി കോണ്‍ഗ്രസിന്റെ അഭിമാനം കാത്ത നേതാവായാണ് ഇപ്പോൾ സതീശനെ പാർട്ടിക്കാർ കാണുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നെങ്കിൽ സതീശന്റെ രാഷ്ട്രീയഭാവി തന്നെ അപകടത്തിലാകുമായിരുന്നു. സതീശൻ ആ റിസ്ക് ഏറ്റെടുത്തുകൊണ്ട് ശക്തമായ ഒരു തീരുമാനമെടുത്തു. റിസ്ക് എടുക്കുന്നവർക്കു കൂടുതൽ ഫലം കിട്ടുമെന്ന സാമാന്യതത്വം നോക്കിയാൽ സതീശന്റെ നേതൃത്വം പാർട്ടിയിലും മുന്നണിയിലും ഒന്നുകൂടി ഉറച്ചു. അൻവറിന്റെ പിന്തുണയോടെ യുഡിഎഫ് വിജയിച്ചിരുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് അൻവറിനാകുമായിരുന്നു. ഈ വിജയം യുഡിഎഫിനു മാത്രം അവകാശപ്പെട്ടതാണ്.
യുഡിഎഫ് വിജയത്തിൽ ലീഗിന്റെ സംഭാവന ചെറുതല്ല. തങ്ങളുടെ തട്ടകമായ മലപ്പുറം ജില്ലയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നല്ല വിജയം ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതു തങ്ങളുടെ സാധ്യതകളെക്കൂടി ബാധിക്കുമെന്ന തിരിച്ചറിവ് ലീഗിനുണ്ടായിരുന്നു. പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതൃനിര സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. അതിന്റെ ഗുണം യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു എന്നതിൽ സംശയമില്ല.
കരുത്തു കാട്ടി അൻവർ
നിലപാടുകളിലെ ചാഞ്ചല്യം അൻവറിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിച്ചു എന്നു പറയുന്പോഴും തന്നെ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് പി.വി. അൻവർ തെളിയിച്ചു. രണ്ടു മുന്നണികൾ തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ 11.23 ശതമാനം വോട്ടുകൾ നേടുക എന്നതു നിസാരമല്ല. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയിരുന്നത് ആര്യാടൻ ഷൗക്കത്തിന് 80,000 വോട്ടുകൾ ലഭിക്കുമെന്നാണ്. അവർക്ക് 77,737 വോട്ടുകൾ ലഭിച്ചു. അവരുടെ വോട്ടുകൾ ഏറെക്കുറെ പൂർണമായി അവർക്കു ലഭിച്ചു എന്നു മനസിലാക്കാം. അൻവറിനു ലഭിച്ചത് ഭരണവിരുദ്ധ വോട്ടുകൾതന്നെ എന്ന് ഉറപ്പാണ്. ഇരുപതിനായിരത്തോളം വരുന്ന അൻവറിന്റെ വോട്ടുകൾകൂടി കണക്കാക്കിയാൽ ഭരണവിരുദ്ധ വോട്ടുകളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്. മലയോര ജനതയുടെ സർക്കാർ വിരുദ്ധ പ്രതികരണങ്ങളും അൻവറിനെ സഹായിച്ചതായി കരുതണം.
അൻവറിനെ തള്ളാതെ സൂക്ഷിച്ചായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുതലുള്ള നേതാക്കളുടെ പ്രതികരണങ്ങൾ. അൻവറും യുഡിഎഫിനെ നോവിക്കാതെ പരമാവധി സൂക്ഷിച്ചു. യുഡിഎഫ് ഇല്ലെങ്കിൽ മാത്രമേ മറ്റു വഴികൾ നോക്കുകയുള്ളൂ എന്നാണ് അൻവർ ഇന്നലെ പ്രതികരിച്ചത്. ഏതായാലും ഇക്കാര്യത്തിൽ യുഡിഎഫിൽ കൂടുതൽ ചർച്ചകൾ വേണ്ടി വരും. കാരണം, അൻവറിന്റെ കാര്യത്തിൽ യുഡിഎഫിലും കോണ്‍ഗ്രസിലും പല അഭിപ്രായക്കാരുണ്ട്.
ഇനി പുതിയ മുദ്രാവാക്യങ്ങൾ
മൂന്നാം ഇടതുസർക്കാർ എന്ന മുദ്രാവാക്യം സിപിഎമ്മും ഇടതുമുന്നണിയും അതിശക്തമായി പ്രചരിപ്പിച്ചു വരുന്പോഴാണ് നിലന്പൂരിലെ പരാജയം. ഇനി ആ മുദ്രാവാക്യത്തിനു ശക്തിയില്ല. രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമൊക്കെ ഈയിടെയായി പറഞ്ഞുവരുന്ന നൂറു സീറ്റിന്റെ വിജയം എന്ന് പ്രചാരണവാക്യമായിരിക്കും ഇനി കൂടുതലായി ഉയർന്നു കേൾക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും പത്തു മാസത്തിലേറെയുണ്ട്. നിലന്പൂരിന്റെ പരിക്കു മാറ്റാൻ ഇടതുപക്ഷത്തിന് ആവശ്യത്തിനു സമയമുണ്ട്. ഏതായാലും എൽഡിഎഫിന്റെ മൂന്നാം സർക്കാർ എന്ന സ്വപ്നത്തിനു വലിയ തിരിച്ചടിയാണ് നിലന്പൂരിലെ കനത്ത പരാജയം.
ഒരുമിച്ചു നിന്നാൽ
ഒരുമിച്ചു നിന്നാൽ വിജയം സാധ്യം എന്ന സന്ദേശമാണ് ജനങ്ങൾ യുഡിഎഫിന് ഒരിക്കൽകൂടി നൽകിയിരിക്കുന്നത്. തമ്മിൽത്തല്ലി നിന്നാൽ ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമെന്ന ഭയമാണ് കോണ്‍ഗ്രസിലെ നേതാക്കളെയും യുഡിഎഫിനെയും ഇപ്പോൾ ഒരുമിപ്പിച്ചിരിക്കുന്നത്. യുഡിഎഫിലെ യുവനേതാക്കൾക്കു മുന്നണിക്കു ചുറുചുറുക്കും ആവേശവും പകർന്നുനൽകാൻ സാധിച്ചിട്ടുണ്ട്. നിലന്പൂരിൽതന്നെ ആര്യാടൻ ഷൗക്കത്തിനു നറുക്കു വീണപ്പോൾ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി നൽകിയ പിന്തുണ ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസിൽ ഇതു പതിവുള്ളതല്ല. അതുകൊണ്ടുതന്നെ ഷൗക്കത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് വി.എസ്. ജോയിക്കുകൂടിയുള്ളതാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ പരീക്ഷിക്കുന്ന പ്രചാരണരീതിയും തന്ത്രവും പൊതുതെരഞ്ഞെടുപ്പുകളിൽ പ്രായോഗികമല്ല. കാരണം നിലന്പൂരിനെ ഇളക്കിമറിച്ച യുവനേതാക്കളിൽ ഷാഫി പറന്പിൽ, ഹൈബി ഈഡൻ തുടങ്ങി പാർലമെന്റ് അംഗങ്ങളായ അപൂർവം പേർ ഒഴികെയുള്ളവരെല്ലാവരുംതന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകും. അവർ അവരവരുടെ മണ്ഡലങ്ങളിൽ ഒതുങ്ങിനിൽക്കും. അപ്പോഴേക്കും താഴേത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനം ഒരുക്കിയെങ്കിൽ മാത്രമേ സുശക്തമായ സംഘടനാ സംവിധാനങ്ങളുള്ള സിപിഎമ്മിനോടും ബിജെപിയോടും പിടിച്ചു നിൽക്കാനാകൂ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തിന്റെ ശ്രദ്ധ ഇനി ഇക്കാര്യത്തിലാകുമെന്നു കരുതാം.
അപ്രസക്തമായി എൻഡിഎ
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനു ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു കാര്യമായ സാന്നിധ്യമറിയിക്കാൻ സാധിച്ചില്ല. നിലന്പൂർ പാർട്ടിയുടെ ശക്തികേന്ദ്രമല്ല എന്നതു വസ്തുതയാണ്. എങ്കിലും വളരുന്ന പാർട്ടി എന്നവകാശപ്പെടുന്ന ബിജെപി നിലന്പൂരിൽ പിന്നോട്ടു പോകുന്നതാണു കണ്ടത്. 2021ൽ 4.96 ശതമാനം വോട്ട് നേടിയ അവർക്ക് ഇത്തവണ കിട്ടിയത് 4.91 ശതമാനം. 2016ൽ എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് മത്സരിച്ചപ്പോൾ 7.56 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ 53 വോട്ടുകൾ അധികം നേടിയെന്നു വേണമെങ്കിൽ അവകാശപ്പെടാം.
നിലന്പൂരിൽ മത്സരിക്കുന്നില്ലെന്ന തുടക്കത്തിലെ നിലപാട് രാഷ്ട്രീയമായി ഗുണകരമായിരുന്നില്ല. പിന്നീട് കേരള കോണ്‍ഗ്രസുകാരനെ ബിജെപിയാക്കി മത്സരിപ്പിച്ചപ്പോൾ ലക്ഷ്യംവച്ചത് എന്തെന്നും വ്യക്തമായിരുന്നു. അതൊന്നും വോട്ടർമാർക്കിടയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്നത് ബിജെപിക്കും ഒരു പാഠമാകേണ്ടതാണ്.
Editorial
ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണത്തിൽ മാറ്റമുണ്ടാക്കില്ലെങ്കിലും നിലന്പൂർ ഉപതെരഞ്ഞെടുപ്പ്, രാഷ്ട്രീയത്തിലെ തത്സ്ഥിതി പ്രതിഫലിപ്പിക്കും. ഒന്നാമത്, ജനത്തിന് എൽഡിഎഫ് സർക്കാരിലുള്ള അതൃപ്തിയെ മറികടക്കാൻ പ്രചാരണങ്ങൾക്കായില്ല. രണ്ടാമത്, വർഗീയ പ്രീണനങ്ങളെയും മതമൗലികവാദത്തെയുമൊന്നും കൈവിടാനുള്ള മതേതര വളർച്ച ഇടതിനും വലതിനും ഇനിയുമുണ്ടായിട്ടില്ല.
മൂന്നാമത്, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ വന്യജീവി ആക്രമണത്തിലെ നിഷ്ക്രിയത, അമിത പ്രതീക്ഷയില്ലെങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് മലയോര മണ്ഡലങ്ങളെ നിർബന്ധിതരാക്കും. തീർന്നില്ല, ആശമാരെപ്പോലെയുള്ള ഹതഭാഗ്യരോടുള്ള സർക്കാർ നിന്ദ, നിർണായക സമയങ്ങളിൽ തിരിഞ്ഞുകൊത്തും.
പി.വി. അൻവർ തനിച്ചു നേടിയ 19,760 വോട്ടിലേറെയും യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ ദൗർബല്യ സൂചനയാണ്. നിലന്പൂർ എല്ലാക്കാര്യത്തിലും നേർക്കണ്ണാടിയല്ല. പക്ഷേ, മുന്നറിയിപ്പാണ്. മുഖ്യമന്ത്രിയോടു വിയോജിച്ച് ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്ന പി.വി. അൻവർ രാജിവച്ചതാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. അദ്ദേഹത്തിന് 77,737 വോട്ടുകളും എൽഡിഎഫിലെ എം. സ്വരാജിന് 66,660 വോട്ടും ലഭിച്ചു. യുഡിഎഫും എൽഡിഎഫും എഴുതിത്തള്ളിയ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് 19,760 വോട്ട് ലഭിച്ചത് അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനും മുകളിലായി.
അൻവറിന്റെ വാറോലകൾക്കു വഴങ്ങാതെ തെരഞ്ഞെടുപ്പ് നേരിടാനായത് യുഡിഎഫിന്റെ നേട്ടമായി പറയാവുന്നതാണ്. പക്ഷേ, പിണറായി വിജയനെ പരസ്യമായെതിർത്ത്എൽഡിഎഫിൽനിന്നു പുറത്തുവന്ന അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ തന്ത്രജ്ഞത ഇല്ലാതെപോയി. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കാല് ലക്ഷം കടന്നേനെ എന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കുറ്റബോധമല്ലെങ്കിൽ നഷ്ടബോധമുണ്ട്.
ഇത്രയും വോട്ട് കിട്ടിയ അൻവറിനെ തള്ളാന്‍ കഴിയില്ലല്ലോയെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകളിലും ദൃഷ്ടാന്തമുണ്ട്. അൻവറിനെ തള്ളിയതിൽ ആദർശമൊന്നും പറയാനില്ല; പ്രത്യേകിച്ചും മതമൗലികവാദ നിഴലിലുള്ള ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെ ആലിംഗനം ചെയ്തു നിൽക്കുന്പോൾ. വിജയത്തിലുള്ള ആത്മവിശ്വാസക്കുറവാകാം ആ കൂട്ടുകെട്ടിനു യുഡിഎഫിനെ പ്രേരിപ്പിച്ചത്.
എങ്കിൽ, ഭേദം അൻവറല്ലായിരുന്നോ എന്ന ചോദ്യം മതേതര കേരളത്തിനുണ്ട്. പിഡിപിയും അഖില ഭാരത ഹിന്ദുമഹാസഭയും എൽഡിഎഫിനെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ഇതൊന്നും പ്രതിരോധിക്കാനാവില്ല. ശുദ്ധ മതേതരത്വമെന്ന ഇടതു-വലതു രാഷ്ട്രീയ നുണകൾ നിലന്പൂരിൽ നിലംപരിശായി.
വന്യജീവി ആക്രമണം കേരളത്തെ വിഴുങ്ങുന്പോഴും ഒന്നും ചെയ്യാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള മുന്നറിയിപ്പും നിലന്പൂരിലുണ്ട്. യുഡിഎഫിന് വോട്ട് നേടിക്കൊടുത്തതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനും ചെറുതല്ലാത്ത പങ്കുണ്ട്. വിഷയത്തിന്റെ ഗൗരവം അൻവറിനു മനസിലായെന്നു തോന്നുന്നു.
മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഗണിക്കാതെ 2026ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്നു കരുതിയാൽ നടക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അറുപതിലധികം നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾക്ക് വന്യജീവി ആക്രമണം ജീവൽപ്രശ്നമാണ്. വിഷയം പരിഹരിക്കാനുള്ള ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടു പോകാൻ ശ്രമിക്കുമെന്നും മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1972ലെ വനം-വന്യജീവി നിയമത്തെ തള്ളിയും തള്ളാതെയും ഉരുളുന്ന കോൺഗ്രസിൽ അമിത പ്രതീക്ഷയില്ലെങ്കിലും എൽഡിഎഫിൽ മലയോര കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വനനിയമം മാറ്റില്ലെന്ന് ആവർത്തിക്കുന്നതിലൂടെ വന്യജീവി ആക്രമണത്തിൽ മൃഗപക്ഷത്താണെന്ന് ബിജെപിയും തെളിയിച്ചു.
അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മ, പിൻവാതിൽ നിയമനങ്ങൾ, സാന്പത്തിക കെടുകാര്യസ്ഥത, ധൂർത്ത്, നിസഹായരായ ആശമാരോടുപോലുമുള്ള സർക്കാർ-പാർട്ടി ധാർഷ്ട്യം, വനംവകുപ്പിന്റെ സമാന്തര ഭരണം, കാർഷികത്തകർച്ച, വിളകളുടെ സംഭരണവില യഥാസമയം കൊടുക്കാത്തത്... തുടങ്ങിയവയൊക്കെ എൽഡിഎഫിനെ തുറിച്ചുനോക്കുന്നുണ്ട്.
തിരുത്തുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയം, കൊടുക്കൽ വാങ്ങലുകളുടെയും വർഗീയ ബാന്ധവങ്ങളുടെയം കുതിരക്കച്ചവടത്തിന്റെയുമൊക്കെ എൻജിനിയറിംഗായി മാറിയിട്ടുണ്ട്. പക്ഷേ, ജനക്ഷേമ നയങ്ങളും സുതാര്യതയും ജനാധിപത്യ-മതേതര നിലപാടുകളും മുറുകെപ്പിടിക്കുന്ന ഒരു സംശുദ്ധ രാഷ്ട്രീയവുമുണ്ട്. നിലന്പൂരിൽ അതായിരുന്നോയെന്നും 2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്നും പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം.
Kerala
മലപ്പുറം: നിലന്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേർ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടർമാരിൽ 81,007 ഉം 1,18,750 സ്ത്രീകളിൽ 93,658 ഉം എട്ട് ട്രാൻസ്ജെൻഡേഴ്സിൽ രണ്ടു പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ 23ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ശേഷം 263 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ ചുങ്കത്തറയിൽ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ മാർത്തോമ സ്കൂളിലെ സ്ട്രോംഗ് റൂമിൽ പൂട്ടി സീൽ ചെയ്തു. കേന്ദ്രസേന, സംസ്ഥാന സായുധ സേന, സംസ്ഥാന പോലീസ് എന്നിവയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. 29 വീതം കൗണ്ടിംഗ് സൂപ്രവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സ്റ്റാഫ് എന്നിവരെയും ഏഴ് എആർഒമാരെയും കൗണ്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ ആകെ 123 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്.