Kerala
പരവൂര്: ട്രെയിനിലെ എസി കോച്ചിനുള്ളില് കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തിയ സംഭവത്തില് ഇന്ത്യന് റെയില്വേ അന്വേഷണം ആരംഭിച്ചു.
യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന പ്രവൃത്തിയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു.
എസി കോച്ചിലെ മുകളിലെ ബര്ത്തില് ഇരുന്നാണ് ഒരു യാത്രക്കാരന് കത്തിച്ചുവച്ച വിളക്കും ചന്ദനത്തിരികളും ഉപയോഗിച്ച് പൂജ നടത്തിയത്.
വീഡിയോ പങ്കുവച്ച അക്കൗണ്ട് കണ്ടെത്താന് ശ്രമം
വീഡിയോ ആദ്യം പങ്കുവച്ച സോഷ്യല് മീഡിയ അക്കൗണ്ട് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മുതിര്ന്ന റെയില്വേ ഉദ്യോഗസ്ഥന് അറിയിച്ചു. അക്കൗണ്ട് കണ്ടെത്തുന്നതോടെ ട്രെയിനും യാത്രക്കാരനെയും തിരിച്ചറിഞ്ഞ് നിയമനടപടികള് സ്വീകരിക്കും.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജ്വലനശേഷിയുള്ള വസ്തുക്കള് ട്രെയിനില് കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പിഴ തുക റെയില്വേ അടുത്തിടെ വര്ധിപ്പിച്ചിരുന്നു.
Kerala
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും. ഹരിയാനയിലെ ജിംഗ്-സോണിപത് റൂട്ടിലാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നത്. പരിസ്ഥിതിമലീനികരണം പൂർണമായി ഒഴിവാക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിനിന്റെ പരീക്ഷണയോട്ടം റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഒന്നാമൻ
ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഹൈഡ്രജൻ ട്രെയിനുകൾക്ക് വൈദ്യുത ലൈനുകളുടെ ആവശ്യമില്ല. ഡീസൽ ട്രെയിനുകളെപ്പോലെ പുകയും പുറന്തള്ളുന്നില്ല.
ട്രെയിനിലെ ഡൈവിംഗ് പവർ കാറുകളിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളിലേക്ക് ഉയർന്ന മർദത്തിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനും കടത്തിവിടും. ഇവ സംയോജിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നമായി ജലബാഷ്പം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. അതുകൊണ്ട് ഈ ട്രെയിനുകൾ നൂറു ശതമാനം പരിസ്ഥിതിസൗഹൃദമാണ്.
1200 കിലോവാട്ട് ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റത്തിലാണു ട്രെയിൻ പ്രവർത്തിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും നീളമേറിയതും ഏറ്റവും ശക്തവുമായ ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചിട്ടുള്ളത്.
ട്രെയിൻഘടന
മൊത്തം പത്തു കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതിൽ എട്ട് പാസഞ്ചർ കോച്ചുകളും രണ്ട് ഡൈവിംഗ് പവർ കാറുകളും ഉൾപ്പെടുന്നു. ട്രെയിനിൽ മൊത്തം 682 സീറ്റുകളുണ്ട്. ഒരേസമയം 2000 യാത്രക്കാരെവരെ വഹിക്കാനാകും.
വേഗത
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. മൊത്തം 2400 കിലോവാട്ട് പവർ ഉത്പാദിക്കാൻ ഈ ട്രെയിനിനാകും.
സർവീസ് എവിടെ
ഉത്തരറെയിൽവേയുടെ കീഴിലുള്ള ജിംഗ്-സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മൊത്തം 89 കിലോമീറ്റർ രണ്ട് മണിക്കൂർ കൊണ്ട് ട്രെയിൻ പിന്നിടും. ഒരുദിവസം രണ്ടു റൗണ്ട് ട്രിപ്പുകളായി (356 കിലോമീറ്റർ) സർവീസ് നടത്താൻ ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ആവശ്യമായി വരും. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ ഈമാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.
Kerala
പരവൂർ: പൈപ്പ് ലൈൻ വഴിയുള്ള ശുദ്ധമായ കുടിവെള്ള ലഭ്യത വലിയ വെല്ലുവിളിയായി തുടരുന്ന റെയിൽവേ സ്റ്റേഷനുകളിലും അനുബന്ധ മേഖലകളിലും വായുവിൽനിന്നു വെള്ളം ഉത്പാദിപ്പിക്കുന്ന അത്യാധുനിക സംവിധാനം സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിൽനിന്ന് നേരിട്ട് ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കുന്ന അന്തരീക്ഷ ജല ജനറേറ്ററുകൾ (അറ്റ്സ് മോസ്ഫെറിക് വാട്ടർ ജനറേറ്റേഴ്സ്) വിന്യസിക്കാനുള്ള ശ്രമങ്ങളാണു റെയിൽവേ ബോർഡ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജലക്ഷാമം നേരിടുന്നതും ശുദ്ധജല വിതരണം അത്യാവശ്യമായതുമായ സ്ഥലങ്ങൾ അടിയന്തരമായി തിരിച്ചറിയാൻ വിവിധ റെയിൽവേ സോണുകൾ, ഉത്പാദന യൂണിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയോടു റെയിൽവേ ബോർഡ് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
നൂതനവും പൂർണമായും പരിസ്ഥിതി സൗഹൃദവുമായ ഒരു സാങ്കേതികവിദ്യയാണ് അന്തരീക്ഷ ജല ജനറേറ്ററുകൾ. പരമ്പരാഗത ജലസ്രോതസുകളായ കിണറുകൾ, പുഴകൾ, ഭൂഗർഭ ജലം എന്നിവയെ ആശ്രയിക്കാതെ ചുറ്റുമുള്ള വായുവിനെ ആഗിരണം ചെയ്ത് അതിലെ ഈർപ്പം ഘനീഭവിപ്പിച്ചാണ് ഈ സംവിധാനം കുടിവെള്ളം നിർമിക്കുന്നത്.
തുടർന്ന് വിവിധ ഘട്ടങ്ങളിലെ ഫിൽട്ടറേഷൻ പ്രക്രിയയിലൂടെ ഇതിനെ പൂർണമായും ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുന്നു. സുസ്ഥിര ജല മാനേജ്മെന്റിനെ പിന്തുണയ്ക്കാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും.
Kerala
പരവൂര്: പ്രതിദിന സ്ഥിരം യാത്രക്കാരുടെ ദീര്ഘനാളത്തെ ആവശ്യങ്ങള്ക്ക് പരിഹാരവുമായി റെയില്വേ. കേരളത്തിലൂടെ സര്വീസ് നടത്തുന്ന സുപ്രധാന ട്രെയിനുകളില് കോച്ചുകളുടെ എണ്ണം വര്ധിപ്പിച്ചും സ്റ്റോപ്പുകള് പുനഃസ്ഥാപിച്ചും യാത്രക്കാര്ക്ക് കൂടുതല് യാത്രാസൗകര്യങ്ങള് ഒരുക്കുന്നതായി റെയില്വേ മന്ത്രാലയം വാര്ത്താക്കുറിപ്പില് അറിയിച്ചു.
ട്രെയിന് നമ്പര് 66609 പാലക്കാട് - എറണാകുളം ജംഗ്ഷന് മെമു ട്രെയിന് നമ്പര് 66610 എറണാകുളം ജംഗ്ഷന് - പാലക്കാട് മെമു എന്നിവ ഇനി മുതല് 12 കോച്ചുകളോടെയാകും ഓടുക. പാലക്കാട് - എറണാകുളം റൂട്ടില് സര്വീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി കോച്ചുകളുടെ എണ്ണം വര്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന എട്ട് കാര് റേക്കുകള്ക്ക് പകരം ഇനി മുതല് 12 കാര് റേക്കുകളുമായാകും ഈ ട്രെയിന് സര്വീസ് നടത്തുക. മേയ് 24 മുതല് ഈ മാറ്റം നിലവില് വന്നു.
ഐലന്ഡ് എക്സ്പ്രസിന് ബെംഗളൂരു ഈസ്റ്റില് സ്റ്റോപ്പ്
കന്യാകുമാരിയില് നിന്നും ബംഗളൂരുവിലേക്ക് സര്വീസ് നടത്തുന്ന ഐലന്ഡ് എക്സ്പ്രസിന്റെ ബംഗളൂരു ഈസ്റ്റ് സ്റ്റേഷനിലെ സ്റ്റോപ്പ് റെയില്വേ പുനഃസ്ഥാപിച്ചു. മേയ് 25 മുതല് ഇത് നിലവില് വന്നു. പുതിയ സമയക്രമം അനുസരിച്ച് ട്രെയിന് നമ്പര് 16525 കന്യാകുമാരി - കെഎസ്ആര് ബംഗളൂരു ഐലന്ഡ് എക്സ്പ്രസ് രാവിലെ 06.22-ന് ബെംഗളൂരു ഈസ്റ്റില് എത്തുകയും ഒരു മിനിറ്റിന്റെ സ്റ്റോപ്പിനുശേഷം 06.23ന് പുറപ്പെടുകയും ചെയ്യും.
മഡ്ഗാവ എക്സ്പ്രസില് കോച്ച് കൂട്ടി
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മഡ്ഗാവ് - എറണാകുളം ജംഗ്ഷന് - മഡ്ഗാവ് വീക്കിലി എക്സ്പ്രസില് ഒരു എസി 3-ടയര് കോച്ച് സ്ഥിരമായി വര്ധിപ്പിച്ചു.
ട്രെയിന് നമ്പര് 10215 മഡ്ഗാവ് - എറണാകുളം എക്സ്പ്രസില് 24 മുതലും, ട്രെയിന് നമ്പര് 10216 എറണാകുളം - മഡ്ഗാവ് എക്സ്പ്രസില് 25 മുതലും പുതിയ എസി കോച്ച് ലഭ്യമായിത്തുടങ്ങി. ഇതോടെ മുന്പ് 20 എല്എച്ച്ബി കോച്ചുകളുമായി ഓടിയിരുന്ന ഈ ട്രെയിന് ഇനി മുതല് 21 കോച്ചുകളോടെ സര്വീസ് നടത്തും.
Kerala
പരവൂര്: റെയില്വേ സ്റ്റേഷനുകളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനും യാത്രക്കാര്ക്കു സമാധാനപരമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനുമായി ഇന്ത്യന് റെയില്വേ എന്ഫോഴ്സ്മെന്റ് നടപടികള് ശക്തമാക്കി.
ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മാലിന്യം തള്ളുന്നവര്ക്കെതിരേയും രാത്രികാലങ്ങളില് സഹയാത്രികര്ക്ക് ശല്യമുണ്ടാക്കുന്നവര്ക്കെതിരേയും കര്ശന നിയമനടപടികള് സ്വീകരിക്കാനാണ് റെയില്വേയുടെ തീരുമാനം.
ശുചിത്വ കാര്യങ്ങളില് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു റെയില്വേ സ്വീകരിക്കുന്നത്. വെസ്റ്റേണ് റെയില്വേയില് മാത്രം കഴിഞ്ഞ ഏപ്രിലില് ട്രെയിനിലും പരിസരത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 2,657 പേരെയാണു പിടികൂടിയത്. കഴിഞ്ഞ വര്ഷം ഇത് വെറും 227 ആയിരുന്നു. പിഴത്തുകയിലും 13 ഇരട്ടി വര്ധനയുണ്ടായി. 42,050 രൂപയില്നിന്ന് 5.37 ലക്ഷമായാണ് പിഴത്തുക ഉയര്ന്നത്.
സിസിടിവി നിരീക്ഷണം ശക്തമാക്കിയതും കൂടുതല് ഉദ്യോഗസ്ഥരെ വിന്യസിച്ചതുമാണു നിയമ ലംഘകരെ പിടികൂടാന് സഹായിച്ചത്. റെയില്വേ ആക്ട് സെക്ഷന് 198 പ്രകാരം സീറോ ടോളറന്സ് നയമാണ് അധികൃതര് പിന്തുടരുന്നത്. മണ്സൂണ് കാലത്ത് മാലിന്യങ്ങള് ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുന്നത് ഒഴിവാക്കാന് ഇത്തരം നടപടികള് അത്യാവശ്യമാണെന്ന് റെയില്വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര് അറിയിച്ചു.
രാത്രി 10 മുതല് രാവിലെ ആറ് വരെയുള്ള സമയത്ത് യാത്രക്കാര് പാലിക്കേണ്ട നിബന്ധനകള് റെയില്വേ വീണ്ടും ഓര്മിപ്പിച്ചു. ഫോണിലൂടെ ഉച്ചത്തിലുള്ള സംസാരവും സ്പീക്കറില് പാട്ട് കേള്ക്കുന്നതും നിരോധിച്ചു. യാത്രക്കാര് നിര്ബന്ധമായും ഇയര്ഫോണുകള് ഉപയോഗിക്കണം.
രാത്രി 10നു ശേഷം മിഡില് ബര്ത്ത് റിസര്വ് ചെയ്ത യാത്രക്കാര്ക്കായി വിട്ടുകൊടുക്കണം. ഉറക്കത്തിനു തടസമാകുന്ന തരത്തിലുള്ള വെളിച്ചം ഒഴിവാക്കി നൈറ്റ് ലൈറ്റുകള് മാത്രം ഉപയോഗിക്കണം. രാത്രി 10നു ശേഷം ട്രെയിനില് കയറുന്നവരൊഴികെ മറ്റുള്ളവരുടെ ടിക്കറ്റ് പരിശോധന ഒഴിവാക്കാന് ടിടിഇമാര്ക്കു നിര്ദേശം നല്കിയിട്ടുണ്ട്.
രാത്രിയാത്രയില് ഭക്ഷണത്തിനായി ഇ കാറ്ററിംഗ് വഴി മുന്കൂട്ടി ഓര്ഡര് ചെയ്യാന് യാത്രക്കാര് ശ്രദ്ധിക്കണമെന്നും അധികൃതര് നിര്ദേശിച്ചു. ഈ നിര്ദേശങ്ങള് അടങ്ങിയ പ്രത്യേക അടിയന്തര സര്ക്കുലര് റെയിൽ മന്ത്രാലയം എല്ലാ സോണല് മേധാവികള്ക്കും കൈമാറിയിട്ടുണ്ട്.
Kerala
പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത മേഖലയെ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനായി ജർമൻ സാങ്കേതിക ഭീമനായ സീമെൻസ് മൊബിലിറ്റി ആദ്യത്തെ ലോക്കോമോട്ടീവുകൾ കൈമാറി. 1,200 ഇലക്ട്രിക് ചരക്ക് ലോക്കോമോട്ടീവുകൾ നിർമിച്ചു നൽകുന്നതിനുള്ള മൂന്ന് ബില്യൺ യൂറോയുടെ (ഏകദേശം 27,000 കോടി രൂപ) ബൃഹത്തായ കരാറിലെ ആദ്യ ഘട്ടമാണിത്. ലോക്കോമോട്ടീവുകളുടെ അറ്റകുറ്റപ്പണിക്കായി വിശാഖപട്ടണത്ത് സജ്ജമാക്കിയ ആദ്യ മെയിന്റനൻസ് ഡിപ്പോയും കമ്പനി റെയിൽവേയുമായി ചേർന്ന് ഔദ്യോഗികമായി തുറന്നു.
റെയിൽവേയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ലോക്കോമോട്ടീവ് കരാറുകളിൽ ഒന്നാണിത്. 2023 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമായത്. റെയിൽവേ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാൻ ഈ അത്യാധുനിക എൻജിനുകൾ സഹായിക്കുമെന്ന് സീമെൻസ് മൊബിലിറ്റി അധികൃതർ പറഞ്ഞു.
കരുത്തൻ ഡി- ഒമ്പത് ലോക്കോമോട്ടിവുകൾ യൂറോപ്യൻ സ്റ്റാൻഡേർഡ് പ്രകാരം വിജയകരമായി പരീക്ഷിച്ച ആദ്യത്തെ റോളിംഗ് സ്റ്റോക്കാണ് അത്യാധുനിക ഡി-ഒമ്പത് ലോക്കോമോട്ടീവുകൾ. 9,000 എച്ച്പി കരുത്തുള്ള ഇവയ്ക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ചരക്ക് നീക്കം നടത്താൻ സാധിക്കും. 5,800 ടൺ വരെ ഭാരം വലിക്കാനുള്ള ശേഷി ഈ ആറ് ആക്സിൽ ഇലക്ട്രിക് എൻജിനുകൾക്കുണ്ട്. പ്രവചനാത്മക അറ്റകുറ്റപ്പണികൾക്കും മികച്ച പ്രകടനത്തിനുമായി റെയ്ലിജന്റ് എക്സ് പോലുള്ള നൂതന ഡിജിറ്റൽ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെറും നിർമാണം മാത്രമല്ല, 35 വർഷത്തെ പൂർണ സേവന അറ്റകുറ്റപ്പണി കൂടി ഉൾക്കൊള്ളുന്നതാണ് ഈ ലൈഫ് സൈക്കിൾ പങ്കാളിത്ത പദ്ധതി. വിശാഖപട്ടണം കൂടാതെ റായ്പൂർ, ഖരഗ്പൂർ, പൂനെ എന്നിവിടങ്ങളിലും ലോക്കോമോട്ടീവ് ഡിപ്പോകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സ്പെയർ പാർട്സ് മാനേജ്മെന്റ് മുതൽ ഡിജിറ്റൽ നിരീക്ഷണം വരെയുള്ള സേവനങ്ങൾ സീമെൻസ് മൊബിലിറ്റി നേരിട്ടാണ് നിർവഹിക്കുന്നത്.
നിലവിൽ രാജ്യത്തെ ചരക്ക് ഗതാഗതത്തിൽ റെയിൽവേയുടെ പങ്ക് 27 ശതമാനമാണ്. ഇത് 40-45 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡ് വഴിയുള്ള ചരക്ക് നീക്കം കുറയ്ക്കാനും അതുവഴി അന്തരീക്ഷത്തിലെ മലിനീകരണ വായു പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും സാധിക്കും. പൂർണമായും വൈദ്യുതീകരിക്കപ്പെട്ട റെയിൽവേ ശൃംഖല എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുന്ന വേളയിൽ സീമെൻസിന്റെ ഈ സഹകരണം നിർണായകമാണ്.
National
ന്യൂഡൽഹി: ഉപയോഗശൂന്യമായ ആക്രിവസ്തുക്കളുടെ വില്പനയിലൂടെ റെയിൽവേ കഴിഞ്ഞ സാന്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയിൽവേയുടെ നേട്ടം.
2024- 25 സാന്പത്തികവർഷം റെയിൽവേ ഈയിനത്തിൽ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
യാർഡുകളിലും വർക്ക്ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന പാഴ്വസ്തുക്കൾ നീക്കംചെയ്യുന്നതുവഴി സാന്പത്തികലാഭം ഉണ്ടാകുന്നതു മാത്രമല്ല, റെയിൽവേ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം ടിക്കറ്റ് ഇതര വരുമാനത്തിലും റെയിൽവേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. 2021-22ൽ വെറും 290 കോടി രൂപയായിരുന്ന ഇത്തരം വരുമാനം അഞ്ചു വർഷത്തിനുള്ളിൽ 168 ശതമാനത്തോളം വർധിച്ച് 777.76 കോടി രൂപയിലെത്തി.
പരസ്യങ്ങൾ, റെയിൽവേ ആസ്തികൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് നൽകുക എന്നിവയ്ക്കൊപ്പം മറ്റുചില സേവനങ്ങളും അധിക വരുമാനത്തിനായി റെയിൽവേ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകളുടെ 22 ഔട്ലെറ്റുകൾ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചു. കൂടാതെ മൾട്ടിലെവൽ പാർക്കിംഗ്, മെഡിക്കൽ സെന്ററുകൾ, നഴ്സിംഗ് പോഡുകൾ, ഡിജിറ്റൽ ലോഞ്ചുകൾ, അതിവേഗ വൈഫൈ, ഹെൽത്ത് കിയോസ്കുകൾ, ഗെയിമിംഗ് സോണുകൾ തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഒരുക്കി യാത്രക്കാർക്കു മികച്ച സേവനം നൽകി സാന്പത്തിക ഭദ്രത ഉറപ്പാക്കാനും റെയിൽവേ ശ്രമിക്കുന്നുണ്ട്.
Kerala
പരവൂര്: ട്രെയിന് യാത്രക്കാര്ക്ക് ഭക്ഷണസാധനങ്ങള് അമിതവില ഈടാക്കി വിറ്റ സംഭവത്തില് പാന്ട്രി ജീവനക്കാര്ക്കെതിരേ കര്ശന നടപടിയുമായി ഐആര്സിടിസി.
ഡല്ഹി-അമൃത്സര് ഇന്റെര്സിറ്റി എക്സ്പ്രസിലെ പാന്ട്രി കാര് മാനേജര് ഉള്പ്പെടെയുള്ള ജീവനക്കാരെയാണ് റെയില്വേ ജോലിയില് നിന്ന് പുറത്താക്കിയത്. റെയില്വേ നിശ്ചയിച്ച നിരക്കിനേക്കാള് ഇരട്ടിയിലധികം തുക ഈടാക്കിയതും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതും സോഷ്യല് മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് അധികൃതരുടെ നടപടി.
യാത്രക്കാരന് ഇന്സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് വന് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അഞ്ച് രൂപയുടെ ചായയ്ക്ക് പത്ത് രൂപയും പത്ത് രൂപയുടെ കാപ്പിക്ക് ഇരുപത് രൂപയുമാണ് ഇവര് വാങ്ങിയിരുന്നത്.
14 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ ഈടാക്കി. ചായയുടെ വില ചോദിച്ചപ്പോള് കുറഞ്ഞ വിലയിലുള്ളത് ചോദിക്കാത്തത് കൊണ്ടാണ് കൂടുതല് പണം വാങ്ങിയതെന്ന വിചിത്രമായ ന്യായീകരണമാണ് ജീവനക്കാര് നല്കിയത്.
ബിരിയാണിക്കൊപ്പം നല്കേണ്ട സാലഡ്, തൈര് എന്നിവ ഒഴിവാക്കിയും അമിതവില വാങ്ങിയിരുന്നു.
സംഭവം വിവാദമായതോടെ ഐആര്സിടിസി എക്സിലൂടെ യാത്രക്കാരനോട് മാപ്പുചോദിച്ചു. ജീവനക്കാരെ പിരിച്ചുവിട്ടതിനു പുറമെകരാറുകാരന് വന് തുക പിഴയും ചുമത്തിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകള് തടയാന് ട്രെയിനുകളില് ഇ-പാന്ട്രി സംവിധാനം ഉടന് നടപ്പിലാക്കുമെന്നും റെയില്വേ അറിയിച്ചു. ഇതോടെ യാത്രക്കാര്ക്ക് ഡിജിറ്റല് സംവിധാനത്തിലൂടെ കൃത്യമായ നിരക്കില് ഭക്ഷണം മുന്കൂട്ടി ബുക്ക് ചെയ്യാന് സാധിക്കും.
സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങള്ക്കെതിരേ കര്ശന നിരീക്ഷണം തുടരുമെന്നും റെയില്വേ അധികൃതര് വ്യക്തമാക്കി.
Kerala
പരവൂർ: കൊങ്കൺ റെയിൽവേ പാതയിൽ ടിക്കറ്റില്ലാത്ത യാത്രക്കാരെയും ക്രമരഹിതമായി യാത്ര ചെയ്യുന്നവരെയും കണ്ടെത്താൻ നടത്തിയ പരിശോധനയിലൂടെ ഫെബ്രുവരിയിൽ മാത്രം 2.41 കോടി രൂപ പിഴയായി ഈടാക്കി.
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് നടത്തിയ 873 പ്രത്യേക പരിശോധനകളിലായി 41,522 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലടക്കമാണ് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തിയത്. ടിക്കറ്റ് നിരക്കിനത്തിലും പിഴയായുമാണ് ഇത്രയും തുക റെയിൽവേ ശേഖരിച്ചത്.
2025–26 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 25.21 കോടി രൂപയാണ് ടിക്കറ്റ് പരിശോധനയിലൂടെ പിഴയായി ലഭിച്ചത്. ഈ കാലയളവിൽ ആകെ 10,368 പ്രത്യേക പരിശോധനാ ഡ്രൈവുകൾ നടത്തി. ഇതിലൂടെ 4,54,849 നിയമലംഘനങ്ങളാണ് റെയിൽവേ അധികൃതർ കണ്ടെത്തിയത്.
വരും മാസങ്ങളിലെ വേനലവധിക്കാല സീസൺ പ്രമാണിച്ച് പാതയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് റെയിൽവേയുടെ തീരുമാനം. അംഗീകൃത ടിക്കറ്റുകൾ കൈവശംവച്ച് മാത്രം യാത്ര ചെയ്യണമെന്നും അല്ലാത്തപക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കൊങ്കൺ റെയിൽവേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ എല്ലാ റൂട്ടുകളിലും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
Kerala
പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു.
തിരുവനന്തപുരം നോര്ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര് - കോഴിക്കോട് പ്രതിദിന പാസഞ്ചര്, പാലക്കാട് - കണ്ണൂര് എക്സ്പ്രസ്, കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്, എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സ്ഥിരം സർവീസായി അനുവദിച്ചത്.
മംഗളൂരു സെന്ട്രല് - കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.ട്രെയിന് നമ്പര് 16313 തിരുവനന്തപുരം നോര്ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്വീസ് തിരുവനന്തപുരം നോര്ത്തില് നിന്ന് മാര്ച്ച് 16 മുതലും ട്രെയിന് നമ്പര് 16314 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോര്ത്ത് അന്ത്യോദയ എക്സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാര്ച്ച് 17 മുതലും ആരംഭിക്കും.
ട്രെയിന് നമ്പര് 56632 കണ്ണൂര് - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്വീസ് കണ്ണൂരില് നിന്ന് മാര്ച്ച് 17 മുതല് ആരംഭിക്കും. ട്രെയിന് നമ്പര് 16611 പാലക്കാട് - കണ്ണൂര് എക്സ്പ്രസിന്റെ സ്ഥിരം സര്വീസ് പാലക്കാട്ട്നിന്ന് മാര്ച്ച് 16 മുതല് ആരംഭിക്കും. ട്രെയിന് നമ്പര് 66328 കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്, ട്രെയിന് മാര്ച്ച് 16 മുതല് സ്ഥിരം സർവീസായി ആരംഭിക്കും.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു സർവീസ് നടത്തുക. ട്രെയിന് നമ്പര് 16363 എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസിന്റെ സ്ഥിരം സര്വീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാര്ച്ച് 18 മുതലും ട്രെയിന് നമ്പര് 16364 വേളാങ്കണ്ണി - എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് വേളാങ്കണ്ണിയില് നിന്ന് മാര്ച്ച് 19 മുതലുമാണ് സ്ഥിരം സർവീസായി ഓടിത്തുടങ്ങുന്നത്.
ട്രെയിന് നമ്പര് 16610 മംഗളൂരു സെന്ട്രല് - കോഴിക്കോട് പ്രതിദിന എക്സ്പ്രസ് മാര്ച്ച് 16 മുതല് പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്, തിരൂര്, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്ണൂര്, ഒറ്റപ്പാലം എന്നിവിടങ്ങളില് സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
പരവൂർ: പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെലവ് ചുരുക്കാനും ലക്ഷ്യമിട്ട് ഡീസൽ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് എൻജിനുകളിലേക്കു മാറാൻ ഒരുങ്ങി റെയിൽവേ. രാജ്യത്ത് അവശേഷിക്കുന്ന 2500 ഓളം ഡീസൽ ലോക്കോമോട്ടീവുകൾകൂടി സർവീസിൽനിന്ന് ഒഴിവാക്കാനാണ് റെയിൽ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്ത് 70,117 റൂട്ട് കിലോമീറ്ററിൽ വൈദ്യുതീകരിക്കാൻ ഇനി വെറും 405 റൂട്ട് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവേ പുതിയ പദ്ധതി ആലോചിക്കുന്നത്. നിലവിൽ ദീർഘദൂര ചരക്ക് സേവനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഡീസൽ ലോക്കോമോട്ടീവുകളെയാണ് പൂർണമായും ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര യാത്രാ സർവീസുകൾ പ്രധാനമായും കേബിളുകളിൽനിന്ന് വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് ട്രെയിനുകളിലേക്ക് മാറിയിട്ടുണ്ട്.
റെയിൽവേ യാർഡിലെ ആവശ്യങ്ങൾക്കും കോച്ചുകൾ പലയിടങ്ങളിലേക്കും മാറ്റുന്നതിനും കുറഞ്ഞ ദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഡീസൽ ലോക്കോമോട്ടീവുകൾ ഒഴിവാക്കുകയാണ് ആദ്യനടപടിയെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കുന്നു. റെയിൽ പാത വൈദ്യുതീകരണം പൂർത്തിയാകാത്തതിനാലും ചില മേഖലകളിൽ വൈദ്യുതീകരണം ഭാഗികമായതിനാലും മാത്രമാണ് ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടി വരുന്നത്.
ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി ബാറ്ററിയുള്ള എൻജിനുകളും റെയിൽവേ ഉപയോഗിക്കുന്നുണ്ട്. 700 കുതിരശക്തിയുള്ള ഡീസൽ എൻജിൻ മാറ്റി ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററി വിജയകരമായി ഘടിപ്പിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ കോൺകോഡ് കൺട്രോൾ സിസ്റ്റംസ് അറിയിച്ചിരുന്നു. ആറ് വർഷം മുമ്പാണ് ലിഥിയം അയേൺ ബാറ്ററി ഘടിപ്പിച്ച ലോക്കോമോട്ടീവുകൾ ഉപയോഗിക്കാൻ റെയിൽവേ തുടങ്ങിയത്.
അത്തരം 10 റെയിൽവേ എൻജിനുകൾ നിർമിക്കാൻ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
3100 കുതിരശക്തിയുള്ള ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ തെർമൽ പവർ കോർപറേഷന് വൈദ്യുതി പ്ലാന്റിലേക്ക് കൽക്കരി എത്തിക്കാനാണ് ഈ ഹൈഡ്രജൻ എൻജിനുകൾ ഉപയോഗിക്കുക.
National
പരവൂർ: ട്രെയിനുകളിൽ അൺ റിസർവ്ഡ് ജനറൽ ടിക്കറ്റുകൾ ഓൺലൈനായി എടുക്കുന്ന യാത്രക്കാർക്കു നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ റെയിൽ വൺ വഴി ടിക്കറ്റുകൾ എടുക്കുന്നവർക്ക് നിരക്കിൽ മൂന്ന് ശതമാനം ഇളവാണ് റെയിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.
2016 ജനുവരി 14 മുതൽ ജൂലൈ 14 വരെയാണ് ആനുകൂല്യം ലഭിക്കുക. റെയിൽ വൺ ആപ്പ് വഴി ടിക്കറ്റുകൾ എടുക്കുന്പോൾ ഏതങ്കിലും ഡിജിറ്റൽ പേമെന്റ് രീതി ഉപയോഗിക്കുന്നവർക്കാണ് ഇളവ് നൽകുക.
ഇതിനായി യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുക, ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കുക എന്നിവയാണ് ഇതു വഴി റെയിൽവേ ലക്ഷ്യമിടുന്നത്.
നിലവിൽ റെയിൽ വൺ ആപ്പിലെ ആർ- വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം കാഷ്ബാക്ക് നൽകുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം മറ്റ് ഡിജിറ്റൽ പേമെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകുന്നതാണ് പുതിയ തീരുമാനം.
Kerala
പരവൂർ: വിദ്യാർഥികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി ചാർട്ടേഡ് ട്രെയിൻ അനുവദിച്ച് റെയിൽവേ. കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽ 22ന് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ നവ സംരംഭകത്വ ഉച്ചകോടിയായ ഐഇഡിസി സമ്മിറ്റ് - 2025 ൽ പങ്കെടുക്കുന്നവർക്ക് ആയി തിരുവനന്തപുരത്തുനിന്നും കാസർഗോഡേക്കും തിരിച്ചുമാണ് ചാർട്ടേഡ് ട്രെയിൻ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടിക്കായി ചാർട്ടേഡ് ട്രെയിൻ അനുവദിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ 22ന് പുലർച്ചെ നാലിന് കാസർഗോഡ് എത്തിച്ചേരും. അന്നേദിവസം രാത്രി 11 30ന് ട്രെയിൻ തിരുവനന്തപുരത്തേക്കും തിരിക്കും. 23ന് ഉച്ചകഴിഞ്ഞ് 2 30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടുകൂടി ട്രെയിൻ യാത്ര അവസാനിക്കും.
ട്രെയിന് കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. ഒരു എസി കോച്ചും 17 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടെ 18 ബോഗികളുള്ള ട്രെയിനിന്റെ ഓരോ ബോഗികളും പ്രത്യേക തീമിന്റെ ഭാഗമായിരിക്കും പ്രസ്തുത തീമിനനുസരിച്ചുള്ള പാനൽ ഡിസ്കഷനുകളും എക്സ്പെർട്ട് ടോക്കുകളും കലാപരിപാടികൾ ഉൾപ്പെടെ ഇതിന്റെ ഭാഗമായി ട്രെയിനിൽ സംഘടിപ്പിക്കും.
ഐഇഡി സി സമ്മിറ്റ് - 2025 നായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിനും ഉള്ള ഒരു വലിയ ഇടം കൂടിയാണ് ഇത്തരം ഒരു ചാർട്ടേഡ് ട്രെയിൻ വരുന്നതോടെ സാധ്യമാകുന്നത്.
സമ്മിറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കായി ഇത്തരമൊരു ട്രെയിൻ സ്പോൺസർ ചെയ്തിരിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്. സമ്മിറ്റിന്റെ ടിക്കറ്റുകൾക്കായി www.iedcsummit.in എന്ന വെബ്സെറ്റ് സന്ദർശിക്കുക.
Sports
ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില് കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്സെടുത്ത നവനീത് വിര്ക് ആണ് റെയില്വേസിന്റെ ടോപ് സ്കോറര്. രവി സിംഗ് 25 റണ്സെടുത്തപ്പോള് ശിവം ചൗധരി 24 റണ്സെടുത്തു.
കേരളത്തിനായി കെ.എം. ആസിഫ് നാലോവറില് 27 റണ്സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള് ഷറഫുദ്ദീനും അഖില് സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്.
ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം വിദ്യാർഥികൾ ട്രെയിനിൽ യാത്രചെയ്യവേയാണ് ഗണഗീതം പാടിയത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
എറണാകുളം - ബംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ടിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും.
National
ചെന്നൈ: സുസ്ഥിര പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടത്തിൽ, രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയിൽവേ വിജയകരമായി പൂർത്തിയാക്കി. ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയിലാണ് ട്രെയിൻ ഓടുന്നത്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യും.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പരീക്ഷണം നടന്നത്.
ഹൈഡ്രജൻ ട്രെയിൻ ടെക്നോളജി വികസിപ്പിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും 1200 കുതിരശക്തി ഹൈഡ്രജൻ ട്രെയിൻ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയായതോടെ, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സ്വീഡൻ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു.
ഒരു ഹൈഡ്രജൻ എഞ്ചിൻ നിർമിക്കുന്നതിന് 80 കോടി രൂപയാണ് ചെലവ്. കൂടാതെ ഓരോ റൂട്ടിനും 70 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനവുമാണ് ചെലവായി കണക്കാക്കുന്നത്. 35 എഞ്ചിനുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ പദ്ധതി. ഈ പദ്ധതിക്കായി ഇന്ത്യൻ റെയിൽവേ 2,800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.