പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഹരിയെ വെള്ളിയാഴ്ച കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയായിരുന്നു ഹരിക്ക്. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.
ചെയർമാൻ എം.ആർ. ബൈജുവിന്റെ വലംകൈയാണ് ഹരി. ചെയർമാനും ഹരിയും ചേർന്നാണ് കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. പിഎസ് സി സെക്രട്ടറി സാജു ജോർജ്ജിനെ ഇന്ന് ചോദ്യം ചെയ്യും.
Tags : Kerala PSC exam irregularities R. Hari arrested court