Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് കാപ്പ തടവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയത് എന്നായിരുന്നു ഹർജിയിലെ വാദം.
സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാപ്പ ചുമത്തിയതിനെ തുടർന്ന് മൂന്നര മാസമായി വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയാണ് സു ഗതൻ. ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
സുഗതൻ സമൂഹത്തിന് ഭീഷണിയാണ് എന്നായിരുന്നു കളക്ടറുടെ ഉത്തരവിൽ പറഞ്ഞത്. സുഗതനെതിരെ എട്ട് വർഷത്തിനിടെ 7 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കൗൺസിലറായ ശേഷവും വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. 2012 മുതൽ ഗുരുതര കേസുകളിൽ പ്രതി യാണ്. 2014 മുതൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ 2023ൽ നിയന്ത്രണ ഉത്തരവ് അടക്കമുളളവ ഏർപ്പെടുത്തിയിരുന്നു.
Kerala
കൊച്ചി: തന്റെ പരാതിയില് നടി ലക്ഷ്മിപ്രിയയ്ക്കും യുട്യൂബ് ചാനലിനുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് പൊലിസ് അട്ടിമറിച്ചെന്നാരോപിച്ച് നടി അന്സിബ ഹസന് വീണ്ടും കോടതിയില്. എല്ലാ പ്രതികളെയും ഉള്പ്പെടുത്തി കേസ് രജിസ്റ്റര് ചെയ്യാന് മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായിരിക്കെ മാനനഷ്ടത്തിന് ലക്ഷ്മിപ്രിയക്കെതിരെ മാത്രമാണ് പാലാരിവട്ടം പൊലിസ് കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്ജി.
പാലാരിവട്ടം എസ്എച്ച്ഒ പി.എസ്. മഞ്ജിത്ലാല് കോടതി ഉത്തരവ് പൂര്ണമായി പാലിച്ചില്ലെന്നും അദ്ദേഹത്തിനെതിരേ നിയമനടപടിയെടുക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും എറണാകുളം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില് അന്സിബ നല്കിയ ഹര്ജിയില് ആവശ്യപ്പെടുന്നു.
യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്ന അന്സിബയുടെ പരാതിയില് കഴമ്പില്ലെന്നും മാനനഷ്ട കേസിനപ്പുറം സാധ്യമല്ലെന്നുമുള്ള പൊലിസിന്റെ നിലപാട് ശരിവച്ചായിരുന്നു നേരെത്ത മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്. ഇതിനെതിരെ അന്സിബ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്ന്ന് വിഷയം പുനപരിശോധിക്കാന് നിര്ദേശമുണ്ടായി. തുടര്ന്നാണ് കേസെടുക്കാനുള്ള ഉത്തരവ് സെപ്റ്റംബര് 25ന് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് ലംഘിച്ച കാര്യം പരിശോധിക്കണമെന്നും എസ്എച്ച്ഒയില് നിന്ന് വിശദീകരണം തേടണമെന്നും കോടതി നിര്ദേശിച്ച പ്രകാരം എല്ലാ പ്രതികളെയും ഉള്പ്പെടുത്തി കൃത്യമായ വകുപ്പുകള് ചുമത്തി അന്വേഷണം നടത്താന് ഉത്തരവിടണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: പോക്സോ കേസുകളുടെ വിചാരണയ്ക്ക് എത്ര കോടതികള് കൂടുതല് വേണ്ടിവരുമെന്നത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്പ്പിക്കാന് സര്ക്കാരിന് ഹൈക്കോടതി നിര്ദേശം.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില് ബാര് അസോസിയേഷന് നല്കിയ പൊതുതാത്പര്യ ഹര്ജി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പോക്സോ ആക്ട് പ്രകാരമുള്ള മാര്ഗനിര്ദേശങ്ങള് പാലിക്കാതെയാണു നിലവിലെ പോക്സോ കോടതികളുടെ പ്രവര്ത്തനമെന്നും ആവശ്യമായ അടിയന്തര സൗകര്യം പോക്സോ കോടതികള്ക്ക് ഉറപ്പു വരുത്തണമെന്നും ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
പോക്സോ കോടതികളിലേക്ക് പ്രത്യേകം പബ്ലിക് പ്രോസിക്യൂട്ടര്മാരെ നിയമിക്കുന്നതില് സര്ക്കാര് വീഴ്ച കാട്ടുന്നതായി ഹര്ജിക്കാര് ചൂണ്ടിക്കാട്ടി.
പബ്ലിക് പ്രോസിക്യൂട്ടര്മാര്ക്കു മതിയായ പരിശീലനം നല്കേണ്ടതടക്കം വിഷയത്തില് വിശദീകരണത്തിന് പ്രോസിക്യൂഷന് ഡയറക്ടര് ജനറല് സമയം തേടി.
Kerala
കൊച്ചി: നടി അൻസിബ ഹസനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലിസിന് നിർദേശം നൽകി.
അശ്ലീല പരാമർശങ്ങളോടെ ലക്ഷ്മി പ്രിയ തന്നെ വ്യക്തിയധിക്ഷേപം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് കാണിച്ച് അൻസിബ നേരത്തെ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന് ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്ദേശം നല്കിയത്.
Kerala
കല്പ്പറ്റ: പെണ്കുട്ടിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയ കേസില് പ്രതിക്ക് 25 വര്ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നടവയല് കായക്കുന്ന് കീടക്കാട്ട് ഹാഷിക് റഹ്മാനെയാണ്(28)അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതി(ഒന്ന്)ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്.
മീനങ്ങാടി പൊലിസ് 2022ല് രജിസ്റ്റര് ചെയ്ത കേസിലാണ് പോക്സോ നിയമത്തിലേതടക്കം വകുപ്പുകളില് ശിക്ഷ. 2021-2022 കാലയളവിലാണ് കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുട്ടി ഗര്ഭിണിയായതിനെത്തുടര്ന്നാണ് വിവരം പുറത്തറിഞ്ഞത്.
കേസ് അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടന്ന ഹാഷിക് റഹ്മാനെതിരേ പൊലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2024ല് നാട്ടിലേക്ക് തിരികേ വരുന്നതിനിടെ ഇയാളെ കരിപ്പൂര് വിമാനത്താവളത്തില്നിന്നാണ് അറസ്റ്റുചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് ടി.ജി. മോഹന്ദാസ് ഹാജരായി.
Kerala
കൊച്ചി: നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കുന്നതിനായി സ്വത്തുക്കള് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതില് കോടതിയലക്ഷ്യത്തിന്റെ ഭാഗമായി ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വാറന്റ്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര് മുഖേന വാറന്റ് നടപ്പാക്കാന് ജസ്റ്റീസ് എം.എ. അബ്ദുല് ഹക്കീം രജിസ്ട്രിക്കു നിര്ദേശം നല്കി.
കേസ് അടുത്ത തവണ പരിഗണിക്കുന്ന 28ന് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്കാനും നിര്ദേശിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടില് ഉദ്യോഗസ്ഥനു ജാമ്യം അനുവദിക്കാമെന്നും ഉത്തരവില് പറയുന്നു.
കേരളം, തമിഴ്നാട്, കര്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ യൂണിവേഴ്സല് ട്രേഡിംഗ് സൊലൂഷന്സില് പണം നിക്ഷേപിച്ച് വഞ്ചിതരായവര് നല്കിയ ഹര്ജിയാണ് കോടതി പരിഗണിച്ചത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള് ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാന് മാര്ച്ച് മൂന്നിനു കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്, ആറു മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കുകയോ റിപ്പോര്ട്ട് സമര്പ്പിക്കുകയോ ചെയ്യാത്തതിനെത്തുടര്ന്ന് ഉത്തരവ് നടപ്പാക്കാത്തപക്ഷം നേരിട്ട് ഹാജരാകാന് ബഡ്സ് ആക്ട് നടപടികളുടെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിര്ദേശം നല്കിയിരുന്നു. ഇതു പാലിക്കപ്പെടാത്ത സാഹചര്യത്തിലാണു കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: വീട്ടില് നിന്ന് വന്തോതില് വിദേശമദ്യവും ഇന്ത്യന് നിര്മിത മദ്യവും പിടികൂടിയ കേസില് റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ കൊടതയിലെത്തിച്ചു. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആന്റോയെ ബത്തേരി കോടതിയിൽ എത്തിച്ചിരിക്കുന്നത്.
കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു.
ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റിൽ കോടതിയിൽ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: വീട്ടില് നിന്ന് വന്തോതില് വിദേശമദ്യവും ഇന്ത്യന് നിര്മിത മദ്യവും പിടികൂടിയ കേസില് മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആന്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കുന്നത്.
കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു.
ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.
പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റിൽ കോടതിയിൽ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: ലയണല് മെസിയുടെ പേരില് നടന്ന വിവാദ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലടക്കം നടത്തിയ പരിശോധനയില് പിടിച്ചെടുത്ത രേഖകളും ഡിജിറ്റല് ഉപകരണങ്ങളും പൊലിസ് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് തൃക്കാക്കര എസിപി സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില് രേഖകള് ഹാജരാക്കിയത്.
ബാങ്ക് രേഖകള്, പണമിടപാട് വിവരങ്ങള്, ലാപ്ടോപ്പ്, ഫോണുകള്, ഐ പാഡ്, കലൂര് സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകള് എന്നിവയാണ് എസ്ഐടി പരിശോധനയില് പിടിച്ചെടുത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള് കോടതി നിര്ദേശപ്രകാരം ഫോറന്സിക് പരിശോധനയ്ക്ക് കൈമാറും.
Kerala
കോട്ടയം: ആലപ്പുഴ രാമങ്കരി സ്വദേശികളായ കരുവേലിത്തറ ബോബി കുരുവിളയും അലക്സാണ്ടര് കുരുവിളയും നീണ്ട 36 വര്ഷം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് മുൻ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് രാമങ്കരി പൊലിസ് സ്റ്റേഷന് മുതല് സുപ്രീംകോടതി വരെ ഈ സഹോദരങ്ങള്ക്കു പോകേണ്ടിവന്നു. 36 വര്ഷവും നാലു മാസവും നീണ്ട നിയമ പോരാട്ടത്തിന് ഏകദേശം ഒരുകോടി രൂപയോളം ചെലവായതായി ഇരുവരും പറഞ്ഞു.
ടോമിന് തച്ചങ്കരി ആലപ്പുഴ എഎസ്പിയായിരിക്കേ രാമങ്കരിയിലെ കരുവേലിത്തറ കുടുംബവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായും ഈ കുടുംബത്തെ നിരന്തരമായി അനധികൃതമായ കേസുകളിലൂടെയും മറ്റും ദ്രോഹിച്ചിരുന്നതായും ബോബി കുരുവിളയും അലക്സാണ്ടറും പറയുന്നു.
പൊലി സിലെ ഉന്നത സ്ഥാനങ്ങളിലിരുന്ന് അഴിമതിയും സ്വത്തുസമ്പാദനവും നടത്തിയെന്ന വ്യാപക പരാതികള് തച്ചങ്കരിക്കെതിരേ ഉയര്ന്നതോടെ ബോബിയും അലക്സാണ്ടറും ടോമിന് തച്ചങ്കരി നടത്തിയ അഴിമതിയും മറ്റും അന്വേഷിക്കാനും കേസുകള് നല്കാനും ആരംഭിച്ചു.
ഉന്നത പദവിയിലിരിക്കേ അധികാരം ഉപയോഗിച്ച് ദ്രോഹിക്കപ്പെട്ട ആളുകളെ നേരില് പോയി കണ്ടു. അവര് പരാതി നല്കാന് മടിച്ചെങ്കിലും ഇവര് പരാതിയുമായി വിജിലന്സിലേക്കും മറ്റും നീങ്ങി. എറണാകുളത്തും വാഗമണ്ണിലും ബംഗളൂരിലുമൊക്കെ അനധികൃതമായി സമ്പാദിച്ച സ്വത്തുകളുടെ വിവരങ്ങളും പൊലി സ് ഡിപ്പാര്ട്ട്മെന്റിലും വിവിധ വകുപ്പുകളിലും നടത്തിയ തട്ടിപ്പുകളുടെ രേഖകളും സമ്പാദിച്ചു. പോലീസിലെ നല്ലവരായ ഉദ്യോഗസ്ഥരുടെ സഹായം ഇവര്ക്കു ലഭിച്ചു.
2003- 2007 കാലയളവില് തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കേയാണ് ഏറ്റവും കൂടുതല് അനധികൃത സമ്പാദനം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില് നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാലയളവു വച്ചുള്ള പരാതി വിജിലന്സില് നല്കുകയും ഇതിന്റെ അടിസ്ഥാനത്തില് അന്വേഷണം നടത്തിയ വിജിലന്സ് കുറ്റപത്രം സമര്പ്പിക്കുകയുമായിരുന്നു.
പരാതി നല്കിയ കരുവേലിത്തറ സഹോദരങ്ങളെ വിവിധ മേഖലകളിലുള്ളവരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും അവർ ഒരിഞ്ചു പുറകോട്ടു പോയില്ല. ഏറ്റവും ഒടുവില് വിജിലന്സ് കോടതി വിധിയില് ശിക്ഷ ഇളവ് ലഭിച്ച് അപ്പീല് നേടുവാനുള്ള ശ്രമവും ഈ സഹോദരങ്ങളുടെ നിയമപരമായ ഇടപെടലിലൂടെയാണ് മാറിയത്.
തച്ചങ്കരിക്ക് ലഭിച്ച ശിക്ഷയില് സന്തോഷവും സംതൃപ്തിയുമുണ്ടെന്നും അധികാര തലത്തിലിരിക്കുന്ന നേതാക്കള്ക്കും ഉദ്യോഗസ്ഥര്ക്കുമുള്ള ഒരു പാഠമാണ് ശിക്ഷയെന്നും ബോബിയും അലക്സാണ്ടറും പറഞ്ഞു. ആരും നിയമത്തിനതീതമല്ലെന്നും ഇവിടത്തെ കോടതികള് ശരിയായ നിയമസംഹിതകള്ക്കനുസരിച്ചു പ്രവര്ത്തിക്കുന്നതാണെന്നും കോടതികളില്നിന്നും യഥാര്ഥമായ നീതി ലഭിക്കുമെന്നും ബോബിയും അലക്സാണ്ടറും ദീപികയോടു പറഞ്ഞു.
Kerala
കൽപ്പറ്റ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
ബുധനാഴ്ച ആന്റോയുടെ വയനാട്ടിലെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് 67 ലിറ്ററിലധികംവരുന്ന അനധികൃത മദ്യശേഖരം കണ്ടെടുത്തത്. 43 ലിറ്റർ വിദേശമദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
ഇതേതുടർന്ന് ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് സംഘം അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അബ്കാരി നിയമത്തിലെ 55 ഐ, 55 എ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി സിഎംആര്എല് എംഡി ശശിധരന് കര്ത്തയും ഉദ്യോഗസ്ഥരും. കേസില് ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നു എന്നാണ് കര്ത്തയുടെയും ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്.
ഇഡി ഉദ്യോഗസ്ഥര് ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നാണ് ശശിധരന് കര്ത്ത 2024ല് സഹോദരന് വഴി സമര്പ്പിച്ച മൊഴി പിന്വലിക്കല് സത്യവാഗ്മൂലത്തില് പറയുന്നത്. സേവനം നല്കാതെ ടി. വീണയ്ക്ക് പണം നല്കിയെന്ന് ശശിധരന് കര്ത്ത സമ്മതിച്ചെന്നാണ് ഇഡിയുടെ വാദം. ഇത് തള്ളുന്നതാണ് ശശിധരന് കര്ത്തയുടെ സത്യവാഗ്മൂലം.
സിഎംആര്എല് ചീഫ് ജനറല് മാനേജരും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാര്, ചീഫ് ഫിനാന്ഷ്യല് ഓഫിസര് കെ.എസ്. സുരേഷ് കുമാര് എന്നിവര് ഇഡി ഉദ്യോഗസ്ഥര് നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്ന് കാണിച്ച് ഇഡി ഡയറക്ടര്ക്ക് ഔദ്യോഗികമായി നല്കിയ മൊഴി പിന്വലിക്കല് സത്യവാഗ്മൂലത്തിലും ഇഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്.
2024 ഏപ്രിലില് നടന്ന ചോദ്യം ചെയ്യലിനെ കുറിച്ച് മെയ് മാസത്തില് ആയിരുന്നു ഇഡി ഡയറക്ടര്ക്ക് കത്തയച്ചത്. ഇഡി നല്കിയ സമന്സിന്റെ അടിസ്ഥാനത്തില് ചോദ്യം ചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥര് തങ്ങളുടെ മൊഴി പിന്വലിക്കല് പ്രസ്താവനയില് വ്യക്തമാക്കുന്നുണ്ട്.
എക്സാലോജിക് കമ്പനി സിഎംആര്എല്ലിന് സേവനങ്ങള് നല്കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്കിയപ്പോള് അത് തിരുത്തി പറയാന് ഉദ്യോഗസ്ഥര് സമ്മര്ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര് ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇഡി ഉദ്യോഗസ്ഥര് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന് ശ്രമിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇഡി ഓഫീസില് തടഞ്ഞുവച്ചു.
രാത്രി മുഴുവന് ഉറങ്ങാന് അനുവദിക്കാതെ പീഡിപ്പിച്ചതായി സിഎഫ്ഒ കെ.എസ്. സുരേഷ് കുമാറും പറയുന്നു. എക്സാലോജിക് കമ്പനിക്ക് സിഎംആര്എല് സേവനങ്ങള് നല്കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്ക്ക് നല്കാന് കമ്പനി വ്യാജ ചെലവുകള് കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്കാന് ഉദ്യോഗസ്ഥര് നിര്ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള് അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥര് ആവശ്യപ്പെട്ട പ്രസ്താവനകളില് ഒപ്പിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര് ആരോപിക്കുന്നത്.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില് രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിന്സിപ്പല് ജില്ലാ സെഷന്സ് കോടതി ഈ മാസം 22ന് വിധി പറയാനായി മാറ്റി. ഇന്ന് അപേക്ഷ പരിഗണിക്കവേ പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്ത്തു.
മാധ്യമപ്രവര്ത്തകരുടെ കോടതി പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങള് പകര്ത്തി പ്രചരിപ്പിക്കുന്നതു തടയണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് പ്രതികള് ഉന്നയിച്ചിട്ടുള്ളത്. എന്നാല്, പൊതു പ്രാധാന്യമുള്ള കേസാണിതെന്നും അത് റിപ്പോര്ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്നും തടയാനാകില്ലെന്നും സ്പെഷ്യല് പബ്ലിക് പോസിക്യൂട്ടര് ജി. മോഹന്രാജ് വാദിച്ചു.
ഏറെനാളായി ജാമ്യത്തിലുള്ള പ്രതികളുടെ ഫോട്ടോ പകര്ത്താന് കോടതിയില് വച്ച് ശ്രമം ഉണ്ടാകുമെന്ന പരാതിയും മഹാരാജാസ് കോളജ് അടുത്തായതിനാല് വിദ്യാര്ഥികള് കോടതിയില് കൂട്ടംകൂടാന് സാധ്യതയുണ്ടെന്നുമുള്ള പ്രതികളുടെ ആശങ്ക അസ്ഥാനത്താണ്. ഏതു ക്രമസധാന പ്രശ്നവും നേരിടാന് പൊലിസ് സുസജ്ജമാണെന്നും പ്രോസിക്യൂഷന് വാദിച്ചു. അതിനാല്, പ്രതികളുടെ അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാംവര്ഷ ബിരുദവിദ്യാര്ഥിയും എസ്എഫ്ഐ പ്രവര്ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. എട്ട് വര്ഷത്തിനുശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഡിസംബര് ആറിനകം വിചാരണ പൂര്ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്ദേശം.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥി അഭിമന്യുവിനെ കൊലപ്പടുത്തിയ കേസില് രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള് എറണാകുളം പ്രിന്സിപ്പല് ജില്ലാ സെഷന്സ് കോടതിയില് നല്കിയ അപേക്ഷ ഇന്ന് പരിഗണിക്കും.
കേസിലെ വിചാരണ നടക്കുമ്പോള് മാധ്യമപ്രവര്ത്തകരുടെയും പൊതുജനങ്ങളുടെയും കോടതിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും മഹാരാജാസ് കോളജ് കോടതിയുടെ തൊട്ടടുത്തായതിനാല് കോളജ് വിദ്യാര്ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ.
തങ്ങളുടെ ചിത്രങ്ങള് പകര്ത്തി പ്രചരിപ്പിക്കുന്നത് സാക്ഷി മൊഴികളെ സ്വാധീനിക്കാനും തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കാനും ഇടയാക്കുമെന്നും പ്രതികളായ കാമ്പസ് ഫ്രണ്ട്, പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് നല്കിയ അപേക്ഷയില് പറയുന്നു. ഇന്നു മുതല് തുടര്ച്ചയായി സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെ തിങ്കളാഴ്ചയാണ് പ്രതികള് ഹര്ജി നല്കിയത്.
National
മാപുസ (ഗോവ): ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ് തീപിടിത്തക്കേസിലെ മൂന്ന് പ്രധാന പ്രതികൾ മാപുസ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി.
നിശാക്ലബ് ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര സഹോദരന്മാരും ബിസിനസ് പങ്കാളി അജയ് ഗുപ്തയുമാണ് കീഴടങ്ങിയത്.
ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതികളുടെ ഹർജി കഴിഞ്ഞമാസം 31ന് സുപ്രീംകോടതി തള്ളുകയും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ കോടതിയിൽ ഹാജരായത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 2025 ഡിസംബർ 6ന് നോർത്ത് ഗോവയിലെ അർപോറയിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
National
പനാജി: ലൈംഗിക പീഡന കേസില് 10 വര്ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട തെഹല്ക്ക മുന് ചീഫ് എഡിറ്റർ തരുണ് തേജ്പാല് ഗോവ കോടതിയില് കീഴടങ്ങി.
സുപ്രീംകോടതി നിര്ദേശപ്രകാരം മാപുസ അഡീഷണല് സെഷന്സ് കോടതിയിലാണ് കീഴടങ്ങിയത്. തുടര്ന്ന് അദ്ദേഹത്തെ വടക്കന് ഗോവയിലെ കൊള്വേല് സെന്ട്രല് ജയിലിലേക്കു മാറ്റി.
ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതില്നിന്ന് ഇളവ് വേണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി മൂന്നാഴ്ചയ്ക്കകം കീഴടങ്ങാന് തേജ്പാലിന് ഓഗസ്റ്റ് 25ന് നിര്ദേശം നല്കിയിരുന്നു. സെപ്റ്റംബര് 21നകം കീഴടങ്ങിയാൽ മാത്രമേ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള തേജ്പാലിന്റെ അപ്പീല് 22ന് സുപ്രീംകോടതി പരിഗണിക്കൂ.
2013 നവംബറില് ഗോവയില് തെഹല്ക്ക സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടല് ലിഫ്റ്റില്വച്ച് സഹപ്രവര്ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്
. 2021 മേയില് മപുസ അഡീഷണല് സെഷന്സ് കോടതി തേജ്പാലിനെ കുറ്റമുക്തനാക്കിയിരുന്നെങ്കിലും ഇതിനെതിരേ ഗോവ സര്ക്കാര് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി ഓഗസ്റ്റ് ആറിനാണു ബോംബെ ഹൈക്കോടതി തേജ്പാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കൂടാതെ 10 ലക്ഷം രൂപ പിഴയൊടുക്കാനും അത് ഇരയായ യുവതിക്ക് നല്കാനും കോടതി ഉത്തരവിട്ടിരുന്നു.
Kerala
കൊച്ചി: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സാധാരണ പരോള് നീട്ടിയതിനെതിരായ കോടതിയലക്ഷ്യ ഹര്ജി ഹൈക്കോടതി തള്ളി.
നേരത്തേ പ്രതികള്ക്കു പരോള് അനുവദിച്ചപ്പോള് ജയിലധികൃതര് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബേക്കല് പൊലിസ് സ്റ്റേഷന് പരിധിയില് പ്രവേശിക്കരുത്, ഒരേസമയം ഒന്നിലധികം പേര്ക്കു പരോള് നല്കരുത് എന്നീ നിബന്ധനകളാണു കോടതി നീക്കിയത്.
ഇതിനുശേഷം നല്കിയ പരോള് അപേക്ഷകള് ജയിലധികൃതര് നിരസിച്ചത് കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്ജിയാണ് ജസ്റ്റീസ് ജി. ഗിരീഷ് തള്ളിയത്.
പ്രതികള് പരോളിലിറങ്ങിയപ്പോള് പ്രദേശത്തു വലിയ സംഘര്ഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായെന്നായിരുന്നു ജയില് ഡിജിപിയുടെയും കണ്ണൂര് സെന്ട്രല് ജയില് സൂപ്രണ്ടിന്റെയും വിശദീകരണം. പ്രതികളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുണ്ടെന്ന ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്ട്ടും അധികൃതര് ഹാജരാക്കി.
ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലാണു പരോള് നീട്ടിയതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കിയ കോടതി തുടര്ന്ന് ഹർജി തള്ളുകയായിരുന്നു.
Kerala
തിരുവനന്തപുരം: നാമ നിര്ദേശ പത്രികയില് വിവരങ്ങള് മറച്ചു വച്ചതിന് ബേപ്പൂര് എംഎല്എയും മുന് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഭാര്യയും മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണാ തൈക്കണ്ടി എന്നിവര് നേരിട്ട് ഹാജരായി വീശദീകരണം നല്കണമെന്ന് കോടതി. ജില്ലാ പ്രിന്സിപ്പൽ സെഷന്സ് ജഡ്ജി എ. നസീറയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
മുഹമ്മദ് റിയാസ് ബേപ്പൂര് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സമയം നല്കിയ നാമനിര്ദേശ പത്രികയിലാണ് വിവരങ്ങള് മറച്ചുവച്ചത്. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ മറ്റു ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കിയില്ലെന്നു മാത്രമല്ല, വീണയ്ക്ക് ലഭിച്ച വരുമാനത്തില് സിഎംആര്എല്ലില് നിന്ന് വാങ്ങിയതും വീണ നികുതി ഒടുക്കിയതുമായ 01.72 കോടി രൂപയുടെ കണക്ക് കാണിച്ചിരുന്നില്ല.
നാമനിര്ദേശ പത്രികയില് വിവരങ്ങള് മറച്ചുവച്ച പി.എ. മുഹമ്മദ് റിയാസിനെതിരെ ക്രിമിനല് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര നാഗരാജ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റ് കേസ് എടുക്കാന് തയാറായില്ല.
ഇതിനെതിരെ നാഗരാജ് ജില്ലാ കോടതിയില് നല്കിയ ഹര്ജിയിലാണ് കോടതി മുഹമ്മദ് റിയാസിനും വീണയ്ക്കും നോട്ടീസ് അയക്കാനും അവരുടെ ഭാഗം നേരിട്ടെത്തി വിശദീകരിക്കാനും നിര്ദേശിച്ചത്.
Kerala
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ വിചാരണയ്ക്ക് ഹാജരാകാത്തതിൽ മുന്നറിയിപ്പ് നൽകി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. വിചാരണയ്ക്ക് തടസമായി ഏതെങ്കിലും തരത്തിലുള്ള സ്റ്റേ ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും കോടതി അറിയിച്ചു.
കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ മൂന്ന് പ്രതികൾക്കും അനുമതിയുണ്ടായിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല.
പ്രതികൾ വെള്ളിയാഴ്ച വിചാരണയ്ക്ക് ഹാജരാകണമെന്നാണ് നിർദേശിച്ചു. അതേസമയം ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളതായി അഭിഭാഷകൻ അറിയിച്ചു.
ഇതോടെയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നിലപാട് കടുപ്പിച്ചത്. എങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
Kerala
കൊച്ചി: മുട്ടില് മരംമുറി വഞ്ചനാക്കേസില് അഗസ്റ്റിന് സഹോദരന്മാര് ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില് ഹാജരാകും. പ്രതികളെ കുറ്റപത്രം വായിച്ചു കേള്പ്പിക്കും. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനും വീഡിയോ കോണ്ഫറന്സ് വഴിയും ഹാജരാകും.
വയനാട് മേപ്പാടിയില് നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള് വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.
കമ്പനി ഉടമ എം.എം. അലിയാര് നല്കിയ പരാതിയിലാണ് 2021ല് റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയില് പ്രതികള് നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്ശനത്തിന് ഇടയാക്കിയിരുന്നു.
ബത്തേരി ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല് ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള് മൂന്നു തവണ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ഉണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: എക്സാലോജിക് കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ 27-ാം പ്രതി ആദർശിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
പ്രതി ചെയ്തതു ഗൗരവതരമായ കുറ്റകൃത്യമാണെന്നും ആരോപിക്കപ്പെട്ട കുറ്റങ്ങൾ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ 26 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ, കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി നിഥിൻ രാജ്, 16-ാം പ്രതിയും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും ഇതേ കോടതിയുടെ പരിഗണനയിലുണ്ട്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘം തടഞ്ഞുവച്ചു ക്രൂരമായി മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
National
ന്യൂഡൽഹി: സിന്ധു നദീജലക്കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്ഥകൾ ഇന്ത്യ പാലിക്കണമെന്നുമുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. നിയമവിരുദ്ധമായി രൂപവത്കരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോടതിയുടെ ഇത്തരം പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലോകബാങ്ക് രൂപീകരിച്ചതാണ് ഈ കോർട്ട്. ഈ കോടതിക്ക് മുന്നിൽ ഒരിക്കലും ഇന്ത്യ ഹാജരാകുകയോ അത് നേരത്തേ പുറപ്പെടുവിച്ച വിധികൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
National
കോൽക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കോൽക്കത്തയിൽ റാലി നടത്തിയതിന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായി മമത ബാനർജിക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച നടന്ന തൃണമൂൽ ഛാത്ര പരിഷത്തിന്റെ സ്ഥാപക ദിനാചരണ റാലിയുമായി ബന്ധപ്പെട്ടാണ് ഈ നിയമനടപടി.
പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസമുണ്ടാകാത്ത രീതിയിൽ ഭാഗികമായി മാത്രം റോഡ് ഉപയോഗിച്ച് പരിപാടി നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദ്ദേശം. എന്നാൽ കോടതി ഉത്തരവുകൾ പൂർണ്ണമായും അവഗണിച്ച് റോഡിന്റെ ഇരുവശങ്ങളും പൂർണമായി തടസപ്പെടുത്തിയെന്നും, അനുവദിച്ചതിലും അധികം ആളുകളെ പങ്കെടുപ്പിച്ച് നഗരത്തിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്നുമാണ് പ്രധാന ആരോപണം.
ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതിനെതിരെ ലഭിച്ച പരാതികളും ട്രാഫിക് പോലീസിന്റെ ഔദ്യോഗിക റിപ്പോർട്ടും പരിഗണിച്ചാണ് കോൽക്കത്ത പോലീസ് കേസെടുത്തിരിക്കുന്നത്. കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി പൊതുഗതാഗതം സ്തംഭിപ്പിച്ചതിന് മമത ബാനർജിക്കും പരിപാടിയുടെ സംഘാടകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
കൊച്ചി: മുട്ടില് മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്പ്പിക്കും. വീഡിയോ കോണ്ഫറന്സ് വഴി ഹാജരാകാന് അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഒന്നാം പ്രതി റോജി അഗസ്റ്റിന് കോടതിയില് നേരിട്ട് ഹാജരാകണം. രണ്ടും മൂന്നും പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമാണ് വീഡിയോ കോണ്ഫറന്സ് വഴി ഹാജരാകാനുള്ള അനുമതി നല്കിയിരിക്കുന്നത്.
മജിസ്ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ആവശ്യം മജിസ്ട്രേറ്റ് കോടതിയില് തന്നെ ഉന്നയിക്കാന് നിര്ദേശിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഹര്ജി തള്ളിയത്.
തുടര്ന്ന് ഒന്നാം പ്രതിയായ റോജി അഗസ്റ്റിന് മജിസ്ട്രേറ്റ് കോടതിയില് ഹാജരായിരുന്നു. എന്നാല് ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ഹാജരായില്ല. ഇതോടെ മറ്റ് പ്രതികള് എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്ക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്ച്ചയായി ഹാജരാകാതിരുന്നതോടെയാണ് കോടതിയുടെ വിമര്ശനം.
അതേസമയം, വയനാട് മേപ്പാടിയില് നിന്ന് മുറിച്ച ഈട്ടിമരങ്ങള് വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്നകരിമുകള് മലബാര് ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില് അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: കോഴിക്കോട് കട്ടിപ്പാറ അമ്പായത്തോടിലെ ഫ്രഷ് കട്ട് ഓര്ഗാനിക് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി സെപ്റ്റംബര് 30 വരെ നീട്ടി.
കോഴി അറവ് മാലിന്യ സംസ്കരണ യൂണിറ്റില്നിന്നു സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയതോതില് മാലിന്യം ഒഴുകിയെത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്ക്ക് ഇടയാക്കുന്നുവെന്ന പരാതിയെത്തുടര്ന്ന് ബോര്ഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരേ സ്ഥാപനമുടമകള് നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന് സ്റ്റേ നീട്ടിയത്.
Kerala
കൊച്ചി: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നടപടി നേരിട്ടതിന്റെ പേരില് സര്ക്കിള് ഇന്സ്പെക്ടര്ക്കു നിഷേധിച്ച സ്ഥാനക്കയറ്റം അനുവദിക്കാനുള്ള ഉത്തരവ് പാലിക്കാത്തതിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകാന് ഹൈക്കോടതി ഉത്തരവ്.
സ്ഥാനക്കയറ്റ വിഷയത്തിൽ തീരുമാനമെടുത്തില്ലെങ്കില് സെക്രട്ടറി മിന്ഹാജ് ആലം നാളെ നേരിട്ടു ഹാജരായി വിശദീകരണം നല്കണമെന്നാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ചേര്ത്തല സിഐയായിരുന്ന പി. ശ്രീകുമാര് നല്കിയ ഹര്ജിയില് ജൂണ് 23നാണ് സ്ഥാനക്കയറ്റം പരിഗണിക്കാന് കോടതി നിര്ദേശിച്ചത്. പാലിക്കാതിരുന്നതിനെത്തുടര്ന്നാണു കോടതിയലക്ഷ്യ ഹര്ജി നല്കിയത്.
മോന്സണ് മാവുങ്കല് കേസുമായി ബന്ധപ്പെട്ട് രണ്ടു വര്ഷത്തെ ഇന്ക്രിമെന്റ് തടഞ്ഞതും മാവേലിക്കര പോലീസ് സ്റ്റേഷനിലെ കേസന്വേഷണത്തില് വീഴ്ച വരുത്തിയതിന് ഒരു വര്ഷത്തെ ഇന്ക്രിമെന്റ് തടഞ്ഞതും, ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരനു സ്ഥാനക്കയറ്റം നിഷേധിച്ചത്.
പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്ക്കു സ്ഥാനക്കയറ്റം നല്കുന്നതില് പ്രഥമദൃഷ്ട്യാ വിവേചനം നിലനില്ക്കുന്നുണ്ടെന്ന് മോന്സണ് മാവുങ്കല് കേസില് പ്രതിയായ ജി. ലക്ഷ്മണിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്കിയതു ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. ഇന്ക്രിമെന്റ് തടഞ്ഞ കാലാവധി പൂര്ത്തിയായ സാഹചര്യത്തില് ഹര്ജിക്കാരനു സ്ഥാനക്കയറ്റം നല്കുന്നതില് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
National
കോൽക്കത്ത: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഹാജരാകണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
നദിയ ജില്ലയിലെ കൃഷ്ണനഗർ കോടതിയാണ് മൊയ്ത്രയ്ക്കെതിരായ അറസ്റ്റ് വാറന്റ് നടപ്പാക്കിയതിന്റെ റിപ്പോർട്ട് 28ന് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
സ്ത്രീകളെ അപമാനിക്കുകയും വിദ്വേഷപ്രസംഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് മൊയ്ത്രയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി സമൻസ് പുറപ്പെടുവിച്ചിരുന്നു.
തുടർച്ചയായി സമൻസ് അയച്ചിട്ടും മൊയ്ത്ര കോടതിയിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടി കൃഷ്ണനഗർ കോടതിയിലെ മൂന്നാം ജുഡീഷൽ മജിസ്ട്രേറ്റ് ഉടൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച എംപിയോട് അടുത്ത ദിവസം കോടതിയിൽ ഹാജരാകാൻ ജഡ്ജി നിർദേശിച്ചിരുന്നു. എന്നാൽ, ബുധനാഴ്ചയും അവർ ഹാജരായില്ല.
Kerala
കൊച്ചി: മുട്ടില് മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന് എന്നിവരെ കുറ്റപത്രം വായിച്ചു കേള്പ്പിക്കും. കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കേസില് നേരിട്ടു ഹാജരാകാനുള്ള കോടതിയുടെ സമന്സ് അവഗണിച്ചതിനെ തുടര്ന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ജോസുകുട്ടിയും ആന്റോയും 11നും റോജി അഗസ്റ്റിന് 13നും കോടതിയില് കീഴടങ്ങി. വാറണ്ട് പിന്വലിച്ച കോടതി മൂന്ന് പ്രതികളോടും 18ന് ഹാജരാകാന് നിര്ദേശിച്ചിരുന്നു.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലില് നിന്നു മുറിച്ചു കടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു വില്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കരിമുകള് മലബാര് ടിമ്പേഴ്സ് ഉടമ എം.എം. അലിയാര് നല്കിയ പരാതിയില് അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസ് എടുത്ത് പ്രതികള്ക്കെതിരെ കുറ്റപത്രം സമര്പ്പിച്ചത്.
കേസില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നല്കിയ വിടുതല് ഹര്ജികള് ജൂലൈയില് ഹൈക്കോടതി തള്ളിയിരുന്നു.
National
കൊച്ചി: അനധികൃത ബോര്ഡുകള്ക്കും മറ്റുമെതിരേ നടപടിയെടുക്കാത്ത തദ്ദേശ സ്ഥാപന സെക്രട്ടറിമാര്ക്ക് പിഴത്തുകയുടെ ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് ഹൈക്കോടതി.
പിഴ ശേഖരിക്കാനുള്ള ഇച്ഛാശക്തിയില്ലായ്മയാണ് ഇതിലൂടെ പ്രകടമാകുന്നത്. പിഴത്തുക കൃത്യമായി പിരിച്ചില്ലെങ്കില് തദ്ദേശസ്ഥാപന സെക്രട്ടറിമാര് വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് കോടതിയും ഇതിനുപിന്നാലെ സര്ക്കാരും ഉത്തരവിട്ടിട്ടുള്ളതാണ്.
നിയമലംഘകര്ക്കെതിരേ പിഴ ചുമത്തി കോടിക്കണക്കിന് രൂപ സര്ക്കാരിനു ലഭ്യമാക്കാമെന്നിരിക്കെ, നടപടിയെടുക്കാത്ത അധികൃതരുടെ നടപടി വലിയ വീഴ്ചയാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്ശിച്ചു.
അനധികൃതമായി സ്ഥാപിച്ച കൊടികള്, ബോര്ഡുകള്, ഫ്ലക്സുകള് തുടങ്ങിയവയ്ക്ക് 5000 രൂപ പിഴ ഈടാക്കാനാണ് ഹൈക്കോടതി നിര്ദേശം നല്കിയത്. ഒട്ടേറെ ബോര്ഡുകളും മറ്റും നീക്കം ചെയ്തിട്ടുണ്ടെങ്കിലും പിഴയിനത്തില് ലഭിച്ചത് തുച്ഛമായ തുക മാത്രമാണ്.
തിരുവനന്തപുരം, കൊല്ലം കോര്പറേഷനുകളുടെ വിശദീകരണവും സര്ക്കാരിന്റെ സത്യവാങ്മൂലവും പരിശോധിച്ചശേഷമാണ് കോടതിയുടെ വിമര്ശനമുണ്ടായത്. സ്വീകരിച്ച നടപടികള് സംബന്ധിച്ചു വ്യക്തത വരുത്തി വിശദീകരണം നല്കാന് കോര്പറേഷനുകളുടെ അഭിഭാഷകര് സമയം തേടിയതിനെത്തുടര്ന്ന് ഹര്ജി സെപ്റ്റംബര് മൂന്നിനു പരിഗണിക്കാനായി മാറ്റി.
Kerala
തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളിൽ വൻ വിവാദമുയർത്തിയ ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെഎസ്ഇബി മുൻ ചെയർമാനുമായ ആർ. നാരായണനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാരിന്റെ അപേക്ഷയ്ക്കെതിരേ വിജിലൻസ് കോടതിയുടെ കടുത്ത വിമർശനം.
പതിനൊന്ന് വർഷത്തിനു ശേഷമാണോ ഇത്തരം ഒരു അപേക്ഷ നൽകുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു.
ഹൈക്കോടതി വരെ വിചാരണ വേഗത്തിലാക്കാൻ നിർദേശിച്ച കേസിൽ, ഇത്രയും കാലത്തിനുശേഷം ഒന്നാം പ്രതിയെ മാത്രം ഒഴിവാക്കണമെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചു.
അഴിമതി നടന്നിട്ടില്ലെന്നു വിജിലൻസ് പറയുന്നില്ലെന്നും അതേസമയം, ഒന്നാം പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതു വൈരുധ്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിനകം വ്യക്തമായ മറുപടി നൽകാൻ വിജിലൻസ് പ്രോസിക്യൂട്ടർക്ക് കോടതി നിർദേശം നൽകി.
International
വാഷിംഗ്ടൺ ഡിസി: മെറ്റയ്ക്കെതിരായ നിയമയുദ്ധത്തിന് തുടക്കം. മെറ്റയ്ക്കെതിരെ യുഎസ് സംസ്ഥാനങ്ങളുടെ ഹർജികളിലാണ് ഫെഡറൽ കോടതിയിൽ നടപടികൾ ആരംഭിച്ചത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടിമപ്പെടുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരിയും കോടതിയിൽ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പുകൂടി ഇന്ന് തുടക്കമാകുന്ന നിയമപോരാട്ടത്തിൽ തീരുമാനമാകും. സാൻഫ്രാൻസിസ്കോയ്ക്ക് അടുത്തുള്ള ഫെഡറൽ കോടതിയിൽ ഇത് സംബന്ധിച്ച് നിയമനടപടികൾ നടക്കുന്നത്.
കാലിഫോർണിയ, കൊളറാഡോ, കെന്റക്കി, ന്യൂജഴ്സി തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരാണ് മെറ്റയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ആകെ 29 സംസ്ഥാനങ്ങളാണ് കേസിൽ കക്ഷിചേർന്നിരിക്കുന്നത്.
കൂടുതൽ സമയം കുട്ടികളെ പ്ലാറ്റ്ഫോമുകളിൽ പിടിച്ചുനിർത്താൻ ഫീച്ചറുകൾ മെറ്റ ബോധപൂർവം ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവ കുട്ടികൾക്ക് ദോഷകരമാകുമെന്ന് അറിയാമായിരുന്നിട്ടും അത് അവഗണിച്ചു കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പിടിച്ചിരുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്തെന്നാണ് സംസ്ഥാനങ്ങൾ കോടതിയിൽ വാദം ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഇന്നലെ ജൂറി തെരഞ്ഞെടുപ്പ് നടന്നു. വിചാരണ ഓഗസ്റ്റ് 18ന് ആരംഭിക്കും.
സോഷ്യൽ മീഡിയ ആസക്തി വർധിപ്പിക്കാൻ ആൽഗൊരിതം, ഫീച്ചർ ഡിസൈനുകളിൽ കമ്പനി മനപ്പൂർവം ഇടപെടലുകൾ നടത്തിയെന്ന ഹർജികളെ തുടർന്നായതിനാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിക്കുന്ന നിയമപരിരക്ഷ പുനർവിചിന്തനം ചെയ്യപ്പെട്ടേക്കാം. അതേസമയം യുവാക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചെയ്ത നടപടികളുടെ തെളിവുകൾ പക്കലുണ്ടെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മെറ്റ പറയുന്നു. കേസിൽ പരാജയപ്പെട്ടാൽ നഷ്ടപരിഹാരം 1.4 ട്രില്യൺ ഡോളർ വരെ ഉയരാമെന്നാണ് മെറ്റയുടെ കണക്കുകൂട്ടൽ. ഇത് കമ്പനിയുടെ വിപണി മൂല്യത്തിന് തുല്യമാണ്.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹര്ജിയില് കക്ഷി ചേര്ക്കണമെന്ന നടി അന്സിബ ഹസന്റെ ആവശ്യത്തില് എറണാകുളം മുന്സിഫ് കോടതി ഇന്ന് തീരുമാനമെടുക്കും. ശ്വേത നല്കിയ പരാതിയെ തുടര്ന്ന് അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനം കോടതി താത്കാലികമായി നിര്ത്തിവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്സിബ കേസില് കക്ഷി ചേരാന് നീക്കം ആരംഭിച്ചത്. അന്സിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തെ തുടര്ന്നാണ് അന്സിബയുടെ നീക്കമെന്നും കേസില് കക്ഷി ചേരാന് അന്സിബയ്ക്ക് അവകാശമില്ലെന്നും ശ്വേത കോടതിയില് നല്കിയ സത്യവാഗ്മൂലത്തില് പറഞ്ഞിരുന്നു.
അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില് ഇനി മുന്നോട്ടു പോകാന് താല്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി വിദ്യാർഥിപ്രതിഷേധത്തിൽ സ്വീകരിച്ച നടപടിയിൽ കൃത്യമായ മറുപടി പറയാതെ സഭാനടപടികൾ സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ മൺസൂൺ സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ബാക്കിനിൽക്കേ തുടർച്ചയായി 16- ാം ദിനവും ലോക്സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.
എന്നാൽ വിദ്യാർഥി പ്രതിഷേധം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്നും അമിത് ഷാ ചർച്ചയ്ക്ക് മറുപടി നൽകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.
ആഭ്യന്തരമന്ത്രി പാർലമെന്റിലെത്തി പൊതുവായ വിഷയങ്ങളിൽ ചർച്ച നടത്തണമെന്നല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേ നടന്ന പോലീസ് നടപടിക്ക് ഉത്തരവിട്ടത് അദ്ദേഹമാണോയെന്നു വ്യക്തമാക്കാനാണ് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. അതിനാൽ ഇത്തരം ഫാന്റസി ചർച്ചകൾ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമത്തിന്റെ യഥാർഥ വസ്തുതകൾ തുറന്നുപറയാൻ അമി ത് ഷാ തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനുപിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
അമിത് ഷായുടെ വിശദീകരണത്തിനുപുറമെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പപേക്ഷ, അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളവർ നടത്തിയതായി ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണം എന്നിവയാണു പ്രതിപക്ഷം ഉന്നയിച്ച മറ്റ് ആവശ്യങ്ങളെന്നും രാഹുൽ പറഞ്ഞു.
അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെയും പാർലമെന്റിൽ എത്തിയില്ല. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും തുടർച്ചയായ 16- ാം ദിവസമാണ് അദ്ദേഹം സഭയിൽനിന്നു വിട്ടുനിൽക്കുന്നത്. അമിത് ഷായുടെ വകുപ്പിനു കീഴിൽ വരുന്ന രണ്ടു ബില്ലുകൾ ഇന്നലെ പാർലമെന്റിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും സഹമന്ത്രിമാരാണു ബില്ലുകൾ അവതരിപ്പിച്ചത്.
ചർച്ചയില്ലാതെ ട്രൈബ്യൂണൽ റിഫോംസ് ബിൽ ഇന്നലെ ലോക്സഭ പാസാക്കി. ഇതിനുപുറമെ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ 2026 , കേരള (പേര് മാറ്റൽ) ബിൽ 2026, നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ ഭേദഗതി ബിൽ 2026 എന്നിവയും ലോക്സഭയിൽ അവതരിപ്പിച്ചു. അതേസമയം രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തിയതോടെ ബാങ്കേഴ്സ് ബുക്ക് എവിഡൻസ് ബിൽ 2026 ശബ്ദവോട്ടോടെ പാസാക്കി.
Kerala
തിരുവനന്തപുരം: സൈബർ പോലീസ് അറസ്റ്റുചെയ്ത സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആണ് അറസ്റ്റ് ചെയ്തത്.
കോടതി പരിസരത്ത് എസ്എഫ്ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തി. കരിങ്കൊടിയും പ്ലക്കാഡുകളുമായെത്തിയ സമരക്കാർ പ്രതിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും, നടപടിയെടുത്ത കേരളാ പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചിയിൽനിന്ന് പിടികൂടിയ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്.
സിജെപി സമരത്തിൽ പങ്കെടുത്തവർക്കെതിരേയായിരുന്നു വിദ്വേഷ പരാമർശം. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് പോലീസ് നടപടിയെടുത്തത്.
Kerala
കൊച്ചി : അർജുൻ ആയങ്കിയുടെ സഹായികളെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം നൽകിയത്.
കോതമംഗലം കോടതി അവധിയായിരുന്നതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. അതിനിടെ പോലീസ് വ്യാപകമായി തിരച്ചിൽ തുടരുന്നതിനിടെ അർജുൻ ആയങ്കി വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ ഇന്നത്തെ പരാമർശങ്ങൾക്ക് മറുപടിയായാണ് പോസ്റ്റ്. സിപിഎമ്മിന് വേണ്ടി പ്രതികരിച്ചതിന്റെ പേരിൽ താൻ കള്ളക്കേസിൽ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും ആയങ്കി പോസ്റ്റിൽ ആരോപിച്ചു. രാഷ്ട്രീയ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി നിതിൻ രാജിനെ( ജിത്തു-31) വീട്ടിൽ നിന്നും പിടികൂടി പോലീസ്. നഗരത്തിലും പരിസരങ്ങളിലും എട്ടു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 31-നാണ് പോക്സോ കേസിലെ നാലാം പ്രതിയായ നിതിൻ രാജ് ജാമ്യാപേക്ഷ പരിഗണിക്കാൻ അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ മാറ്റിവച്ച് പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെ, അപ്രതീക്ഷിതമായി കോടതിയിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെയും കോടതി ജീവനക്കാരെയും വെട്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയ പോലീസ്, ഫോൺ ഉപേക്ഷിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് അരശുപറമ്പിലെ വീട്ടിൽ നിന്നും പിടികൂടിയത്.
കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പിടിച്ചു തള്ളുകയും അസഭ്യം പറഞ്ഞതിനും മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇയാൾ മുൻപ് കാപ്പാ കേസ് പ്രതി കൂടിയായിരുന്നെന്ന് മനസിലാക്കുകയും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. റിമാൻഡ് ഉത്തരവ് വന്നയുടൻ പ്രതി കോടതി മുറിയിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.
Kerala
നെടുമ്പാശേരി: വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ യുവാവിന്റെ പരാക്രമം കോടതിയിലും. ക്വാലാലംപുരിൽനിന്ന് നെടുമ്പാശേരിയിലേക്കു വന്ന ബാറ്റിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ (34) അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതി കേസ് പരിഗണിച്ചുകൊണ്ടിരിക്കെ മജിസ്ട്രേറ്റിനു മുന്നിൽ വച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. തുടർന്നും പരിഭ്രാന്ത്രി സൃഷ്ടിച്ച ഇയാളെ പോലീസ് സമയോചിതമായി ഇടപെട്ട് പിടിച്ചുമാറ്റി. അതേസമയം യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണു പോലീസ് കോടതിയിൽ വ്യക്തമാക്കിയത്.
വിമാനത്തിന്റെ വാതിൽ ബലമായി വലിച്ചുതുറക്കാൻ ശ്രമിച്ച ഇയാളെ മറ്റു യാത്രക്കാരും ക്യാബിൻ ക്രൂവും ചേർന്നാണു കീഴ്പ്പെടുത്തിയത്. വിമാനത്തിലെ അടിയന്തര സാഹചര്യത്തിൽ മാത്രം തുറക്കേണ്ട വാതിൽ ആകാശയാത്രയ്ക്കിടെ തുറക്കാൻ ശ്രമിച്ച സംഭവത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.
തനിക്കു മരിക്കാൻ തോന്നിയെന്നും മറ്റുള്ളവരെയും കൂടെകൂട്ടി മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണു ശ്രമിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ ജംഷീർ പോലീസിന് മൊഴി നൽകിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികളും ഇയാളെ ചോദ്യം ചെയ്തു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി മലേഷ്യയിൽ ബന്ധുവിന്റെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ജംഷീർ. ഈ ബന്ധുവുമായി ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിമാനത്തിന്റെ വിൻഡോ പാനലിന് കേടുപാടുകൾ വരുത്തിയതിന് ബാറ്റിക് എയർലൈൻസും ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്. മറ്റേതെങ്കിലും ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.
വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു.
നേരത്തെ തന്നെ വിജയ്യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടീസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്ട്ട് ഉണ്ടായിരുന്നു.
Kerala
കണ്ണൂർ: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പില് അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്ക്കും ജീവപര്യന്തം. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു(29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
മൂന്നുപേർക്കും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. മഞ്ചേരി മൂന്നാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി എസ്. സൂരജ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷണല് സെഷന്സ് കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു.
പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില് കെട്ടിവയ്ക്കാനും ഉത്തരവിട്ടു. പിന്നാലെ പോലീസ് പ്രതിയെ കണ്ടെത്തിയത്.
Kerala
കൊച്ചി: കണ്ഠര് രാജീവരുടെ മകന് കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം.
തന്ത്രി കണ്ഠര് രാജീവര് നല്കിയ അപേക്ഷ പരിഗണിച്ച് ബ്രഹ്മദത്തനെ ചുമതലയേല്പ്പിക്കാന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് തീരുമാനമെടുത്തത് ശബരിമല സ്പെഷല് കമ്മീഷണറുടെ റിപ്പോര്ട്ടിന്റെകൂടി അടിസ്ഥാനത്തില് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. അടുത്ത ചിങ്ങം ഒന്നുമുതല് കര്ക്കടകം 31 വരെയാണു നിയമനം.
സ്വര്ണക്കൊള്ള കേസില് പ്രതിയായതിനെത്തുടര്ന്നാണ് മകന്റെ പേരു നിര്ദേശിച്ച് കണ്ഠര് രാജീവര് ചുമതലയൊഴിഞ്ഞത്.
Kerala
കൊച്ചി: പുതിയ അക്ഷയ കേന്ദ്രങ്ങള് തുടങ്ങാനുള്ള സര്ക്കാര് തീരുമാനം ചോദ്യം ചെയ്യുന്ന ഹര്ജികള് ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങള്ക്ക് അനുമതി നല്കാന് സര്ക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും അതില് ഇടപെടാന് നിയമപരമായ കാരണങ്ങളില്ലെന്നും സംവരണം അടക്കമുള്ള കാര്യങ്ങള് അക്ഷയ കേന്ദ്രങ്ങള് അനുവദിക്കുന്ന കാര്യത്തില് ബാധകമല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
സംസ്ഥാനത്ത് പുതുതായി 1037 അക്ഷയ കേന്ദ്രങ്ങള് തുടങ്ങാനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് അക്ഷയ സംരംഭകരുടെ സംഘടനയും ഭിന്നശേഷിക്കാരനായ വ്യക്തിയും ഉള്പ്പെടെ നല്കിയ ഹര്ജികളാണു കോടതി പരിഗണിച്ചത്. നിലവിലുള്ള കേന്ദ്രങ്ങള് സാമ്പത്തികപ്രതിസന്ധിയിലാണെന്നും പുതിയതിന് അനുമതി നല്കുന്നത് വരുമാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജി.
വനിതകള്ക്കും ഭിന്നശേഷിക്കാര്ക്കും സംവരണം ഏര്പ്പെടുത്തിയിട്ടില്ലെന്നും ഹര്ജികളില് ചൂണ്ടിക്കാട്ടിയിരുന്നു. അക്ഷയ സംരംഭകത്വത്തിന് അപേക്ഷിക്കുന്ന വനിതകള്ക്ക് പ്രത്യേക മാര്ക്ക് നല്കാറുണ്ടെന്നും പട്ടിക വിഭാഗത്തിന് അനൗപചാരിക സംവരണം നല്കുന്നുണ്ടെന്നും അക്ഷയ ഡയറക്ടര് അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങള് ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ബിസിനസ് സ്ഥാപനങ്ങളല്ലെന്നും ജനങ്ങള്ക്കു സേവനം എത്തിക്കാനുള്ള സംവിധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കരാര് അടിസ്ഥാനത്തിലാണ് ഇവയുടെ പ്രവര്ത്തനം. അതിനാല്, ഇത് സര്ക്കാര് സ്ഥാപനങ്ങള്ക്കു സമാനമല്ല, സംവരണം ബാധകവുമല്ല.
അക്ഷയ കേന്ദ്രങ്ങളില് സംവരണം വ്യവസ്ഥ ചെയ്യുന്നതിന്റെ രേഖകള് ഹര്ജിക്കാര്ക്കു ഹാജരാക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: പോലീസ് അസോസിയേഷന് പുനക്രമീകരണത്തില് സര്ക്കാരിന് വീണ്ടും തിരിച്ചടി. സര്ക്കാര് നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് മേലുള്ള സിംഗിള് ബെഞ്ചിന്റെ സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കാന് വിസമ്മതിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്. അജിത്തിന്റെ ആവശ്യം തള്ളി.
തുടര്ന്ന് ജി.ആര്. അജിത്ത് അപ്പീല് പിന്വലിച്ചു. സിംഗിള് ബെഞ്ചില് എതിര്പ്പ് അറിയിക്കാന് ഡിവിഷന് ബെഞ്ച് നിര്ദേശിച്ചതോടെയാണ് അപ്പീല് പിന്വലിച്ചത്. ജൂലൈ 27-ാം തീയതിയായിരുന്നു ആഭ്യന്തര വകുപ്പ് മൂന്ന് പോലീസ് അസോസിയേഷനുകളെ വെട്ടിച്ചുരുക്കി രണ്ടാക്കി പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.
കേരള പോലീസ് അസോസിയേഷനെ പുറത്താക്കി കൊണ്ടായിരുന്നു പുനഃക്രമീകരണം. ജസ്റ്റീസ് ബെച്ചു കുര്യന് അധ്യക്ഷനായ സിംഗിള് ബെഞ്ച് ആണ് ഈ ഉത്തരവ് സ്റ്റേ ചെയ്തത്. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനവും കോടതി തടഞ്ഞു.
പോലീസ് അസോസിയേഷന് സംഘടന പിരിച്ചുവിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ ഏല്പ്പിക്കുകയും അടുത്ത മാസം 30ന് ഉള്ളില് തെരഞ്ഞെടുപ്പ് നടത്താന് നിശ്ചയിക്കുകയുമായിരുന്നു ചെയ്തത്. ജൂലൈ 28ന് അഡ്ഹോക് കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ചിരുന്നു.
പോലീസ് സംഘടനകളുടെ പുനഃസംഘടന നടത്തുന്നതിന് ആവശ്യമായ കാരണങ്ങളൊന്നും പ്രഥമദൃഷ്ട്യാ ഉത്തരവില് കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സ്റ്റേ. അതേസമയം, സിവില് പോലീസ് ഓഫീസര് മുതല് ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്പ്പെടുന്ന മൂന്ന് സംഘടനകളായിരുന്നു ഇതുവരെ പ്രവര്ത്തിച്ചിരുന്നത്.
പുതിയ ഉത്തരവു പ്രകാരം ഇത് രണ്ടായി ചുരുക്കുകയായിരുന്നു. സിവില് പോലീസ് ഓഫീസര് മുതല് ഗ്രേഡ് എസ്ഐ വരെ ഉള്പ്പെടുന്ന പോലീസ് അസോസിയേഷനും എസ്ഐ മുതല് ഐപിഎസ് അല്ലാത്ത എസ്പി വരെ ഉള്പ്പെടുന്ന സീനിയര് ഓഫീസേഴ്സ് അസോസിയേഷനും മാത്രമാക്കി ആയിരുന്നു സംഘടനകള് ചുരുക്കിയത്.
National
ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതിയിൽ, ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി ലോക്സഭാംഗവുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ രംഗത്തെത്തിയിരുന്നത്.
2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണിനെതിരേ വൻ പ്രതിഷേധം നടന്നിരുന്നു. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേസിന്റെ പശ്ചാത്തലം
2016നും 2019നുമിടയിൽ ഗുസ്തി ഫെഡറേഷന്റെ ഓഫീസിലും ബ്രിജ് ഭൂഷണിന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു താരങ്ങളുടെ പരാതി.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ 2023ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസ് കേസെടുക്കാൻ തയാറായത്. തുടക്കത്തിൽ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നെങ്കിലും പിന്നീട് ആ പരാതി പിൻവലിക്കപ്പെടുകയായിരുന്നു.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് ഏഴു പ്രതികള്ക്ക് കര്ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതി ജസ്റ്റീസ് കൗസര് എടപ്പഗത്ത് അധ്യക്ഷനായ സിംഗിള് ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.
കിരണ് പി.എസ്, ജീവന്, അനില് കുമാര്, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്ഥ് എസ്., ഷെഫീഖ് എന്നീ പ്രതികള്ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അപ്പീലുമായി പ്രതികള് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം അങ്ങേയറ്റം ഗൗരവമാണെന്ന് വിലയിരുത്തിയ കോടതി കസ്റ്റഡി കാലാവധി കഴിഞ്ഞത് അടക്കം നിരീക്ഷിച്ചാണ് ജാമ്യം നല്കിയത്. പ്രതികള്ക്ക് ജാമ്യം നല്കരുത് എന്നായിരുന്നു ഇഡിയുടെ വാദം.
11 പേരാണ് അപ്പീല് സമര്പ്പിച്ചിരുന്നത്, അതില് ഏഴ് പേര്ക്കാണ് ജാമ്യം അനുവദിച്ചത്. കേസില് 67 ദിവസം ജയിലില് കിടന്ന ശേഷമാണ് ഹൈക്കോടതി പ്രതികള്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നായിരുന്നു സിപിഎം പ്രവര്ത്തകരുടെ വാദം. കേസില് തങ്ങള്ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല് നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയത് അനാവശ്യമാണെന്നും ഹര്ജിയില് പറഞ്ഞിരുന്നു.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് വീണയുടെ വീട്ടില് ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില് ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്സിപ്പല് സെഷന്സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
മൂവാറ്റുപുഴ: ആറു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 46കാരന് 78 വര്ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷല് കോടതി.
കാസര്ഗോഡ് ജില്ലയിൽ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശിയെയാണു ജഡ്ജി എ. സമീര് ശിക്ഷിച്ചത്.വിധി കേട്ട പ്രതി കോടതിക്കുള്ളില് കുഴഞ്ഞുവീണു.
തുടര്ന്ന് മൂവാറ്റുപുഴ ജനറല് ആശുപത്രിയില് വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് പ്രതിയെ സെന്ട്രല് ജയിലിലേക്കു കൊണ്ടുപോയത്. 2019 ഡിസംബര് 16ന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് വിധി.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റി കേസില് കക്ഷിചേരാന് നടി അന്സിബ ഹസന് അവകാശമില്ലെന്ന് ശ്വേത മേനോന്. അന്സിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തെ തുടര്ന്നാണ് അന്സിബയുടെ നീക്കമെന്നും ശ്വേത എറണാകുളം മുന്സിഫ് കോടതിയില് നല്കിയ സത്യവാംഗ്മൂലത്തില് പറഞ്ഞു.
അഡ്ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാല് കക്ഷിചേരാനുള്ള അന്സിബയുടെ അപേക്ഷ നിയമപരമായി നിലനില്ക്കില്ല. അഡ്ഹോക് കമ്മിറ്റി കണ്വീനര് രമേഷ് പിഷാരടിക്കെതിരെ മാത്രമാണ് തന്റെ പരാതി. 'അമ്മ' പ്രസിഡന്റ് ആയി തുടരാനുള്ള അവകാശം സംരക്ഷിക്കാനായാണ് താന് ഈ കേസ് നല്കിയത്.
കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്സിബയുടെ ശ്രമം എന്നാണ് സത്യവാഗ്മൂലത്തില് പറയുന്നത്. അതിനാല് കക്ഷിചേരാനുള്ള അന്സിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ വാദം. ശ്വേത തെറ്റായ രേഖകള് നല്കിയെന്നാണ് കക്ഷിചേരാനുള്ള അന്സിബയുടെ അപേക്ഷയില് പറയുന്നത്.
എന്നാല് തെറ്റായ യാതൊരു രേഖകളും താന് നല്കിയിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില് ഇനി മുന്നോട്ടു പോകാന് താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. കേസില് ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാംഗ്മൂലവും രമേഷ് പിഷാരടി കോടതിയില് സമര്പ്പിച്ചിരുന്നു.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരേ 'അമ്മ' സംഘടന പ്രസിഡന്റ് ശ്വേത മേനോന് നല്കിയ ഹര്ജി എറണാകുളം മുന്സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില് കക്ഷിചേരാന് ആവശ്യപ്പെട്ട് നടി അന്സിബ ഹസന് നല്കിയ അപേക്ഷയിലും ഇന്ന് വാദം നടക്കും. അന്സിബയെ കക്ഷിചേര്ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്ക്കങ്ങളില് നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില് ഇനി മുന്നോട്ടു പോകാന് താത്പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന് മുഖേനെയാണ് കോടതിയെ അറിയിച്ചത്. കേസില് ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാഗ്മൂലവും രമേഷ് പിഷാരടി കോടതിയില് സമര്പ്പിച്ചിരുന്നു.
അതേസമയം, ജനറല് ബോഡി യോഗത്തിനിടെ ശ്വേത മേനോന് രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കായി രമേഷ് പിഷാരടി കണ്വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല് സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന് കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്ജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് വിലക്കേര്പ്പെടുത്തുകയും കണ്വീനറായ രമേശ് പിഷാരടിയെ എതിര്കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്ന്നാണ് കേസില് നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.
Kerala
കല്പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില് പ്രതിക്ക് അഞ്ച് വര്ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി കാപ്പംകൊല്ലി പന്തലംകുന്നേല് പി.എ. റഷീദിനെയാണ് (50) ഫാസ്റ്റ്ട്രാക്ക് സ്പെഷല് കോടതി ജഡ്ജ് കെ.ആര്. സുനില്കുമാര് ശിക്ഷിച്ചത്.
2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കല്പ്പറ്റ എസ്എച്ച്ഒ ആയിരുന്ന പി. പ്രമോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല് പ്രോസിക്യൂട്ടര് ജി.ബബിത ഹാജരായി.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്ഥി അഭിമന്യു രാഷ്ട്രീയ സംഘര്ഷത്തിനിടെ കൊല്ലപ്പെട്ട കേസ് ഓഗസ്റ്റ് ആറിന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വീണ്ടും പരിഗണിക്കും. പ്രതികള്ക്കെതിരേ കൂടുതല് വകുപ്പുകള് ചുമത്തണമെന്ന ആവശ്യം അന്ന് പരിഗണിക്കും.
വിചാരണയുടെ സമയക്രമം സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 323-ാം വകുപ്പ്കൂടി പ്രതികള്ക്കെതിരേ ചുമത്തണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കുകയാണെങ്കില് പുതിയ വകുപ്പ്കൂടി ഉള്പ്പെടുത്തിയുള്ള പുതുക്കിയ കുറ്റപത്രം വിചാരണ തുടങ്ങുന്നതിന് മുമ്പ് പ്രതികളെ വീണ്ടും വായിച്ചു കേള്പ്പിക്കും.
Kerala
കൊച്ചി: അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന് താനില്ലെന്ന് രമേഷ് പിഷാരടി എംഎല്എ. 'അമ്മ' അധികാര തര്ക്കത്തില് അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന് എറണാകുളം മുന്സിഫ് കോടതിയില് നല്കിയ ഹര്ജിയിലാണ് പിഷാരടി നിലപാട് അറിയിച്ചത്.
അഡ്ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന് താന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല് ഹര്ജി തള്ളണമെന്നാണ് പിഷാരടിയുടെ ആവശ്യം. കേസില് കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്സിബ നല്കിയ അപേക്ഷ കോടതി കേള്ക്കും. അന്സിബയെ കക്ഷി ചേര്ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ജനറല് ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേത മേനോനും എക്സിക്യൂട്ടീവ് അംഗങ്ങളും രാജി പ്രഖ്യാപിച്ച് പുറത്തേക്ക് പോയതിന് പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തില് അഡ്ഹോക് കമ്മിറ്റി വന്നത്. എന്നാല് ഔദ്യോഗികമായി രാജിവയ്ക്കാതിരുന്ന ശ്വേത തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകളില് അടക്കം നിരപരാധിത്വം തെളിയിക്കാതെ പുറത്തു പോവില്ലെന്ന് വ്യക്തമാക്കി തിരിച്ചെത്തുകയായിരുന്നു.
പിന്നാലെ ശ്വേത നടത്തിയ നിയമപോരാട്ടത്തില് അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏര്പ്പെടുത്തിയിരുന്നു. വിലക്കിന് പിന്നാലെ സംഘടനയെ കോടതി കയറ്റാന് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് രമേഷ് പിഷാരടി കമ്മിറ്റിയില് നിന്നും രാജി വച്ചിരുന്നു.
Kerala
തലശേരി: അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാര്ഥി നിതിന്രാജ് കോളജ് കെട്ടിടത്തില്നിന്നു ചാടി മരിച്ച സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഡോ. എം.കെ. റാമിനെ 27ന് കോടതിയിൽ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഹർജിയെത്തുടർന്നാണു നടപടി. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം തിങ്കളാഴ്ച ഹർജി നല്കും.
വ്യാഴാഴ്ചയാണു റാമിനെ അറസ്റ്റ് ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരുന്നത്. തുടർന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ കീഴടങ്ങിയ പ്രതിയെ വ്യാഴാഴ്ച രാത്രിതന്നെ കോടതി റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.
കുടകില്നിന്ന് അറസ്റ്റിലായ റാമിനെ തലശേരി ജില്ലാ സെഷൻസ് കോടതി അറസ്റ്റ് റദ്ദ് ചെയ്ത് വിട്ടയച്ചിരുന്നു. അറസ്റ്റിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നത്.
തുടർന്ന് രാത്രി എട്ടോടെ കോടതിക്കു പുറത്തിറങ്ങിയ ഉടന് ഡിവൈഎസ്പി സുധീർ കല്ലേന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം റാമിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും രാത്രി വൈകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ അറസ്റ്റിന് അനുമതി തേടി സെഷൻസ് കോടതിയെ സമീപിച്ചതും വീണ്ടും അറസ്റ്റ് നടന്നതും.
Kerala
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര് കാളിരാജ് മഹേഷ്കുമാറിനെതിരെ നടി അന്സിബ കോടതിയില്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി നല്കിയിട്ടും കേസെടുത്തില്ല എന്നാണ് അന്സിബയുടെ പരാതി.
നടി ലക്ഷമിപ്രിയക്ക് എതിരെ നല്കിയ പരാതിയിലാണ് സംഭവം. പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരെയും നടപടി വേണമെന്നാണ് അന്സിബയുടെ ആവശ്യം.
എറണാകുളം ജുഡീഷല് മജിസ്ട്രേറ്റ് കോടതിയിലെത്തി സ്വകാര്യ അന്യായത്തില് നടി മൊഴി നല്കി. ഹര്ജിയില് കോടതി മേലുദ്യോഗസ്ഥരുടെ വിശദീകരണം തേടി. ഹര്ജി ഓഗസ്റ്റ് അഞ്ചിനു പരിഗണിക്കും.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഗുരുതര പരാതി നല്കിയിട്ടും പോലീസ് ഉദ്യോഗസ്ഥര് നടപടി സ്വീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായി എന്നാണ് അന്സിബയുടെ ആരോപണം.
ലക്ഷ്മിപ്രിയക്കെതിരെ അന്സിബ നല്കിയ കേസില് വിധി വരാനിരിക്കെയാണ് സിറ്റി പോലീസ് കമ്മീണര്ക്കെതിരെ നടി പരാതി നല്കിയത്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം. കെ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ തലശേരി എസ്സി - എസ്ടി സ്പെഷ്യൽ കോടതിയുടെ കടുത്ത താക്കീത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ കടുത്ത നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ നേരിട്ട് വിളിച്ചുവരുത്തിയ കോടതി അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ സുപ്രീംകോടതി നൽകിയിട്ടുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് ചോദിച്ചു.
എന്നാൽ അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഡിവൈഎസ്പി കോടതിയിൽ നൽകിയ വിശദീകരണം. ഡിവൈഎസ്പി സമർപ്പിക്കുന്ന രേഖാമൂലമുള്ള വിശദീകരണം വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്ന് കോടതി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള പുതിയ ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് ഡോ. റാമിന്റെ ഭാര്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
Kerala
കൊച്ചി: രോഗിയായ അമ്മയ്ക്കൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില് കഴിയുന്ന 11 കാരിക്ക് പഠനസൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി.
കുട്ടിയുടെ പഠനത്തിന് പ്രൈവറ്റ് ഇന്സ്ട്രക്ടറെ രണ്ടാഴ്ചയ്ക്കകം ഏര്പ്പെടുത്തണമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
കുട്ടിയുടെ മാനസിക ഉല്ലാസത്തിനായി താത്പര്യമുള്ള വിനോദങ്ങളില് ഏര്പ്പെടാന് അവസരമൊരുക്കണമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനും സാമൂഹ്യനീതി ഡയറക്ടര്ക്കും കോടതി നിര്ദേശം നല്കി.
കഴിഞ്ഞ 18ന് ജഡ്ജിമാര് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം സന്ദര്ശിച്ചപ്പോഴാണ് പെണ്കുട്ടിയെ കണ്ടുമുട്ടിയത്. കുട്ടിക്ക് സ്വന്തമായി മറ്റൊരു ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്നു വിലയിരുത്തിയാണ് സംരക്ഷണത്തിന് കോടതി പ്രത്യേക നിര്ദേശം നല്കിയത്.
പെണ്കുട്ടിയുടെ നിസഹായാവസ്ഥ അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നു.
Kerala
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ സംഭവം നടന്ന് ഒന്നര വർഷത്തിനു ശേഷമാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (നാല്) വിധി പറഞ്ഞത്.
കൊലപാതകം മന്ത്രവാദിയുടെ വാക്കു വിശ്വസിച്ച്
2019 ഓഗസ്റ്റ് 31 നാണ് ചെന്താമര ആദ്യത്തെ കൊലപാതകം നടത്തിയത്. തന്റെ അയൽവാസിയായ തിരുത്തംപാടം ബോയൻ ഉന്നതിയിലെ സജിതയെ (35) വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന സംശയമാണു കൊലപാതകത്തിലേക്കെത്തിച്ചത്. മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും അടിമയായിരുന്നു ചെന്താമര.
നീണ്ട മുടിയുള്ള ഒരു സ്ത്രീയാണു കുഴപ്പങ്ങൾക്കു കാരണമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് സജിതയോടു ചെന്താമരയ്ക്കു പക തോന്നിയത്. ഇതിനു സുധാകരൻ കൂട്ടുനിന്നതായും അയാൾ വിശ്വസിച്ചു. തന്റെ ജീവിതം ഇല്ലാതാക്കിയവരെ തീർക്കുക എന്ന പകയോടെയാണു ചെന്താമര പ്രവർത്തിച്ചത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണു ജാമ്യത്തിലിറങ്ങി 2025 ജനുവരി 27ന് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവ് ലംഘിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പോലീസിൽ പരാതിനൽകിയിരുന്നു.
നാട്ടുകാരും പരാതി നൽകി. കേസെടുത്ത് കോടതിയെ അറിയിച്ചെങ്കിലും ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. ഇതാണ് ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ചത്. സ്കൂട്ടറുമായി വീട്ടിൽനിന്നിറങ്ങിയ സുധാകരനെ തന്റെ വീടിനു മുന്നിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സുധാകരൻ സംഭവസ്ഥലത്തുവച്ചും ലക്ഷ്മി ആശുപത്രിയിൽവച്ചും മരണപ്പെട്ടു.
ആശ്വാസം, പോത്തുണ്ടിയിലെ വീട്ടിലേക്കു മടങ്ങും:പുഷ്പ
ചെന്താമരയ്ക്കു വധശിക്ഷ ലഭിച്ചതിൽ സന്തോഷവും ആശ്വാസവുമുണ്ടെന്നു കേസിലെ പ്രധാന സാക്ഷിയും സുധാകരന്റെയും ചെന്താമരയുടെയും അയൽവാസിയുമായ പുഷ്പ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതുവരെ പുറത്തിറങ്ങാൻ ഭയമായിരുന്നു. ഇനി പോത്തുണ്ടിയിലെ വീട്ടിലേക്കു തിരിച്ചുപോകും.
മൂന്നു കൊലപാതകങ്ങൾ നടത്തിയതോടെ ജീവഭയത്താലാണു ചെന്താമരയുടെ ലിസ്റ്റിലുണ്ടായിരുന്ന പുഷ്പ നാടുവിട്ടത്. പുഷ്പയെ കൊല്ലാൻ കഴിയാത്തതിന്റെ നിരാശ ചെന്താമര പോലീസിനോടു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് പുഷ്പ കഴിയുന്നത്.
ഹൈക്കോടതിയെ സമീപിക്കും: പ്രതിഭാഗം
ചെന്താമരയ്ക്കു വധശിക്ഷ വിധിച്ച സാഹചര്യത്തിൽ വിചാരണക്കോടതിയുടെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു. കേസിൽ പ്രതിഭാഗത്തുനിന്നു യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കോടതി തെളിവുകൾ വിലയിരുത്തിയതിൽ ഗുരുതരമായ പോരായ്മ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ കോടതി സമഗ്രമായി വിശകലനം ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവുകളൊന്നും കുറ്റം തെളിയിക്കുന്ന തരത്തിൽ ഹാജരാക്കിയിട്ടില്ലെന്നും ജേക്കബ് മാത്യു കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാംവർഷ ഡെന്റൽ വിദ്യാർഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഡോ. എം.കെ. റാമിനെ വിട്ടയച്ച് കോടതി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റാമിനെ വിട്ടയത്. റാമിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഇതിനുപിന്നാലെ റാമിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചതാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്.ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അനാട്ടമി വിഭാഗം മേധാവിയായിരുന്ന റാം ഇന്ന് പുലർച്ചെയാണ് അറസ്റ്റിലായത്.
കുടകിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ ക്രൈബ്രാഞ്ച് വിഭാഗമാണ് റാമിനെ ഇന്നു പുലർച്ചയോടെ അറസ്റ്റ് ചെയ്ത് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇതോടെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ ഏപ്രില് 10നാണ് നിതിന്രാജ് കോളജ് കെട്ടിടത്തില് നിന്ന് ചാടി ജീവനൊടുക്കിയത്. ഡോ. എം.കെ. റാമുൾപ്പടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു.
നിതിൻ രാജിന്റെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ ഡോ. എം.കെ. റാം മുൻകൂർ ജാമ്യഹർജിക്കായി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. സുപ്രീം കോടതിയിലും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 14ന് സുപ്രീം കോടതിയും തള്ളുകയായിരുന്നു.
ക്രൈംബ്രാഞ്ച് പ്രതിക്കായി സ്വദേശമായ ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കുടകിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. താടി വളർത്തി രൂപമാറ്റം വരുത്തി പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു ഇയാൾ കുടകിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ക്രൈബ്രാഞ്ച് എസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത് കൊടേരിയും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡോ. റാമിന് പുറമെ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ഇരുവരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഗീതയ്ക്ക് ഏപ്രില് 25ന് തലശേരി നാലാം അഡീഷണല് ജില്ലാ കോടതി മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്, ഒന്നാം പ്രതിയായ റാമിന്റെ ഹർജി പരിഗണിച്ച കോടതി കേസില് ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും കീഴ്ക്കോടതിയുടെ നിരീക്ഷണം ശരിവച്ചാണ് മുൻകൂർ ജാമ്യഹർജികൾ തള്ളിയത്. സുപ്രീം കോടതി ഡോ. റാമിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
Kerala
പാലക്കാട്: പ്രോസിക്യൂഷന് സാക്ഷികളുടേയും പോലീസിന്റേയും ശക്തമായ സഹകരണം പരമാവധി ശിക്ഷ പ്രതിക്ക് നേടിക്കൊടുക്കാന് സഹായിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടര് എം.ജെ. വിജയകുമാര് പറഞ്ഞു.
സാക്ഷികളെ ഭയമില്ലാതെ കോടതിയിലെത്തിക്കാന് വളരെ ബുദ്ധിമുട്ടേണ്ടിവന്നു. സാക്ഷികള്ക്ക് ചെന്താമരയെ അത്രമാത്രം ഭയമായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങള് തള്ളിക്കളയുകയും ചെയ്തു. പ്രതിയുടെ സ്വഭാവം, കൊല നടത്തിയ രീതി, മാനസാന്തരത്തിനുള്ള സാധ്യതയില്ലായ്മ എന്നിവ കോടതിക്ക് വ്യക്തമായി മനസിലാക്കിക്കൊടുക്കാന് പ്രോസിക്യൂഷന് കഴിഞ്ഞു.
ശക്തമായ അന്വേഷണത്തിലൂടെ 56 ദിവസം കൊണ്ട് കുറ്റപത്രം നല്കാന് കഴിഞ്ഞത് അന്വേഷണസംഘത്തിന്റെ മികവാണെന്ന് കോടതി നിരീക്ഷിച്ചതായും പ്രോസിക്യൂട്ടര് പറഞ്ഞു. സമൂഹത്തിന് ശക്തമായ ഒരു സന്ദേശമാണ് ഈ വിധിയെന്നും പ്രോസിക്യൂട്ടര് പറഞ്ഞു.
സുധാകരന്റെ മകള്ക്ക് ജോലി നല്കുന്ന കാര്യം സര്ക്കാര് പരിഗണിക്കണമെന്നും കോടതി നിര്ദേശിച്ചതായും പ്രോസിക്യൂട്ടര് പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തില് പ്രതിക്ക് പരോള് ലഭിച്ചാല് സാക്ഷികളുടേയും സുധാകരന്റെ മക്കളുടേയും ബന്ധുക്കളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതിവിധിയില് സന്തോഷം: സുധാകരന്റെ പെണ്മക്കള്
പാലക്കാട്: കോടതിവിധിയില് സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. കോടതിയില് വിശ്വസമുണ്ടായിരുന്നു. എല്ലാവര്ക്കും നന്ദിയുണ്ട്. ഇനി ആ വീട്ടിലേക്ക് തിരിച്ചുപോവില്ല. പഴയ ഓര്മകള് വേട്ടയാടുന്നു. അവിടെ ആരും ഇല്ലാത്തതിനാല് പോകാന് കഴിയില്ല. ചെന്താമരയ്ക്ക് ഇപ്പോഴും യാതൊരു കൂസലില്ലെന്നും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കുട്ടികള് കണ്ണീരോടെ പ്രതികരിച്ചു.
Kerala
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഈ മാസം 20ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക.
വിധിപ്രസ്താവത്തിന് മുന്നോടിയായി പ്രതിയുടെ മാനസിക നിലയും കൗൺസിലിംഗ് വിവരങ്ങളും അടങ്ങിയ മിറ്റിഗേഷൻ റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ടിനെച്ചൊല്ലി കോടതിയിൽ ഇരുഭാഗവും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്.
പ്രതിക്ക് അനുകൂലമായ മിറ്റിഗേഷൻ റിപ്പോർട്ടിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. പ്രതിയായ ചെന്താമര നൽകിയ മൊഴികൾ അതേപടി പകർത്തിവെച്ചതല്ലാതെ റിപ്പോർട്ടിൽ സ്വതന്ത്രമായ കണ്ടെത്തലുകളൊന്നുമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് ശരിയായ ചികിത്സ നൽകാത്തതിനാലാണ് രണ്ടാമത്തെ കൊലപാതകം നടന്നതെന്ന റിപ്പോർട്ടിലെ പരാമർശം തികച്ചും തെറ്റാണെന്നും പ്രൊസിക്യൂഷൻ വാദിച്ചു. ജയിലിൽ പണിയെടുത്തു കിട്ടുന്ന തുക ഇരയായ സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാഗ്ദാനം വെറും തന്ത്രം മാത്രമാണ്. ചെയ്ത ക്രൂരതയിൽ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും, ഭാര്യയും മകളും ഉപേക്ഷിച്ചു പോയതിൽ മാത്രമാണ് ചെന്താമരയ്ക്ക് വിഷമമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ചെന്താമരയ്ക്ക് ഭാവിയിൽ മാനസാന്തരമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർഥിച്ചു.
NRI
വിൽസൺ (നോർത്ത് കരോളിന): അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്ത് വിൽസൺ കൗണ്ടി കോടതിമുറ്റത്ത് തിങ്കളാഴ്ച നടന്ന വെടിവയ്പിൽ 19 വയസുകാരിക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ അബ്ദുൽ കരീം മുസ്തഫയെ (21) പോലീസ് അറസ്റ്റ് ചെയ്തു.
കോടതിക്ക് മുന്നിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മുസ്തഫ, കോടതിയിലേക്ക് പ്രവേശിക്കുകയായിരുന്ന യുവതിയുടെ സമീപത്തെത്തി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിന്റെയും നേരെയും പ്രതി വെടിയുതിർത്തു. ഏറ്റുമുട്ടലിൽ ഒരു വിൽസൺ പോലീസ് ഉദ്യോഗസ്ഥനും ഒരു വിൽസൺ കൗണ്ടി ഷെറിഫ് ഡെപ്യൂട്ടിക്കും പരിക്കേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
വെടിവയ്പിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സമീപപ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.