സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് ആൺകുട്ടികൾ മരിച്ച കേസിലെ പ്രതിയായ മെക്സിക്കൻ സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു.
സംഭവസമയത്ത് ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച എറി ഒട്ടോണിയൽ, റോബ്ലെറോ പെരസ് എന്നയാൾക്കെതിരേയാണ് കോടതി നടപടി.
കേസിന്റെ അടുത്ത വാദം ജൂൺ 18ന് നടക്കും. ഏപ്രിൽ 12ന് സൗത്ത് കരോലിനയിലെ ഒരു നടപ്പാതയിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന പത്രണ്ടും ഒമ്പതും വയസുള്ള രണ്ട് ആൺകുട്ടികളെ പെരസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കുട്ടികളിലൊരാളുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു അപകടം നടന്നത്. ഇതേ വാഹനത്തിലുണ്ടായിരുന്ന രണ്ടാമത്തെയാൾ അപകടസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
പെരസ് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ഇയാൾക്കെതിരേ കേസുണ്ട്.
പ്രതി ഒരു യുഎസ് പൗരനല്ലാത്തതിനാൽ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സമൂഹത്തിന് ഭീഷണിയാണെന്നും വിലയിരുത്തിയാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്. ഓരോ കുറ്റത്തിനും 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
പ്രതി അനധികൃതമായാണ് അമേരിക്കയിൽ എത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം സ്ഥിരീകരിച്ചു. ഇയാൾക്കെതിരേ ഐസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Tags : Eri Otoniel Roblero Perez Bond Accident USA Court