കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരേയുള്ള പരാതി പരിഗണിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചത്.
തൃശൂരിലെ കെഎസ്യു നേതാവ് ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി. മറ്റു പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ഹൈന്ദവസ്ഥാനാര്ഥികളെ നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന് സമൂഹമാധ്യമത്തിൽ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 1988 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എന്നിവപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.
തെരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു നിരീക്ഷണവും നടത്തുന്നത് ഉചിതമല്ലെന്നും എന്നിരുന്നാലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി പരിഗണിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
വിദ്വേഷ പരാമര്ശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാല്‍ സ്ഥാനാര്‍ഥിയെ വിലക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കമ്മീഷന് വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകള്‍ ഈ ദിവസങ്ങളില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ലംഘനങ്ങളുണ്ടായാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനു കാരണമാകുന്നതായാണ് തോന്നിയിട്ടുള്ളതെന്നും പലപ്പോഴും കോടതിവിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലും പെരുമാറ്റച്ചട്ടം ഒരു കാരണമായി അധികൃതര്‍ പറയാറുണ്ടെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഭരണനിശ്ചലാവസ്ഥയ്ക്കു കാരണമില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും കമ്മീഷന് വിശദീകരിച്ചു.
Tags : Communal remarks complaint B. Gopalakrishnan campaign Court Election commission