Kerala
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ (ടിഡിബി) സാമ്പത്തിക മാനേജ്മെന്റിൽ ഹൈക്കോടതി പോരായ്മകള്‍ കണ്ടെത്തി.
ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലുടനീളം കേന്ദ്രീകൃത കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അടിയന്തരമായി കോടതി നിര്‍ദേശം നല്കി. കൈവശമുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്കു മാറ്റുന്നതിനായി ഡാറ്റാ മൈഗ്രേഷന്‍ പ്ലാന്‍ തയാറാക്കണം.
പഴയ സോഫ്റ്റ്വേറുകള് ഘട്ടങ്ങളായി ഒഴിവാക്കണം. അതിനുമുമ്പ് അതിലെ വിവരങ്ങള്‍ സുരക്ഷിതമായി ബാക്കപ് ചെയ്യണം. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
2025 സെപ്റ്റംബര്‍ 29ന് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ സംബന്ധിച്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അപ്പയ്യസംഗമത്തിന്റെ കണക്കുകളില്‍ ബോര്‍ഡിന്റെ ഓഡിറ്ററായ വിജയന് ആന്‍ഡ് അസോസിയേറ്റ്സ് വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും സ്പോണ്സര്ഷിപ്പുകള് വഴി മാത്രമേ ധനസഹായം ലഭിക്കൂ എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ അംഗീകാരത്തോടെ പരിപാടി നടത്തിയത്. നിശ്ചിതസമയത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്ററോടു വര്‍ഷങ്ങളായി നടത്തിയ ഓഡിറ്റുകളില്‍ ശ്രദ്ധയില്‍പ്പെട്ട അപാകതകള്‍, പോരായ്മകള്‍, വീഴ്ചകള്‍ എന്നിവ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും നിർദേശിക്കുകയുണ്ടായി.
സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്വം എന്നിവയെ ബാധിക്കുന്ന പോരായ്മകളും വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നവയാണ് റിപ്പോര്‍ട്ടെന്നു കോടതി കണ്ടെത്തി.
ആസ്തികള്‍, ബാധ്യതകള്‍, നിയമപരമായ കുടിശികകള്‍ എന്നിവയുള്‍പ്പെടെ ബോര്‍ഡിന്റെ യഥാര്‍ഥ സാമ്പത്തികസ്ഥിതി നിര്‍ണയിക്കാന്‍ കഴിയാത്തതും ജിഎസ്ടി, ആദായനികുതി ഫയലിംഗുകളിലെ കാലതാമസം ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്.
Business
കൊച്ചി: ഇന്ധന വിതരണത്തിൽ ക്രമക്കേട് നടത്തിയ 53 വിതരണക്കാർക്കെതിരേ നടപടിയെടുത്തെന്നു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ).
20 ഏജൻസികളുടെ വിതരണാവകാശം സസ്പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി. രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിലാണ് ക്രമക്കേട് നടത്തിയവർക്കെതിരേ നടപടി സ്വീകരിച്ചതെന്നു കമ്പനി അറിയിച്ചു.
സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പെട്രോളിന്റെയും എൽപിജിയുടെയും വിതരണം സുഗമമായി നടക്കുന്നതായി എച്ച്പിസിഎൽ അറിയിച്ചു. കുപ്രചാരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്പിസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്.
ഏപ്രിൽ നാലിനു മാത്രം വ്യാപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കണക്കിലെടുത്തു ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി വിതരണം കാര്യക്ഷമമാക്കിയതായും എച്ച്പിസിഎൽ അറിയിച്ചു.
Kerala
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
സ്വർണം സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി എടുത്തിരുന്നു. എഎസ്പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയിട്ടുണ്ട്. ഇതിൽ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയുടെ മാനസികാരോഗ്യനില മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം 17നു പരിശോധിക്കും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചതിനെതുടർന്ന് റിമാൻഡിൽ കഴിയുന്ന പ്രതിയെ അന്ന് മെഡിക്കൽ ബോർഡിനു മുന്പിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനു കോടതി നിർദേശം നൽകി.
ലോട്ടറി ക്ഷേമനിധി ബോർഡിലെ സാന്പത്തിക ക്രമക്കേട് കേസിലെ ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീതിന്റെ മാനസികനിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഭാഗത്തു നിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ കോടതി രണ്ടാമതും നോട്ടീസ് അയച്ചു. തുടർന്നു സൂപ്രണ്ട് രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതി അനിൽ കുമാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രതി സംഗീത് മാനസിക രോഗിയായതിനാൽ കസ്റ്റഡിയിൽ നൽകരുതെന്നു പ്രതിഭാഗം വാദിച്ചു. സാന്പത്തിക ക്രമക്കേടു നടത്തിയപ്പോൾ മാനസിക രോഗം ഇല്ലായിരുന്നോ എന്നു പ്രതിഭാഗത്തോടു കോടതി വാക്കാൽ ചോദിച്ചിരുന്നു.
സംഗീതിനെ കസ്റ്റഡിയിൽ ലഭിക്കാത്തതിനാൽ അനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസും തയാറായില്ല. ഈ സാഹചര്യത്തിലാണ് സംഗീതിനെ പരിശോധിച്ച് റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിനു നിർദേശം നൽകിയത്. ലോട്ടറി തൊഴിലാളികൾക്ക് അടയ്ക്കാനുള്ള അംശദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനിൽ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി രൂപ തട്ടിയെടുത്തത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.
നിലവിൽ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റയും ദേവസ്വം വിജിലൻസിന്റെയും കൈയിലാണ് സ്വർണക്കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട രേഖകളുള്ളത്. ഇത് വിജിലൻസ് സംഘം പരിശോധിക്കും.
2017ൽ കൊടിമര പുനർനിർമാണത്തിന് ശേഖരിച്ച സ്വർണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച വിജിലൻസിന് നിർദേശം നൽകിയിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും.
കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ മുഖ്യപ്രതി ക്ലർക്ക് സംഗീതിന്റെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാറും അറസ്റ്റിൽ. ക്ഷേമനിധി പണം വീടുവയ്ക്കാനായി കോൺട്രാക്ടർ അനിലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങികൂട്ടി. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി. ലോട്ടറി ക്ഷേമനിധി ബോർഡിൽ ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്.
സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.