Kerala
കൊച്ചി: മള്‍ട്ടിപ്ലക്സുകളിലെയും സിനിമാ തിയറ്ററുകളിലേയും ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ മാളുകളില്‍ പരിശോധന നടത്തി സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍.
എംജി റോഡിലുള്ള സെന്റര്‍ സ്ക്വയര്‍ മാളിലെ തിയറ്ററുകളിലെ ഫുഡ് സ്റ്റാളുകളിലാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. വൈറ്റിലയിലെ ഫോറം മാളിലും മരടിലെ ന്യൂക്ലിയസ് മാളിലുമടക്കം പരിശോധന നടക്കുന്നുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. കൃത്യമായ റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് മാധ്യമങ്ങളോട പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റിലാണോ വില്‍പ്പന നടത്തുന്നത്, വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും നോക്കുന്നതെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് പറഞ്ഞു.
Kerala
കൊച്ചി: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം നടത്തിയ വൈറ്റ്ലൈന്‍ ലൈഫ്ലൈന് സ്പെഷല്‍ ഡ്രൈവില്‍ പിഴ ഈടാക്കിയത് 2,50,631 രൂപ.
കേരള പൊലിസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് ഓഗസ്റ്റ് 20 മുതല്‍ 25 വരെ സ്പെഷല്‍ ഡ്രൈവ് നടത്തിയത്. 55,207 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 1,038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി.
കാല്‍നടയാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.
സീബ്ര ക്രോസിംഗ്, സുരക്ഷിതമായ ഡ്രൈവിംഗ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. സമാനമായ സ്പെഷല്‍ ഡ്രൈവുകള്‍ തുടരുകയും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലിസ് മേധാവികള്‍, ട്രാഫിക് സോണല്‍ പൊലിസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
Kerala
കൊച്ചി: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം നടത്തിയ വൈറ്റ്ലൈന്‍ ലൈഫ്ലൈന് സ്പെഷല്‍ ഡ്രൈവില്‍ പിഴയീടാക്കിയത് 2,50,631 രൂപ.
പൊലിസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് ഓഗസ്റ്റ് 20 മുതല്‍ 25 വരെ സ്പെഷല്‍ ഡ്രൈവ് നടത്തിയത്. 55,207 വാഹനങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ 1,038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ സസ്പെൻഷനിലായ കോട്ടയത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സന്പാദനത്തിൽ അടക്കം വിജിലൻസ് പരിശോധന തുടങ്ങി.
വിജിലൻസ് എറണാകുളം സ്പെഷൽ സെൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വിജിലൻസ് ഇവരുടെ മുഴുവൻ നടപടികളിലും രഹസ്യ പരിശോധന തുടങ്ങിയിരുന്നു.ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തു സന്പാദനം സംബന്ധിച്ചു പരിശോധന നടത്തണമെന്ന് അഭ്യർഥിച്ച് എക്സൈസ് കമ്മീഷണർ, കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു.
ബാറുടമകളിൽ നിന്ന് മാസപ്പടികൈപ്പറ്റിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെ കൂടാതെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ എം.മാനുവൽ, പ്രവീണ്‍ ശിവാനന്ദ്, ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ടി. സന്തോഷ്, ചങ്ങനാശേരി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസർ കെ.ഷിജു, ചങ്ങനാശേരി എക്സൈസ് സർക്കിൾ ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ എ.എസ്.വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
District News
പത്തനംതിട്ട: ഓണക്കാലത്ത് പകര്‍ച്ചവ്യാധികൾ തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങളും ഏകാരോഗ്യസമീപനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടത്തുന്ന രോഗപ്രതിരോധ, ശുചീകരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ഓണക്കാലത്തും വേണം ആരോഗ്യ ജാഗ്രത എന്ന സന്ദേശവുമായി പ്രത്യേക ആരോഗ്യ കാന്പെയിനും നടപ്പാക്കും. ഇതിന്റെ ഭാഗമായി 24 വരെ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ശക്തമാക്കും.
കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷ്യ ഉത്പാദന-വിതരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓണം ഫുഡ് ഫെസ്റ്റുകള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തും. ആഹാരം, പാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃതം ശക്തമായ നടപടി സ്വീകരിക്കും.
ഓണക്കാലത്ത് ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത്കാര്‍ഡ് ഉണ്ടാകണം. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്. പകര്‍ച്ചവ്യാധിയുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യരുത്. ഓണവിഭവങ്ങള്‍ തയാറാക്കുമ്പോള്‍ സിന്തറ്റിക് നിറങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കരുത്. ഫില്‍റ്ററുകളിലും കാനുകളിലും ലഭിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ. ചട്ണി, സംഭാരം തുടങ്ങിയവ തയാറാക്കുന്നതിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കണം.
കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്്കരണവും ശക്തമാക്കും. വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് സംസ്കരിക്കുകയും വേണം. പാത്രങ്ങള്‍, ബക്കറ്റുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധം കമഴ്ത്തിവയ്ക്കുകയോ മൂടിവയ്ക്കുകയോ ചെയ്യണം.
മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എലിപ്പനി പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികത്സയ്ക്ക് മുതിരാതെ ഉടന്‍ വൈദ്യസഹായം തേടണമെന്നും യോഗം നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ, രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കാനും തീരുമാനിച്ചു. ഓണക്കാലം രോഗവ്യാപനത്തിന് ഇടയാക്കാതെ ആരോഗ്യത്തോടെ ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ബോധവത്്കരണ പരിപാടി സംഘടിപ്പിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന തുടങ്ങി. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
ആദ്യ രണ്ട് ദിവസത്തിനിടയില്‍ 1808 സ്ഥാപനങ്ങളില്‍ സ്ക്വാഡുകള്‍ പരിശോധനകള്‍ നടത്തി.ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍ , സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉത്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 111 കടകള്‍ക്ക് പൊതുജനാ രോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നല്കി.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യല്‍, ശുചിത്വമില്ലായ്മ, മലിന ജലം പുറത്തേക്ക് ഒഴുക്കല്‍, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കല്‍, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കല്‍, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജല ഗുണ നിലവാര സര്ട്ടിഫിക്കെറ്റോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച പയ്യന്നൂര്‍, കാടാച്ചിറ, ഇരിട്ടി മേഖലയിലെ നാല് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി.
പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം ലംഘിച്ചതിനും പുകവലി നിരോധന ബോര്‍ഡ് സ്ഥാപിക്കാത്തതിനും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കോട്പ ആക്ട് പ്രകാരം 7800 രൂപ പിഴ ഈടാക്കി. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ, മാലിന്യം വലിച്ചെറിയല്‍, കടകളുടെ പരിസരത്ത് മലിന ജലം ഒഴുക്കിവിടല്‍, മത്സ്യ വില്പന സ്റ്റാളിലെ മലിനീകരണം എന്നീ നിയമ ലംഘനങ്ങള്‍ക്ക് കേരള പഞ്ചായത്തി രാജ് ആക്ട് പ്രകാരം1,44,000 രൂപ പിഴയും ചുമത്തി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പായം പഞ്ചായത്തിലെ വിവിധ സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് കാർഡ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. രണ്ടു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, കെ. സിജു , ജിതിൻ ജോർജ് എന്നിവർ പങ്കെടുത്തു.
അയ്യൻകുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗൺ, ആനപ്പന്തി, വലിയപ്പറമ്പിങ്കരി എന്നീ പ്രദേശത്തെ ഹോട്ടലുകൾ, കൂൾബാർ എന്നിവിടങ്ങളിൽ കരിക്കോട്ടക്കരിപ്രാഥമികരോഗ്യ കേന്ദ്ര അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ബീഫ്, ചോറ്, പൊറോട്ട എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ് രാമചന്ദ്രൻ, ഫാത്തിമ ഫിദ, ടി. ആതിര എന്നിവർ പങ്കെടുത്തു. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
District News
മുക്കം: മുക്കം നഗരസഭയിലെ ആറ്റുപുറം ഉന്നതിയിൽ വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ചെരിഞ്ഞ പ്രദേശമായതിനാലും വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതുമാണ് മണ്ണിടിച്ചിലിന് കാരണമെന്നും വലിയ അപകട ഭീഷണിയാണ് സ്ഥലത്തുള്ളതെന്നും ഫയർ ഓഫീസർ ഇ.കെ. സലീം പറഞ്ഞു.
വിള്ളൽ വീണ ഭാഗങ്ങൾ പ്ലാസ്റ്റിക് ഷീറ്റിട്ട് മുടിയതിനാലും മഴകുറഞ്ഞതിനാലും ഇപ്പോൾ പ്രശ്നമില്ല. പക്ഷെ ശക്തമായ മഴ പെയ്താൽ വീട്ടുകാരെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള എല്ലാ വീടുകളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കൂടാതെ കാരശേരി പഞ്ചായത്ത് ഓഫീസിന് എതിർവശത്തും എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ 30 മീറ്റർ അകലെയുള്ള സ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലവും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ രണ്ട് വീടുകൾക്ക് ഭീഷണിയുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തിരുവനന്തപുരം: അമിതവേഗവും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ എല്ലാ ദിവസവും 24 മണിക്കൂറും എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതയെ 100 കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിക്കും.
അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണു പുതിയ നടപടി.
ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.
അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷ്വറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് മുൻഗണന.
വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങൾ പോലീസിന്റെയും ദേശീയപാത അഥോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.
International
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും കുവൈറ്റ് അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയത്. വ്യാജ ഉത്പന്നങ്ങൾ സൂക്ഷിക്കുകയും യഥാർഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിൽക്കുന്നതായും അധികൃതർ കണ്ടെത്തി.
നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ കേസെടുത്ത് ഗോഡൗൺ ഉടൻ തന്നെ പൂട്ടിക്കുകയും ചെയ്തു. മറ്റൊരു പരിശോധനയിൽ ജഹ്റ, ഫർവാനിയ എമർജൻസി ടീമുകളും ആഭ്യന്തര മന്ത്രാലയവും ചേർന്ന് മന്ത്രാലയ ചട്ടങ്ങൾ ലംഘിച്ച ഒരു സലൂണും സ്പായും അടച്ചുപൂട്ടി. വരും ദിവസങ്ങളിൽ രാജ്യത്തുടന്നീളം ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
District News
നാദാപുരം :വൻ കിടകെട്ടിടങ്ങളിലെ തട്ടിപ്പുകൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി നടത്തിയ വിജിലൻസ് പരിശോധന നാദാപുരം പഞ്ചായത്തിലും.
കല്ലാച്ചി കനറാ ബാങ്കിന് സമീപത്തെ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിയത്.ഓപറേഷൻ പാർപ്പിടം എന്ന പേരിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി വിജിലൻസ് സംഘം പരിശോധന നടത്തിയത്.പഞ്ചായത്തിന് കീഴിൽ വൻകിട കെട്ടിടങ്ങളിൽ നടത്തിയ പരിശോധയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
പല കെട്ടിടങ്ങളിലെയും പ്ലാനുകളിൽ പാർക്കിംഗ് രേഖപ്പെടുത്തിയ സ്ഥലങ്ങൾ റൂമുകളാക്കിയും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇത്തരം കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നമ്പർ അനുവധിച്ച് പ്രവർത്തിച്ച് വരുന്നതായും വിജിലൻസ് സംഘം കണ്ടെത്തി.വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇൻസ്പെക്ടർ കെ.ശംഭുനാഥും സംഘവുമാണ് പരിശോധന നടത്തിയത്.
District News
കണ്ണൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയൻപാറയ്ക്കടുത്ത് ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലം പോലീസ്, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യൂഡി (നിരത്ത്) വിഭാഗങ്ങൾ സംയുക്തമായി 24 ന് പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു. അന്ന് തന്നെ വാരം ടൗണിൽ ഗതാഗതകുരുക്കിനിടയാക്കുന്ന സ്ഥലവും സന്ദർശിക്കണം.
നരയൻപാറയ്ക്കടുത്ത് അപകട സാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇവിടെ സുരക്ഷാ ബോർഡുകളും നോ ഓവർടേക്കിംഗ് ബോർഡും റമ്പിൾ സ്ട്രിപ്പുകളും സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു.
കണ്ണൂർ-കക്കാട് മെയിൻ റോഡിൽ സീബ്ര ലൈൻ, സ്കൂൾ സോൺ അടയാള ബോർഡുകൾ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദേശിച്ചിട്ടുണ്ട്. ഇരുവശത്തും നടപ്പാതയില്ലാത്ത ഭാഗത്ത് ഹാൻഡ് റെയ്ലോട് കൂടിയ നടപ്പാത നിർമിക്കണമെന്നും നിർദേശമുണ്ട്. ഈ ഭാഗത്ത് നടപ്പാതയിൽ കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ആറോൺ യുപി സ്കൂളിന് മുന്നിലെ റോഡിൽ സ്കൂൾ ഉണ്ടെന്നുള്ളതിന്റെ അറിയിപ്പോ അടയാളങ്ങളോ ഇല്ലെന്നും ഇത് അടിയന്തരമായി സ്ഥാപിക്കണമെന്നും കളക്ടർ നിർദേശിച്ചു.
വളപട്ടണം പാലം-പാപ്പിനിശേരി-പുതിയതെരു ഭാഗത്ത് തെരുവ് വിളക്ക് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കാൻ വളപട്ടണം ഗ്രാമപഞ്ചായത്തിന് നിർദേശം നല്‍കണം. തലശേരി-കൂത്തുപറമ്പ് റോഡിൽ ഓവുചാലിന്റെ സ്ലാബ് ഇളകി അപകടസാധ്യത ഉയർത്തുന്ന വിഷയത്തിൽ സ്ലാബുകൾ നന്നാക്കുന്ന പ്രവൃത്തി തുടങ്ങിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകി.
യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ, കിയാൽ സിഒഒ വി.കെ. അശ്വനി കുമാർ, കണ്ണൂർ സിറ്റി എസിപി (നർകോട്ടിക്സ്) വി.എ. സുരേഷ്, പൊതുമരാമത്ത് നിരത്ത്, ദേശീയപാത, മോട്ടോർ വാഹനം, കെഎസ്ആർടിസി, ജലസേചനം, ബിഎസ്എൻഎൽ, തദ്ദേശസ്വയം ഭരണം, പോലീസ്, റവന്യു, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Kerala
കൊച്ചി: ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പുഴുവരിച്ച ബിരിയാണി അടക്കം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ആലുവ നഗരത്തില്‍ തന്നെയുള്ള പ്രമുഖ ഹോട്ടലുകളിലാണ് രാവിലെ പരിശോധന നടത്തിയത്.
ആലുവ ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി മഹല്‍, നൂര്ജഹാന്, കമ്മത്ത് ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണപദാർഥങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തത്.
തലേദിവസത്തെ ബിരിയാണി, പഴകിയ പാല്, ഗുണനിലവാരമില്ലാത്ത പാചക എണ്ണ, പഴക്കമുള്ള ബീഫ് കറി, ചിക്കന്‍ എന്നിവ ആരോഗ്യവിഭാഗം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രാവിലെയായിരുന്നു ആലുവ നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡിന്റെ അപ്രതീക്ഷിത പരിശോധന നടന്നത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു ലഹരി ശൃംഖലകള്ക്കെതിരേയുള്ള "ഓപ്പറേഷന് തണ്ടറി’ന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ‘ഓപ്പറേഷന് ഹൈഡ്ഔട്ട്’എന്ന പേരില്‍ കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടത്തിയ മിന്നല്‍ പരിശോധനയില്‍ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളും പാക്കിംഗും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലായിരുന്നു പരിശോധന. വിവിധ ജില്ലകളിലെ 179 ലോഡ്ജുകളിലാണു പരിശോധന നടത്തിയത്.
പരിശോധനയില്‍ 14 മയക്കുമരുന്ന് കേസുകളും 79 പുകയില അധിഷ്ഠിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഉള്‍പ്പെടെ ആകെ 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3.2 ഗ്രാം മെത്താംഫിറ്റാമിനും 122 ഗ്രാം കഞ്ചാവും 126 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.
ഓരോ ജില്ലയിലും എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.
District News
ഏറ്റുമാനൂർ: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ഗേൾസ് സ്കൂളിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്കവിഭാഗക്ഷേമ മന്ത്രി കെ.എ. തുളസി മിന്നൽ പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ഒരു മണിക്കൂറോളം സ്കൂളിൽ ചെലവഴിച്ച മന്ത്രി അവിടെ പഠിക്കുന്ന വിദ്യാർഥിനികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
താമസ സൗകര്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കുട്ടികളുടെ അഭിപ്രായങ്ങൾ തേടിയ മന്ത്രി സ്കൂളിലെ അടുക്കള, ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങൾ, പഠനമുറികൾ, കുട്ടികളുടെ താമസ മുറികൾ, സ്കൂൾ അങ്കണം എന്നിവ നേരിട്ട് സന്ദർശിച്ച് നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷൽ ഗേൾസ് സ്കൂളുകൾ, പ്രീ മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മന്ത്രി കെ.എ. തുളസി സന്ദർശനം നടത്തുകയും വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറ്റുമാനൂരിലെ സന്ദർശനം.
Kerala
കൽപ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചെന്നും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽ കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശിയായ വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അന്മോൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കമ്പനി നൽകിയ കണക്കുകൾ പ്രകാരം വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നീ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ദിലീപ് എന്നയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇത്തവണ മഴക്കാലത്തിന് മുൻപ് തന്നെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി മന്ത്രി അനിൽകുമാർ പറഞ്ഞു.
ദുരന്തബാധിത പ്രദേശത്ത് ബുധനാഴ്ച പൂർണമായ പരിശോധന നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചതായും മന്ത്രിമാർ വ്യക്തമാക്കി. ദുരന്തസ്ഥലം നാല് സോണുകളാക്കി തിരിച്ച് ശാസ്ത്രീയ പരിശോധനയാണ് നടത്തുക.
മണ്ണുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പണികൾ ഉടൻ ആരംഭിക്കുമെന്നും മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.
District News
ഇരിട്ടി : ശുചിത്വ പരിശോധനയുടെ ഭാഗമായി കരിക്കോട്ടക്കരി ടൗണിൽ ആരോഗ്യ വിഭാഗവും പഞ്ചായത്തും വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തി.
മാലിന്യം കൂട്ടിയിട്ടത് കണ്ടതിനെ തുടർന്ന് ഹോട്ടൽ മധുരിമ, ഹോട്ടൽ ബ്രദേർസ്, ബിസ്മി ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യനിയമം പ്രകാരം നോട്ടീസ് നൽകി.
കരിക്കോട്ടക്കരി ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കും വലിച്ചെറിയുന്നവർക്കും നിയമ നടപടികൾ ഉണ്ടാകുമെന്നും ടൗൺ വൃത്തിയായി പരിപാലിക്കുവാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജെയ്സൺ, പഞ്ചായത്ത് ക്ലർക്ക് കെ.എം. റിനേഷ് എന്നിവർ പങ്കെടുത്തു.
International
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ കൈവശം വയ്ക്കുകയും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവുമാണ് പരിശോധന നടത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാനായിരുന്നു ഈ സ്ഥാപനങ്ങളുടെ ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി.
പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങളെല്ലാം അധികൃതർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ എട്ട് കടകൾ ഉടനടി പൂട്ടിപ്പിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കസ്റ്റഡി റിപ്പോർട്ടുകൾ ഫയൽ ചെയ്തതായും ആവശ്യമായ തുടർ നിയമനടപടികൾ ആരംഭിച്ചതായും സുരക്ഷാ വിഭാഗം അറിയിച്ചു.
District News
വെള്ളരിക്കുണ്ട്: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വെള്ളരിക്കുണ്ട് സബ് ആർടി ഓഫീസ് പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധനകൾ തുടങ്ങി. ഇതിനകം അമ്പതോളം വാഹനങ്ങളുടെ പരിശോധന പൂർത്തീകരിച്ചു.
ഏതാനും വാഹനങ്ങൾ അപാകതകൾ പരിഹരിച്ച് പുനഃപരിശോധനയ്ക്ക് ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. എംവിഐ വി.കെ. ദിനേശ് കുമാർ, എഎംവിഐമാരായ ദിനേശൻ കോടോത്ത്, എം.ഡി. സുധീർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു വാഹനവും സ്കൂൾ കുട്ടികളുടെ യാത്രയ്ക്കായി റോഡിലിറക്കാൻ അനുവദിക്കില്ലെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: ഓമശേരിയിൽ പ്രവർത്തിച്ചുവന്നിരുന്ന അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
ഓമശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിലായിരുന്നു പരിശോധന. 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
ഇതിൽ 29 സിലിണ്ടറുകൾ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്ന് ഗാര്‍ഹികേതര ആവശ്യത്തിനുള്ളവയിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തു.
Kerala
കോടാലി (തൃശൂർ): കഴിഞ്ഞ ദിവസം കുട്ടികൾക്ക് പാമ്പുകടിയേറ്റ കോടാലി കടമ്പോടുള്ള കാവുങ്ങൽ സിൽജോയുടെ വീട്ടിൽ വീടിന്റെ തറ പൊളിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.
വ്യാഴാഴ്ച രാത്രി അഞ്ചാമത്തെ പാമ്പിനെകൂടി കണ്ടെത്തിയതോടെയാണ് ഇന്നുരാവിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വീടിന്റെ കിടപ്പുമുറിയിലെ ടോയ്ലറ്റിന്റെ ചുമരിനോടു ചേർന്ന് തറയുടെ ഒരു ഭാഗവും, ടോയ്ലെറ്റിലെ ടൈലും, ഡ്രൈനേജ് പൈപ്പും പൊളിച്ച് പരിശോധന തുടങ്ങിയത്.
ടൈലുകളുടെ വിള്ളലിനുള്ളിൽ കൂടുതൽ പാമ്പുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പരിശോധന. വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രഞ്ജിത്രാജ് സർപ്പ ടീം ലീഡർ ജോജു എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പുകൾക്കായി തിരച്ചിൽ നടക്കുന്നത്.
എന്നാൽ ഇതുവരെയും പാമ്പിനെ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി രണ്ട് പാമ്പുകളെ വീടിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതുവരെ ആകെ അഞ്ച് പാമ്പുകളാണ് വീടിനകത്ത് കാണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സിൽജോയുടെ മക്കളായ ആൽജോ (എട്ട് വയസ്) അനോഷ് (10) എന്നിവർക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. ഇവരിൽ ആൽജോ അന്നു തന്നെ മരിച്ചിരുന്നു. ചികിൽസയിലുള്ള അനോഷ് സുഖം പ്രാപിച്ചു വരുന്നു.
District News
കൊല്ലം: തുറമുഖ പർസർ ആർ. സുനിലിന്റെ നേതൃത്വത്തിൽ കൊല്ലം ബോട്ട് ജെട്ടി, സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത്, കോയിവിള എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന നടത്തി.
ക്രമക്കേട് കണ്ടെത്തിയ 10 ബോട്ടുകൾക്ക് 1,10,000 രൂപ പിഴ ചുമത്തി. ഇൻഷുൻസ്, മലിനീകരണം, സർവേ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞ ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്. അഞ്ച് ഹൗസ് ബോട്ടും ഒന്‍പത് ശിക്കാരകളും പരിശോധിച്ചു. ഉദ്യോഗസ്ഥരായ കെ അനിൽകുമാർ, ശരത് ചന്ദ്രൻ, ലെനിൻ ഡോൺ ബോസ്കോ, ബി പോൾമാസ്റ്റർ , സീമാൻ നെപ്പോളിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ സ്പാ കേന്ദ്രങ്ങളിൽ നഗരസഭയുടെ മിന്നൽ പരിശോധന. മോശം അനുഭവമുണ്ടായെന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റാച്യൂ ജംഗ്ഷനിലെ സ്പർശൻ സ്പാ അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകി.
നഗരത്തിലെ എല്ലാ സ്പാ കേന്ദ്രങ്ങളിലും കർശന പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചിരുന്നു. തിരുവല്ലയിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ലൈസൻസില്ലെന്നും കണ്ടെത്തി.
ചില കേന്ദ്രങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് വ്യാപക പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
District News
ചാവക്കാട്: ചേറ്റുവ മേഖലയിലെ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കു പുഴയിൽനിന്നു മത്സ്യം പിടിക്കുന്നതിനു തടസമായ ഉപേക്ഷിക്കപ്പെട്ട ഡിങ്കി(കാരിയർ) വള്ളങ്ങൾ നീക്കംചെയ്യാൻ തുറമുഖവകുപ്പിന്റെ നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തി.
ചേറ്റുവപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡിങ്കിവള്ളങ്ങൾ മുങ്ങിക്കിടക്കുന്നതുകാരണം വലകൾക്കു കേടുപാടുകൾ പറ്റി പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കു മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇവർ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്നാണ് തുറമുഖവകുപ്പ് പരിശോധന നടത്തിയത്. കടപ്പുറം-ഏങ്ങണ്ടിയൂർ പരന്പരാഗത മത്സ്യത്തൊഴിലാളി ക്ഷേമവികസനസംഘത്തിന്റെ നേതൃത്വത്തിലാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
മെക്കാനിക്കൽ മറൈൻ എൻജിനീയർ എം. ജീവാനന്ദിന്റെ നേതൃത്വത്തിൽ 14 പേരടങ്ങിയ സംഘം രണ്ടു സംഘങ്ങളായി പിരിഞ്ഞ് നടത്തിയ പരിശോധനയിൽ നൂറിനടുത്തു ഡിങ്കി വള്ളങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നീക്കംചെയ്യാൻ ആവശ്യമായ തുകയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്കു സമർപ്പിക്കും. കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. അനീഷ്, കൊല്ലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കുക. ചെലവ് വള്ള ഉടമകളിൽനിന്ന് ഈടാക്കും.
Kerala
ആലപ്പുഴ: കഴിഞ്ഞ മാസങ്ങളിൽ ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്.
കരുവാറ്റ, നെടുമുടി, എസി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലയിൽ നിന്ന് 40 സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു.
ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോർഡ് എന്നിവിയിൽ നിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടനപ്പക്ഷികളുടെ കാഷ്ഠം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ഠം, പാടങ്ങളിലെ വെള്ളം എന്നിവയാണ് ശേഖരിച്ചിട്ടുള്ളത്.
തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ഠവും ശേഖരിച്ചത്. ആലപ്പുഴ ജില്ലയിലെ പരിശോധനയ്ക്ക് ശേഷം സംഘം ഇന്നുരാവിലെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും.
രാവിലെ 7.30ന് കുമരകത്ത് പരിശോധന ആരംഭിക്കും. ശേഷം കോട്ടയം നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തും. ദേശാടന പക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധന ഉണ്ടാവും. 20ഓളം സാമ്പിളുകൾ കോട്ടയത്ത് നിന്ന് ശേഖരിക്കും.
പുതിയ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കും
ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പുതിയ വൈറസ് സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും. ജില്ലയിൽ എച്ച്-5 എൻ-1 വൈറസാണ് കണ്ടെത്തിയത്. ഇതിൽ നിന്ന് വ്യത്യസ്തമായ വൈറസ് സാന്നിധ്യം ഉണ്ടോ എന്നാണ് കണ്ടെത്തുക. കൂടാതെ മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട് ഇവയുടെ തീവ്രത എന്നിവയും കണ്ടെത്തും.
Kerala
തിരുവനന്തപുരം: കെഎസ്ഇബിയിൽ "ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് ’എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി.
വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന കരാർ പ്രവൃത്തികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായാണ് കണ്ടെത്തൽ.
കരാറുകാരിൽനിന്ന് കമ്മീഷൻ ഇനത്തിൽ കൈക്കൂലിപ്പണം കൈപ്പറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളിൽ പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നു.
ഉപ യോക്താക്കളുടെ എനർജി ഉപയോഗം കണക്കാക്കാനുള്ള മീറ്റർ റീഡിംഗിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ പലയിടത്തും നൽകുന്നു. എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ചു മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നു. ഇതു ബോർഡിന് വലിയ സാന്പത്തികനഷ്ടമുണ്ടാക്കുന്നു.
കെഎസ്ഇബിയിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ ഇന്നലെ രാവിലെ 10.30 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന തുടങ്ങിയത്.
പല ഓഫീസുകളിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഓഫീസുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈറ്റുകളിൽകൂടി പരിശോധന നടത്തിയ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.
വര്‍ക്കല ടൗണിലെ പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന പാലസ് ഹോട്ടൽ, നടയറ ജംഗഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
നാലോളം ഹോട്ടലുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്ക് പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
District News
നെടുമങ്ങാട്: വെള്ളനാട് വില്ലേജ് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഓഫീസിലെ ഒരു ജീവനക്കാരനെതിരേ നിരവധി പരാതികൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിനു ലഭിച്ചതിനെ തുടർന്നായിരു ന്നു വിജിലൻസ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് 6.45-ന് അവസാനിച്ചു. പരിശോധനയിൽ നിയമലംഘനങ്ങളോ മറ്റുകുറ്റകരമായ കാര്യങ്ങളോ കണ്ടെത്താനായില്ലെന്നും ഓഫീസിലെ ചിലർ വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. വിജിലൻസ് എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിൽ സജിത്ത്, സുജേഷ്, അരുൺ, അഭിലാഷ്, ശബിന, സുദർശൻ എന്നിവരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്.
District News
മരട്: അവധിക്കാലത്തെ ടൂറിസ്റ്റുകളുടെ തിരക്ക് കണക്കിലെടുത്ത് മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ ടൂറിസം ബോട്ടുകളിൽ തുറമുഖ വകുപ്പ് വ്യാപക പരിശോധന നടത്തി.
പരിശോധനയിൽ കായലിൽ സഞ്ചാരികളുമായി യാത്ര നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. 14 ബോട്ടുകൾക്കെതിരെ നടപടിയെടുത്തു. ലൈസൻസ്, ഇൻഷ്വറൻസ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാതെസർവീസ് നടത്തിയ ബോട്ടുകൾക്കെതിരെയാണ് പിഴ ചുമത്തിയത്. ബോട്ടുടമകൾക്ക് നോട്ടീസ് നൽകുകയും 1,90,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
മരട് നഗരസഭ കരാറുകാരെ നിയോഗിച്ച് നേരിട്ട് നടത്തി വരുന്ന നെട്ടൂർ -തേവര ഫെറി സർവീസ് പരിശോധനയിലും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളുൾപ്പെടെ സഞ്ചരിക്കുന്ന ബോട്ടിൽ ആകെയുണ്ടായിരുന്നത് അഞ്ച് ലൈഫ് ജാക്കറ്റുകളാണ്.
കൂടാതെ ബോട്ടിന് മുകളിൽ ഉണ്ടായിരുന്ന ബോയകൾ ദ്രവിച്ച് ഉപയോഗ ശൂന്യമായതാണെന്നും കണ്ടെത്തി. ഫസ്റ്റ് എയ്ഡ് ബോക്സിനകത്ത് ഉണ്ടായിരുന്ന മരുന്നുകൾ മൂന്ന് വർഷം മുമ്പ് കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. ഇതുമായി ബന്ധപ്പെട്ടവർക്കും നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.
നെട്ടൂർ കേന്ദ്രീകരിച്ച് ടൂറിസവുമായി ബന്ധപ്പെട്ട ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ബ്ലൂമറൈൻ എന്ന ബോട്ടിനെതിരെ തുടർച്ചയായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി തുറമുഖ വകുപ്പ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നവംബർ 26ന് പനങ്ങാട് ഇൻസ്പെക്ടർ ബിബിൻ ദാസ് കേസെടുത്തിരുന്നതാണ്.കൊടുങ്ങല്ലൂർ മാരി ടൈം പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും ബോട്ടുകളും ഫെറി സർവീസുകളും കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർ എസ്. കിരൺ, നേവൽ ആർക്കിടെക്റ്റ് ആൻഡ് സർവേയർ ജോഫിൻ ലൂക്കോസ്, സീനിയർ ക്ലർക്ക് കെ.ജി.ജിജോ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Kerala
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണയിക്കുന്നതിനായി വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണത്തിലൂടെയാണ് ബലക്ഷയം പരിശോധിക്കുക.
അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുകയാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും.
സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.
ഡൽഹി സിഎസ്എംആർഎസിൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. ഏറ്റവും ഒടുവിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർഒവി ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കും.
Kerala
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സ്പെഷൽ സ്ക്വാഡ് പ്രിന്റിംഗ് പ്രസുകളിൽ മിന്നൽ പരിശോധന നടത്തി. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായാണ് പ്രസുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കോർപറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിന്റിംഗിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി.
പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിന്റിംഗിന് ഉപയോഗിക്കരുതെന്നും എല്ലാ അസംസ്കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു.
കൊല്ലം ആയൂരില്‍ വച്ചായിരുന്നു കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ് മന്ത്രി തടഞ്ഞത്. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണം എന്നും, പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുത് എന്ന് എംഡി നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ജീവനക്കാര്‍ പാലിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. തങ്ങളല്ല കുപ്പികള്‍ ഉപേക്ഷിച്ചത് എന്ന ജീവനക്കാരുടെ വിശദീകരണത്തിന് ചെവി കൊടുക്കാനും മന്ത്രി തയാറായില്ല.
ഇന്നലെ ബസില്‍ നിക്ഷേപിച്ച കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തുമുന്‍പ് എന്താണ് നിങ്ങള്‍ ചെയ്തത് എന്ന ചോദ്യവും മന്ത്രി ഉയര്‍ത്തി. രാവിലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കോട്ടയത്ത് നിന്നും പോകുന്ന ബസ് മന്ത്രിയുടെ മുന്നിലെത്തിയത്. ബസ് ശ്രദ്ധിച്ച മന്ത്രി ആയൂരില്‍ നിന്നും ബസിനെ പിന്തുടര്ന്ന് തടയുകയായിരുന്നു.