ചാവക്കാട്: ചേറ്റുവ മേഖലയിലെ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കു പുഴയിൽനിന്നു മത്സ്യം പിടിക്കുന്നതിനു തടസമായ ഉപേക്ഷിക്കപ്പെട്ട ഡിങ്കി(കാരിയർ) വള്ളങ്ങൾ നീക്കംചെയ്യാൻ തുറമുഖവകുപ്പിന്റെ നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തി.
ചേറ്റുവപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡിങ്കിവള്ളങ്ങൾ മുങ്ങിക്കിടക്കുന്നതുകാരണം വലകൾക്കു കേടുപാടുകൾ പറ്റി പരന്പരാഗത മത്സ്യത്തൊഴിലാളികൾക്കു മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇവർ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്നാണ് തുറമുഖവകുപ്പ് പരിശോധന നടത്തിയത്. കടപ്പുറം-ഏങ്ങണ്ടിയൂർ പരന്പരാഗത മത്സ്യത്തൊഴിലാളി ക്ഷേമവികസനസംഘത്തിന്റെ നേതൃത്വത്തിലാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
മെക്കാനിക്കൽ മറൈൻ എൻജിനീയർ എം. ജീവാനന്ദിന്റെ നേതൃത്വത്തിൽ 14 പേരടങ്ങിയ സംഘം രണ്ടു സംഘങ്ങളായി പിരിഞ്ഞ് നടത്തിയ പരിശോധനയിൽ നൂറിനടുത്തു ഡിങ്കി വള്ളങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നീക്കംചെയ്യാൻ ആവശ്യമായ തുകയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിലേക്കു സമർപ്പിക്കും. കോഴിക്കോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.വി. അനീഷ്, കൊല്ലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കുക. ചെലവ് വള്ള ഉടമകളിൽനിന്ന് ഈടാക്കും.