സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറയുന്നു. ഒരുകാലത്ത് വ്യാപകമായിരുന്ന ഇഞ്ചിക്കൃഷി ജില്ലയില്‍ നിലവില്‍ നാമമാത്രമാണ്.
തുടര്‍ച്ചയായ രോഗബാധ, കീടാക്രമണം, വിലത്തകര്‍ച്ച, വന്യമൃഗശല്യം എന്നിവയാണ് കര്‍ഷകരെ ഇഞ്ചിക്കൃഷിയില്‍നിന്ന് അകറ്റിയത്. ഇഞ്ചിക്കൃഷി പൂര്‍ണമായും ഉപേക്ഷിച്ച കര്‍ഷകര്‍ നിരവധിയാണ്. ചിലര്‍ വീട്ടാവശ്യത്തിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. ഇലമഞ്ഞളിപ്പ്, തണ്ടുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ ഇഞ്ചിക്കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിയത്.
ഇഞ്ചി മുളച്ചുതുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ നശിപ്പിക്കുന്നതും തിരിച്ചടിയായി. രാവും പകലും കാവല്‍ നിന്നിട്ടും വിള സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം പല കര്‍ഷകരെയും കൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചു. വിപണിയില്‍ ഇഞ്ചിക്ക് മെച്ചപ്പെട്ട വിലയാണ് ഇപ്പോഴുള്ളത്. ചാക്കിന് (60 കിലോഗ്രാം) 7,500 മുതല്‍ 8,000 രൂപ വരെയാണ് വില.
ചില്ലറ വിപണിയില്‍ ഇഞ്ചി കിലോഗ്രാമിന് 160 രൂപ വരെയും മൊത്തവിപണിയില്‍ 120-130 രൂപയും വിലയുണ്ട്. എന്നാല്‍ വില്ക്കാന് ഉത്പന്നമില്ലാത്തതിനാല് ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിരവധി മലയാളികള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവരെയും രോഗവ്യാപനം ബാധിച്ചിരിക്കയാണ്.
Tags : Ginger: High price