മംഗലം പുഴയോരത്ത് മുത്തങ്ങ സസ്യങ്ങളുടെ പരിപാലനത്തിൽ ശാസ്ത്ര ക്ലബ് അംഗങ്ങൾ.
വടക്കഞ്ചേരി: ഔഷധഗുണങ്ങൾ ഏറെയുള്ള മുത്തങ്ങ എന്ന പുൽവർഗ സസ്യത്തിന്റെ സംരക്ഷണ ദൗത്യവുമായി വടക്കഞ്ചേരി ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ശാസ്ത്ര ക്ലബ് അംഗങ്ങൾ.
മംഗലം, പാളയം എന്നീ പുഴയോരങ്ങളിൽ മുത്തങ്ങ എന്ന ചെറുസസ്യങ്ങൾ വ്യാപിപ്പിച്ച് പുഴവെള്ളത്തെ കൂടുതൽ ശുചീകരിക്കുകയും പുഴയോരങ്ങളെ മാലിന്യ വിമുക്തമാക്കുകയുമാണ് ഏഴാം ക്ലാസുകാരി സൻമയ, ആറാം ക്ലാസിലെ യു. റിഥ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലബ് അംഗങ്ങൾ ചെയ്യുന്നത്.
വാർഡ് മെംബർ കെ. ശിവദാസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ്, അധ്യാപകരായ വി. സ്വപ്ന, എസ്. തൃഷ്ണ എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും കുട്ടികളുടെ ഈ വ്യത്യസ്തമായ ദൗത്യത്തിനു പിന്നിലുണ്ട്.
മുത്തങ്ങയുടെ ഔഷധഗുണങ്ങളെക്കുറിച്ചും അവ പുഴയോരത്തും പറമ്പുകളിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണം, നിരീക്ഷണം, മുത്തങ്ങയുടെ വ്യാപനം തുടങ്ങിയവയാണ് നടത്തുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പനിയെ പ്രതിരോധിക്കാനും ചർമ രോഗങ്ങൾക്കുമെല്ലാം ആയുർവേദത്തിലും നാട്ടുചികിത്സകളിലും മുത്തങ്ങക്ക് വലിയ സ്ഥാനമുണ്ട്. പുഴകളിലെ മാലിന്യങ്ങൾ നീക്കുന്നതിനും ജലമലിനീകരണം തടയുന്നതിനും മുത്തങ്ങ പോലുള്ള ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര ക്ലബ് അംഗങ്ങൾ വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദിന് നിവേദനം നൽകി.
പുഴയോരങ്ങളിൽ കാടുവെട്ടിതെളിക്കുമ്പോൾ ഔഷധചെടികൾ സംരക്ഷിച്ചുള്ള വൃത്തിയാക്കൽ വേണമെന്നും ശാസ്ത്ര ക്ലബ് അംഗങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Tags : NattuVishesham DistrictNews