നാട്ടിക ടോൾ പിരിവുമായി ബന്ധപ്പെട്ട സർവകക്ഷിയോഗം അലസിപ്പിരിഞ്ഞതോടെ കളക്ടറേറ്റിന്റെ പ്രധാന വാതിലിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രതിനിധികൾ.
തൃശൂർ: നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ടു കളക്ടർ വിളിച്ച സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിച്ചതോടെ യോഗം ബഹിഷ്കരിച്ച എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ കളക്ട്രേറ്റിന്റെ പ്രധാന വാതിലിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
വിഷയത്തിലെ കളക്ടറുടെ നിലപാട് സംശയാസ്പദമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ പ്രതികരിച്ചു. ടോളിനെതിരേ ബിജെപിയും രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ പ്രതികരിച്ചു. നിർത്തിവച്ച ടോൾപിരിവു വീണ്ടും തുടങ്ങിയതു ചർച്ചയ്ക്കു വിളിച്ചവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നു സമരസമിതി ചെയർമാൻ ജോസ് വള്ളൂർ പറഞ്ഞു. മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദ്, ജില്ലാ പഞ്ചായത്തംഗം കെ.പി. സന്ദീപ്, പി.ഐ. ഷൗക്കത്തലി, ഹാറൂണ്‍ റഷീദ്, പഞ്ചായത്ത് പ്രസിഡന്റ് ജ്യേതി പ്രകാശ്, നൗഷാദ് ആറ്റുപറന്പത്ത്, സുനിൽ ലാലൂർ, കെ.കെ. ബാബു, കെ.ബി. ജയറാം, കെ.എം. കിഷോർ കുമാർ, ഇർഷാദ് ചേറ്റുവ എന്നിവരാണു പ്രതിഷേധിച്ചത്. വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ട് വരുന്നതുവരെ തത്കാലം ടോൾ പിരിവ് നിർത്തിവയ്ക്കുമെന്നായിരുന്നു ദേശീയപാത അധികൃതരുടെ ഉറപ്പ്. ഇതോടനുബന്ധിച്ചു യോഗം നടക്കുന്നതിനിടെയാണ് വീണ്ടും ടോൾ പിരിവു തുടങ്ങിയത്.
Tags : NattuVishesham DistrictNews