കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന കുഞ്ഞുങ്ങളുടെ ചോറൂട്ടിന് വികാരി ഫാ. ജോൺസൺ കക്കാട്ട് നേതൃത്വം നൽകുന്നു.
കൊരട്ടി: ആദ്യാക്ഷരത്തിന്റെ മധുരവും പ്രഥമഭോജ്യത്തിന്റെ പുണ്യവും നുകരാൻ കുരുന്നുകളുമായി മാതാപിതാക്കൾ കൊരട്ടിമുത്തിയുടെ സന്നിധിയിലെത്തി. തിരുനാളിനോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്കായി ഒരുക്കിയ എഴുത്തിനിരുത്തും ചോറൂട്ടും ഭക്തിനിർഭരമായി നടന്നു. ആദ്യാക്ഷരം കുറിക്കാനും കുഞ്ഞുങ്ങൾക്ക് ആദ്യമായി ചോറുനൽകാനുമായി നിരവധി മാതാപിതാക്കളാണ് മക്കളുമായി പള്ളിയിലെത്തിയത്.
രാവിലെ 10.30ന് ഫാ. ആഷ്ബിൻ മേലേടത്തിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു ചടങ്ങുകൾ. എഴുത്തിനിരുത്തിനും ചോറൂട്ടിനുമുള്ള പ്രാർഥനാ ശുശ്രൂഷകൾക്ക് വികാരി ഫാ. ജോൺസൺ കക്കാട്ട് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ചടങ്ങുകൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറിന് ജപമാല പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു. ജപമാല പ്രദക്ഷിണത്തിന് പാരീഷ് കൗൺസിൽ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews