ബിരിയാണി മഹല്‍
കൊച്ചി: ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പുഴുവരിച്ച ബിരിയാണി അടക്കം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ആലുവ നഗരത്തില്‍ തന്നെയുള്ള പ്രമുഖ ഹോട്ടലുകളിലാണ് രാവിലെ പരിശോധന നടത്തിയത്.
ആലുവ ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി മഹല്‍, നൂര്‍ജഹാന്‍, കമ്മത്ത് ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണപദാർഥങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തത്.
തലേദിവസത്തെ ബിരിയാണി, പഴകിയ പാല്‍, ഗുണനിലവാരമില്ലാത്ത പാചക എണ്ണ, പഴക്കമുള്ള ബീഫ് കറി, ചിക്കന്‍ എന്നിവ ആരോഗ്യവിഭാഗം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രാവിലെയായിരുന്നു ആലുവ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്‍റെ അപ്രതീക്ഷിത പരിശോധന നടന്നത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
Tags : Hotels Inspection Biryani Deepika DeepikaNewspaper BreakingNews NewsUpdate