മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
മുക്കം: മുക്കം നഗരസഭയിലെ ആറ്റുപുറം ഉന്നതിയിൽ വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ചെരിഞ്ഞ പ്രദേശമായതിനാലും വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതുമാണ് മണ്ണിടിച്ചിലിന് കാരണമെന്നും വലിയ അപകട ഭീഷണിയാണ് സ്ഥലത്തുള്ളതെന്നും ഫയർ ഓഫീസർ ഇ.കെ. സലീം പറഞ്ഞു.
വിള്ളൽ വീണ ഭാഗങ്ങൾ പ്ലാസ്റ്റിക് ഷീറ്റിട്ട് മുടിയതിനാലും മഴകുറഞ്ഞതിനാലും ഇപ്പോൾ പ്രശ്നമില്ല. പക്ഷെ ശക്തമായ മഴ പെയ്താൽ വീട്ടുകാരെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതിയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള എല്ലാ വീടുകളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കൂടാതെ കാരശേരി പഞ്ചായത്ത് ഓഫീസിന് എതിർവശത്തും എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ 30 മീറ്റർ അകലെയുള്ള സ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലവും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ രണ്ട് വീടുകൾക്ക് ഭീഷണിയുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : Nattuvishesham Local News inspection Attupuram Upgrading