ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണയിക്കുന്നതിനായി വെള്ളത്തിനടിയിലുള്ള പരിശോധന ഇന്ന് തുടങ്ങും. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണത്തിലൂടെയാണ് ബലക്ഷയം പരിശോധിക്കുക.
അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുകയാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും.
സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമാണത്തിന് ഉപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.
ഡൽഹി സിഎസ്എംആർഎസിൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. ഏറ്റവും ഒടുവിൽ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർഒവി ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കും.
Tags : Mullaperiyar dam's strength inspection underwater testing