'ബാങ്ക സ്ലോ ലോറിസ്'
വിഷമുള്ള കുരങ്ങുകളുണ്ടോ? ഉണ്ട്, നമുക്കു ചുറ്റുംതന്നെയുണ്ട്! അങ്ങനെയൊരു കണ്ടെത്തലാണു അടുത്തിടെ ഗവേഷകലോകത്തിന് അദ്ഭുതമായി മാറിയത്! തൊണ്ണൂറു വർഷത്തിനുശേഷമാണ് 'ബാങ്ക സ്ലോ ലോറിസ്' അതായത്, കുരങ്ങുവർഗത്തിൽപ്പെട്ട 'അപൂർവജീവി'കളെ കണ്ടെത്തിയത്! 1937-ന് ശേഷം ആദ്യമായാണു വംശനാശം സംഭവിച്ചെന്നു വിശ്വസിച്ചിരുന്ന ജീവിവർഗത്തെ ഇന്തോനേഷ്യയിൽ വീണ്ടും കണ്ടെത്തിയത്!
പ്രൈമേറ്റ് വിഭാഗത്തിൽപ്പെടുന്ന അപൂർവജീവിവർഗം, ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടില്ലെന്നു തെളിയിക്കുകയാണു പുതിയ പഠനങ്ങൾ. ഇന്തോനേഷ്യയിലെ ബാങ്ക, സുമാത്ര, ബോർണിയോ തുടങ്ങിയ ദ്വീപുകളാണ് ഇവയുടെ വാസകേന്ദ്രം. വൃക്ഷങ്ങളിലാണ് ഇവ കഴിയുന്നത്. രാത്രികാലങ്ങളിലാണ് ഇവയുടെ സഞ്ചാരം. പത്ത് ഇഞ്ചുമാത്രം വലിപ്പമുള്ള ഇവയുടെ കണ്ണുകൾ വലിപ്പമുള്ളതാണ്.
മറ്റു വിഷമുള്ള ജീവികളിൽനിന്ന് 'ബാങ്ക സ്ലോ ലോറിസ്' വ്യത്യസ്തമാണ്. കൈമുട്ടിന്റെ ഉള്ളിലായുള്ള പ്രത്യേക ഗ്രന്ഥിയിലാണു വിഷം ഉത്പാദിക്കുന്നത്. ശത്രുക്കളുമായി പോരാടേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഇവ ഗന്ഥിയുടെ ഭാഗം നക്കുകയും വിഷം ഉമിനീരുമായി കലർന്നു വിനാശകരമായി മാറുകയും ചെയ്യും.
മനുഷ്യന് ഇവയുടെ കടിയേറ്റാൽ, കഠിനമായ വേദന, ബോധക്ഷയം, അലർജി, രക്തസമ്മർദം താഴുക എന്നിവയുണ്ടാകാം. വിദഗ്ധ ചികിത്സ ലഭ്യമായില്ലെങ്കിൽ മരണംവരെ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 2015-2025 കാലയളവിൽ ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ 'ബാങ്ക സ്ലോ ലോറിസു'കളെ നാട്ടുകാരും ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ജനവാസമേഖലയിലേക്ക് ഇറങ്ങിവരാറുള്ള ഇവയ്ക്കു പലപ്പോഴും വൈദ്യുതി ലൈനുകളിൽനിന്ന് ഷോക്ക് ഏൽക്കാറുണ്ട്. വളർത്തുനായ്ക്കളുടെ ആക്രമണങ്ങളും ഇവയ്ക്കുനേരിടേണ്ടിവന്നിട്ടുണ്ട്. പരിക്കേറ്റ ജീവികളെ മൃഗസംരക്ഷണവകുപ്പ് രക്ഷപ്പെടുത്തുകയും തിരിച്ചയയ്ക്കുകയുമാണു ചെയ്യാറുള്ളത്.
അതസമയം, ഗവേഷകരുടെ ശ്രദ്ധയിൽപ്പെടാതെ ജനവാസ മേഖലയ്ക്കു സമീപം ഇത്രയും കാലം കുരങ്ങുകളെങ്ങനെ കഴിഞ്ഞുവെന്നതു ഗവേഷകർക്ക് അദ്ഭുതമായി. പതിറ്റാണ്ടുകളായി ദൃഷ്ടിയിൽപ്പെടാത്ത, വംശനാശം സംഭവിച്ചുവെന്നു വിശ്വസിക്കുന്ന അപൂർവജീവികൾ ഇനിയും ഉൾവനങ്ങളിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നു ഗവേഷകസംഘം പറഞ്ഞു.
ജീവനോടെയുണ്ടെങ്കിലും 'ബാങ്ക സ്ലോ ലോറിസു'കൾ ഗുരുതരമായ വംശനാശ ഭീഷണിയുടെ വക്കിലാണുള്ളത്. നിയമവിരുദ്ധമായ ഈയം ഖനനവും പാം ഓയിൽ തോട്ടങ്ങൾക്കായി വൻതോതിൽ കാടുവെട്ടിത്തെളിച്ചതുമാണ് ഇവയുടെ ആവാസവ്യവസ്ഥ തകരാൻ കാരണം.
Tags : BangkaSlowLoris International VenomousMonkey Primates Indonesia Enviorment ScienceNews