പ്രതീകാത്മക ചിത്രം
ജയ്പൂർ: കുടുംബത്തിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനായി എൻജിനീയർ സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങളും വീഡിയോകളും അയച്ചാണ് ഇയാൾ നാടകം കളിച്ചത്. ജയ്പൂർ പൊലിസിന്റെ സമയോചിതമായ ഇടപെടലിൽ പ്രതിയെ ഉത്തരാഖണ്ഡിലെ റിഷികേശിൽ നിന്ന് പിടികൂടി. ജയ്പൂർ സ്വദേശി ദീപക് കുമാർ മാലിയാണ് (22) പിടിയിലായത്.
സോഫ്റ്റ്വെയർ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
തനിക്ക് പണം ആവശ്യമുണ്ടെന്നും തട്ടിക്കൊണ്ടുപോയെന്നും വരുത്തിതീർക്കാൻ ദീപക് എഐയുടെ സഹായത്തോടെ നിരവധി ചിത്രങ്ങളും വീഡിയോകളും നിർമിച്ചു. തനിക്ക് പണം നൽകിയാൽ മാത്രമേ മോചിപ്പിക്കുകയുള്ളൂ എന്ന് കാണിച്ച് ഈ ദൃശ്യങ്ങൾ ഇയാൾ തന്റെ ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവയ്ക്കുമ്പോൾ വേദനകൊണ്ട് പുളയുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് ഇയാൾ ആദ്യം നിർമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങൾ ഇയാൾ അയച്ചു.
തുടർന്ന് ദീപകിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. ജയ്പൂർ, മഥുര, ഉജ്ജൈൻ, ഡൽഹി, ഹൽദ്വാനി, നൈനിറ്റാൾ, ഹരിദ്വാർ, റിഷികേശ് തുടങ്ങിയ വിവിധ നഗരങ്ങളിലായി ഇയാളെ നിരീക്ഷിക്കാൻ പൊലിസ് ഇരുന്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒടുവിൽ റിഷികേശിലെ ലക്ഷ്മൺ ജൂലയ്ക്ക് സമീപത്തുനിന്നാണ് ദീപക് കുമാറിനെ പൊലിസ് കണ്ടെത്തിയത്.