മമ്മൂട്ടി
കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ക്ലിക്ക് എന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്റ്റനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അടുത്ത കാലത്ത് ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിട്ടിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
സൈബര്‍ കുറ്റകൃത്യങ്ങളെ സൈബര്‍ സെക്യൂരിറ്റി കൊണ്ട് പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു. കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ കൊടുക്കുന്ന ശീലത്തെ വിമര്‍ശിച്ചു കൊണ്ട് മമ്മൂട്ടി സംസാരിച്ചു. അതൊരു നല്ല ശീലമാണെന്ന് തോന്നുന്നില്ലെന്നും ഒരു പ്രായം കഴിഞ്ഞാല്‍ മാത്രമേ ഇന്റര്‍നെറ്റ് വിദ്യാഭ്യാസം ആരംഭിക്കണ്ടത് എന്നും മമ്മൂട്ടി പറഞ്ഞു.
സൈബര്‍ ക്രൈമിനെ സൈബര്‍ സെക്യൂരിറ്റി കൊണ്ട് പ്രതിരോധിക്കുക എന്നതിനാണ് പ്രധാന്യം. സൈബര്‍ ക്രൈംസ് ഒരുപാടുണ്ട്. പ്രധാനമായിട്ടും കുട്ടികളെ ചെറുപ്പം മുതലേ നമ്മള് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. സാധാരണ ഒരു വീട്ടില്‍ അച്ഛനും അമ്മക്കും മാത്രമേ ഫോണ്‍ ഉണ്ടാവുള്ളൂ. മുതിര്‍ന്നു വരുന്ന കൊച്ചുകുട്ടികള്‍ക്ക് പോലും കരയുമ്പോള്‍ ഫോണ്‍ എടുത്തു കൊടുക്കുന്ന അമ്മമാരുണ്ട്. ഫോണ്‍ കൊടുത്തില്ലെങ്കില്‍ കരച്ചില് നിര്‍ത്താത്ത കുട്ടികളുമുണ്ട്. അത് ഒരു ആറേഴു മാസം മുതല്‍ തുടങ്ങുന്നതാണ്.
അതൊരു നല്ല ശീലമാണെന്ന് എനിക്ക് തോന്നുന്നില്ല. കുട്ടികള്‍ അഡിക്ടഡ് ആയി പോകും. പോകേപ്പോകെ അച്ഛനും അമ്മയും ഉപയോഗിക്കുന്ന ഫോണുകള്‍ ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങും. അച്ഛനും അമ്മയും ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ കാണുന്ന കാഴ്ചകളും കുട്ടികള്‍ എടുത്ത് കാണാന്‍ സാധ്യതയുണ്ട്. ഒരു പ്രായമാകുന്നതുവരെ കുട്ടികള്‍ക്ക് മിനിമലൈസ്ഡ് ഫോണുകള്‍ കൊടുക്കുക. പ്രായമാകുമ്പോള്‍ അവര്‍ തന്നെ അത് അറിഞ്ഞു പെരുമാറിക്കൊള്ളും. അവിടെ മുതലാണ് നമ്മള് ഈ ഇന്റര്‍നെറ്റ് വിദ്യാഭ്യാസം ആരംഭിക്കേണ്ടത്.
നിങ്ങള്‍ ഓരോരുത്തരും ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി വരണമെന്നാണ് എന്റെ ആഗ്രഹം. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന, ശബ്ദമുയര്‍ത്തുന്ന കാര്യങ്ങള്‍ നീക്കുന്ന ക്യാപ്റ്റന്മാരാകണം നിങ്ങള്‍ ഓരോരുത്തരും. വിദ്യാര്‍ഥികളുടെ ശബ്ദമാണ് ഉയരേണ്ടത്. നിങ്ങളുടെ പ്രവര്‍ത്തികളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നാളത്തെ രാജ്യവും തലമുറയും വാര്‍ത്തെടുക്കണം. സൈബര്‍ ലോകത്ത് ഒളിഞ്ഞിരുന്ന് യുധം ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. മുഖമില്ലാത്തവരും മുഖമുള്ളവരുമുണ്ട്.
എഐയുടെ കാലത്ത് എഡിജിപിയുടെ മുഖം അണിഞ്ഞിട്ടാകും നിങ്ങളോട് സംസാരിക്കുക. നിങ്ങളുടെ ഫോണിലേക്ക് ഒരു വീഡിയോ കോള്‍ വരാന്‍ അധികം താമസമില്ല. നിങ്ങള്‍ക്ക് സംശയം തോന്നുന്ന സമയത്ത് സൈബര്‍ സെല്ലില്‍ എളുപ്പം ബന്ധപ്പെടാന്‍ സാധിക്കും. അങ്ങനെ ഈ ക്രൈമുകളെ നേരിടാനും അമര്‍ച്ച ചെയ്യാനും സാധിക്കും. സൈബര്‍ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാന്‍ സാധിക്കട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു.
Tags : Actor Mammootty Mammootty Phone Addiction mobile phone social issue