ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ചെറു യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍. രാജ്യതലസ്ഥാനത്തു നടന്ന ഇന്നോപ്രോം ഇന്ത്യ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് 105 ഐഎല്‍-114-300 യാത്രാവിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി റഷ്യന്‍ കമ്പനി ധാരണയായത്.
കേരളം കേന്ദ്രമാക്കി ആരംഭിക്കാനിരിക്കുന്ന സ്വകാര്യ വിമാന സര്‍വീസ് കമ്പനിയായ എയര്‍ കേരള 20 വിമാനങ്ങള്‍ വരെ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന വ്യോമയാന സഹകരണത്തിന്റെ ഭാഗമായിട്ടാണ് റഷ്യന്‍ സ്റ്റേറ്റ് കോര്‍പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്റെ (യുഎസി) 68 പേര്‍ക്കു വരെ സഞ്ചരിക്കാനാകുന്ന റീജണല്‍ പാസഞ്ചര്‍ വിമാനം സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരമൊരുങ്ങിയത്.
ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി ഡല്‍ഹിയില്‍ കഴിഞ്ഞ ഒന്പതുമുതല് ഇന്നലെവരെ നടന്ന ഇന്നോപ്രോം ഇന്ത്യയില്‍ 120ലധികം റഷ്യന്‍, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ വ്യോമഗതാഗതത്തിലൂടെ ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ഉഡാന്‍ പദ്ധതിക്ക് ഈ വിമാനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുമായുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്താന്‍ റഷ്യ ശ്രമിക്കുന്നതിനിടയിലാണ് വ്യോമയാനരംഗത്തെ പുതിയ മേഖലകളിൽ സഹകരണം വര്‍ധിക്കുന്നത്.