പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണമേഖലയിലെ വീടുകളില്‍ പെന്ഷന് പരിരക്ഷയും വിരമിക്കല്‍ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഒരു അവബോധ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പെന്ഷന് സഖിമാര്‍ എന്ന പ്രാദേശിക വനിതാ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സേവന-പ്രചാരണ സംവിധാനം രൂപീകരിക്കാന്‍ ഗ്രാമവികസന വകുപ്പും പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റിയും (പിഎഫ്ആര്‍ഡിഎ) ഇന്നലെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍, ബാങ്കിംഗ് കറസ്പോണ്ടന്റ് സഖിമാര്‍, പരിശീലനം ലഭിച്ച കമ്യൂണിറ്റി റിസോഴ്സ് വ്യക്തികള്‍, ഗ്രാമീണ സ്ത്രീകള്‍, മറ്റ് ഗ്രാമീണ പങ്കാളികള്‍ എന്നിവരുള്‍പ്പെടുന്ന പെന്ഷന് സഖിമാര്‍ വീടുകളിലെത്തി പെന്ഷന് അവബോധ സേവനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. കൃത്യമായ സാമ്പത്തിക ഉപദേശങ്ങളോ വിരമിക്കല്‍ ആസൂത്രണ സേവനങ്ങളോ ലഭ്യമാകാത്ത രാജ്യത്തെ ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഇത് ഗുണകരമാകും.
നാഷണല്‍ പെന്ഷന് സിസ്റ്റം ഉള്‍പ്പെടെയുള്ള പെന്ഷന് ആനുകൂല്യങ്ങളെക്കുറിച്ചുള്ള അവബോധം, വിരമിക്കല്‍ പദ്ധതി, സാമ്പത്തിക സാക്ഷരത, അംഗത്വം, അംഗത്വ സേവനങ്ങള്‍ എന്നിവ ഗ്രാമീണ കുടുംബങ്ങളിലേക്ക് നേരിട്ടെത്തി വിശദീകരിക്കുകയും സഹായിക്കുകയും ചെയ്യുകയാണ് പെന്ഷന് സഖിമാരുടെ പ്രധാന ചുമതലകള്‍.
ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങള്‍ ബാങ്കുകള്‍ പോലുള്ള ഔപചാരിക സാമ്പത്തിക സംവിധാനങ്ങളില്‍ കൂടുതലായി പങ്കാളികളാകുന്നുണ്ട്. എന്നാല്‍ കൃഷി, ഔപചാരികമല്ലാത്ത തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പല കുടുംബങ്ങള്‍ക്കും വരുമാനം ക്രമരഹിതമാണ്.
Tags : Pension Sakhis arrive doorstep Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash