വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കുമേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഇടിത്തീ വീണ്ടും. ജനറിക് മരുന്നുകൾക്ക് 200 ശതമാനംവരെ തീരുവ വർധിപ്പിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു.
ഘട്ടംഘട്ടമായാണു തീരുവ വർധിപ്പിക്കുക. അമേരിക്കയില്‍ മരുന്ന് ഉത്പാദനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ നടപടി ഇന്ത്യക്കു കനത്ത തിരിച്ചടിയാകും. യുഎസിലേക്ക് ഏറ്റവും കൂടുതൽ ജെനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായതുകൊണ്ടുതന്നെ ഈ തീരുമാനം ഇന്ത്യയെ സാരമായി ബാധിച്ചേക്കാം. യുഎസിൽ വിൽക്കുന്ന ജനറിക് മരുന്നുകളിൽ 40-50 ശതമാനവും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
പുതിയ പ്രഖ്യാപനപ്രകാരം ഓഗസ്റ്റ് ഒന്നു മുതൽ തുടർന്നുള്ള രണ്ട് വർഷത്തേക്ക് എല്ലാ ജനറിക് മരുന്നുകളുടെയും ഇറക്കുമതി തീരുവ പൂജ്യം ശതമാനമായി തുടരും. എന്നാൽ ഇതിനുശേഷം വരുന്ന 2028 ഓഗസ്റ്റ് മുതൽ ഇത് 100 ശതമാനം തീരുവയാകും. അതിനുശേഷം 2029 ഓഗസ്റ്റ് മുതൽ 200 ശതമാനമായും കുത്തനെ ഉയർത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. മരുന്ന് നിർമാണം രാജ്യത്തിനുള്ളിൽ തന്നെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
ട്രംപ് പ്രഖ്യാപിച്ചത് എന്താണ്?
ഓഗസ്റ്റ് 1 മുതൽ യുഎസിലേക്ക് എത്തുന്ന ജനറിക് മരുന്നുകൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ഉണ്ടായിരിക്കുകയെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. അതിനുശേഷം, അടുത്ത ഒരു വർഷത്തേക്ക് നികുതി 100 ശതമാനമായും മൂന്നാം വർഷം മുതൽ 200 ശതമാനമായും ഉയർത്തും.
മരുന്ന് നിർമാണം യുഎസിൽ തിരികെ കൊണ്ടുവരാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ നിർമാണ പ്ലാന്റുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ തയാറാകാത്ത കന്പനികൾക്ക് കനത്ത പിഴയുണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്കയിലെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്നും പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതും നൂതനവുമായ മരുന്നുകളുടെ കാര്യത്തിൽ നിലവിലുള്ള രീതി മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രാൻഡഡ് മരുന്നുകൾ നിർമിക്കുന്ന സ്ഥാപനങ്ങളുമായി ധാരണയിലെത്തുകയോ നിർമാണം യുഎസിലേക്ക് മാറ്റുകയോ ചെയ്തില്ലെങ്കിൽ 100 ശതമാനം താരിഫ് ചുമത്തുന്ന ഉത്തരവിൽ കഴിഞ്ഞ ഏപ്രിൽ രണ്ടിന് ട്രംപ് ഒപ്പുവച്ചിരുന്നു.
ഇന്ത്യക്ക് വൻ ആഘാതമാകും
ലോകമെന്പാടും വൻതോതിൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനാൽ ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്നാണ് വിളിക്കാറ്. ട്രംപിന്റെ പുതിയ നയം ഇന്ത്യക്കാണ് ഏറ്റവും വലിയ തിരിച്ചടിയാകുക. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണ്.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ റിപ്പോർട്ട് പ്രകാരം 2025ൽ യുഎസ് 213 ബില്യണ്‍ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.
ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് വലിയ പങ്കാണുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യ 970 കോടി ഡോളറിന്റെ മരുന്നുകളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ ആകെ ആഗോള ഫാർമ കയറ്റുമതിയായ 25.8 ബില്യണ്‍ ഡോളറിന്റെ 38 ശതമാനത്തോളമാണിത്.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, കാൻസർ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഇന്ത്യൻ ജനറിക് മരുന്നുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിനുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ജനറിക് മരുന്നുകളാണ് അമേരിക്കക്കാരുടെ കുറിപ്പടികളിൽ ഏകദേശം 90 ശതമാനവും. ഇവ കൂടുതലായും ഇന്ത്യയിലാണ് നിർമിക്കുന്നത്.
എന്നാൽ, ഇവയുടെ നിർമാണത്തിനാവശ്യമായ ചേരുവകൾക്കായി ചൈനയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയുടെ നയരൂപകർത്താക്കൾ ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹെൽത്ത് കെയർ അനലിറ്റിക്സ് സ്ഥാപനമായ IQVIAയുടെ കണക്കുകൾ പ്രകാരം യുഎസ് ഫാർമസികളിൽ നല്കുന്ന എല്ലാ ജനറിക് മരുന്ന് കുറിപ്പടികളുടെയും 47 ശതമാനവും വിതരണം ചെയ്യുന്നത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനികളാണ്.
അളവിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യൻ ജനറിക് മരുന്നുകൾ യുഎസിനു നൽകുന്ന സംഭാവന. 2022ൽ മാത്രം 219 ബില്യണ്‍ ഡോളറും കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മാത്രം 1.3 ട്രില്യണ്‍ ഡോളറും യുഎസ് ആരോഗ്യമേഖലയ്ക്ക് ലാഭമുണ്ടാക്കിക്കൊടുത്തതായി കണക്കാക്കപ്പെടുന്നു.