കേരള ഹൈക്കോടതി
കൊച്ചി: കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ടു ഹാജരാകുന്നതില്‍നിന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്) ജി.പി. പ്രദീപ് കുമാര്‍ എന്നിവരെ ഹൈക്കോടതി തത്കാലത്തേക്ക് ഒഴിവാക്കി.
വിലക്കു ലംഘിച്ച് എംപാനല്‍ഡ് ഡ്രൈവര്‍ നിയമനം തുടരുന്നതു സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ നേരിട്ടു ഹാജരാകാന്‍ നേരത്തേ കോടതി നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ഇളവ് നല്‍കിയത്.
വിശദീകരണം തൃപ്തികരമല്ലെങ്കിലും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നല്കിയ ഉറപ്പുകള്‍കൂടി പരിഗണിച്ചാണ് ഇളവ് നല്‍കുന്നതെന്ന് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് വ്യക്തമാക്കി. നേരില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്കിയ അപേക്ഷയിലാണ് ഉത്തരവ്.
ഡ്രൈവര്‍മാരുടെ തസ്തികയില്‍ സ്ഥിരനിയമനം നടത്താതെ താത്കാലിക നിയമനം തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നിട്ടും എംപാനല്‍ നിയമനം തുടരുകയാണെന്ന് ആരോപിച്ചു പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്.
Tags : KSRTC Officials Person Contempt KeralaHighCourt Technology Software AI ArtificialIntelligence Coding Programming MachineLearning DataScience Cybersecurity Gadgets Smartphones TechNews