കത്തോലിക്ക കോൺഗ്രസിന്റെ അടുത്ത ഗ്ലോബൽ മീറ്റ്-2028ൽ ആഫ്രിക്കയിൽ നടക്കുന്നതോടനുബന്ധിച്ച് ഭാരവാഹികൾക്ക് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പതാക കൈമാറുന്നു.
വത്തിക്കാൻ സിറ്റി: സീറോമലബാർ സമുദായത്തിന്റെ ആത്മാഭിമാനം വാനോളമുയർത്തി കത്തോലിക്ക കോൺഗ്രസ് റോം ഗ്ലോബൽ മീറ്റിൽ പങ്കെടുത്ത പ്രതിനിധികൾ ഇന്ന് അസീസിയിലേക്കു തീർഥാടനം നടത്തും. അവിടെ ലോക സമാധാനത്തിനുവേണ്ടി പ്രത്യേക പ്രാർഥനാ യജ്ഞത്തോടെയാണ് ഗ്ലോബൽ മീറ്റ് സമാപിക്കുന്നത്.
കത്തോലിക്ക കോൺഗ്രസിന്റെ അടുത്ത ഗ്ലോബൽ മീറ്റ് 2028ൽ ആഫ്രിക്കയിൽ നടത്തും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റും ആഫ്രിക്ക കോ-ഓർഡിനേറ്ററുമായ വർഗീസ് തമ്പിയുടെ നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് പതാക കൈമാറി.
ലെയോ പതിനാലാമൻ മാർപാപ്പയുടെ അനുഗ്രഹവും ആശീർവാദവും ഗ്ലോബൽ മീറ്റിനെ ഔന്നത്യത്തിൽ എത്തിച്ചതായി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ദീപികയോടു പറഞ്ഞു. മൂന്ന് ദിവസമായി റോമിൽ നടന്നുവരുന്ന ഗ്ലോബൽ മീറ്റ് 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമത്താൽ ആവേശോജ്വലമായി.
2033ൽ സമുദായം എങ്ങനെ ആയിരിക്കണമെന്ന ചർച്ചകളും ആലോചനകളും തീരുമാനങ്ങളും സംഗമത്തെ സമ്പുഷ്ടമാക്കി. തുടർന്ന് ആഗോളതലത്തിൽ സമുദായത്തെ കോർത്തിണക്കുന്ന ഗ്ലോബൽ നെറ്റ്വർക്കിംഗ്, വിവിധ മേഖലകളിൽ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ എന്നിവ നടത്തപ്പെടുകയുണ്ടായി. രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമ്പത്തിക, വിദ്യാഭ്യാസ, ബിസിനസ്, യുവജന മേഖലകളിൽ വിവിധ കർമപദ്ധതികൾ ആവിഷ്കരിച്ചുവെന്നും രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട് ഉൾപ്പടെ 14 ബിഷപ്പുമാരുടെ സാന്നിധ്യം മീറ്റിനെ പ്രൗഢഗംഭീരമാക്കിയെന്ന് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, കൺവീനർ ബെന്നി പുളിക്കേക്കര, ഡേവിസ് എടക്കളത്തൂർ, ബെന്നി ആന്റണി, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ ഇന്നലെ നടന്ന വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Tags : Recorded History Rome GlobalMeet CatholicaCongress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash