ഇന്ത്യ സഖ്യം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടർപ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ ഇന്ത്യ സഖ്യം നിശ്ചയിച്ചിരുന്ന യോഗം മാറ്റി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ഓൺലൈനായി നടത്താനിരുന്ന യോഗമാണു ചില നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവച്ചത്. അടുത്ത യോഗത്തെക്കുറിച്ച് തീരുമാനമായിട്ടില്ല.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്താണെന്നു ചൂണ്ടിക്കാട്ടി ബിജെപി ആരോപണം കടുപ്പിക്കുന്നതിനിടെയാണ് ഗ്യാനേഷിനെതിരേയുള്ള പ്രതിപക്ഷ സമരം ചെറുതായൊന്നു മയപ്പെട്ടത്. എന്നാൽ നവംബർ ഒന്നിനു നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയോടെ സമരം വീണ്ടും കടുക്കും.
ദസറ അവധിക്കുശേഷം സുപ്രീംകോടതി കൂടി വിഷയം പരിഗണിക്കുന്നതോടെ, അല്പം മയപ്പെട്ട പ്രതിഷേധം വീണ്ടും ശക്തിപ്രാപിച്ചേക്കും. ഗ്യാനേഷിനെതിരായ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി നീങ്ങുന്നത് കേന്ദ്രസർക്കാരിന് കൂടുതൽ പ്രതിസന്ധിയാണ്.
അടുത്ത മാസം പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കേ വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള നീക്കവും അണിയറയിൽ ശക്തമാണ്.
കഴിഞ്ഞ 16ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ തിരംഗ മാർച്ച് പൊലിസ് പൂർണമായി തടഞ്ഞതിനുശേഷം കാര്യമായ പ്രതിഷേധം ഡൽഹിയിൽ അരങ്ങേറിയിട്ടില്ല. എങ്കിലും പ്രതിഷേധഭൂമിയായിരുന്ന ജന്തർ മന്തർ ഉൾപ്പടെ പൊലിസ് വലയത്തിലാണ്. പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമായി തുടരുകയാണ്.
ന്യൂഡൽഹി: എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ, നടൻ പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ, രാകേഷ് ടിക്കായത്ത് തുടങ്ങിയ പ്രമുഖരും കർഷക-വിദ്യാർഥി സംഘടനകളും പങ്കെടുക്കും.
വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനം നിഷ്പക്ഷമാക്കുക, ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
Tags : Gyanesh INDIAlliance Postpones Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash