പിണറായി വിജയൻ
തിരുവനന്തപുരം: എക്സാലോജിക് മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരേയുള്ള കേസിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ പരിഗണിക്കുന്പോൾ സർക്കാർ വാദം കടുപ്പിക്കാൻ നിർദേശം.
വിജിലൻസ് എഫ്ഐആർ റദ്ദാക്കാതിരിക്കാൻ സർക്കാർ ഭാഗം ശക്തമാക്കാൻ എജി അടക്കമുള്ള അഭിഭാഷകർക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയതായാണ് വിവരം.
വിജിലൻസ് എഫ്ഐആർ കോടതി റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫ് സർക്കാരിനു രാഷ്്ട്രീയമായി കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന സാഹചര്യത്തിലാണ് സർക്കാർ വാദം കടുപ്പിക്കാൻ നിർദേശിച്ചത്.
പിണറായി വിജയനെതിരേയുള്ള സർക്കാരിന്റെ അയഞ്ഞ സമീപനത്തിൽ കോണ്‍ഗ്രസിലെ ഒരുവിഭാഗം കടുത്ത അതൃപ്തിയിലാണ്. ചില കോണ്‍ഗ്രസ് എംഎൽഎമാർ അടക്കമുള്ളവർ പരസ്യവിമർശനവും ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി ഉത്തരവ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾക്കും യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കൾക്കും ഏറെ ആശ്വാസം നൽകിയിരുന്നു. പിണറായിക്കെതിരേയുള്ള കേസ് ലക്ഷ്യമിട്ടു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരേയുള്ള കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാണ്.
ഇതുകൂടി മുന്നിൽ കണ്ടാണു തീരുമാനം. എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്പോൾ എഫ്ഐആർ റദ്ദാക്കാൻ ആവശ്യമായ വാദമുഖങ്ങളാകും പിണറായി വിജയനും കൂട്ടരും ഉന്നയിക്കാൻ സാധ്യത. മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കിയുള്ള നിയമയുദ്ധത്തിനാണ് ശ്രമിക്കുന്നത്. ഇതു മുൻകൂട്ടി കണ്ട് ആവശ്യമായ നിയമനടപടി സ്വീകരിക്കാനാണ് നിർദേശം.
അയഞ്ഞ വാദമുഖങ്ങൾ ഉയർത്തിയാൽ സർക്കാരിനെതിരേ രാഷ്്ട്രീയമായി ഒത്തുകളി ആരോപണം നേരിടേണ്ടിവരും. അതിനാൽ വിജിലൻസ് അന്വേഷണം അനിവാര്യമാണെന്ന നിലപാട് കോടതിയിൽ സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശിപാർശ.
അപ്പീലിനായി വിജിലൻസ് അന്വേഷണം പത്തു ദിവസത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പ്രാഥമികാന്വേഷണം വേണമെന്ന നിലപാട് കോടതി തള്ളിയിട്ടും എന്തുകൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയില്ലെന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
Tags : Intensify Arguments Pinarayi Government Directs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash