നേഹ ബോറ
ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് അനുമതി ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ ഐസ പ്രസിഡന്റ് നേഹ ബോറ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് സമാധാന ബോണ്ട് ആവശ്യപ്പെട്ട് ഡൽഹി പൊലിസ് നൽകിയ നോട്ടീസിനെതിരേ നേഹ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടയിലാണ് ഇക്കാര്യം പരാമർശിച്ചത്.
കേസിൽ രണ്ടര മണിക്കൂറിലധികം വാദം കേട്ട ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ് ഇന്ന് വിധി പറയാൻ മാറ്റി. 16ന് സിജെപിയുടെ തിരംഗ മാർച്ചിൽ പങ്കെടുക്കുന്നതിനിടെ കസ്റ്റഡിയിലായ നേഹ ബോറയെ പിറ്റേന്നാണ് വിട്ടയച്ചത്. തുടർന്ന് സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ ബോണ്ട് നൽകാൻ ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ നോട്ടീസ് നിലനിൽക്കില്ലെന്നും ദേശീയ പതാക ഉയർത്താൻ ആരുടെയും അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നേഹ ഹൈക്കോടതിയെ സമീപിച്ചത്.
സമാനമായി ജന്തർ മന്തറിൽ കയറി പതാക വീശിയതുമായി ബന്ധപ്പെട്ട് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരോട് ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്താൻ ആവശ്യപ്പെട്ടെങ്കിലും മൂവരും ഹാജരായില്ല. അശുതോഷിനെയും സൗരവിനെയും പൊലിസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിച്ചതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രതിഷേധിക്കാൻ എത്തിയതും സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമാണ് ഇവർക്കെതിരെയുള്ള കേസ്.
ഏഴ് ദിവസത്തെ കസ്റ്റഡിക്കുശേഷം ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി വ്യക്തിഗത ബോണ്ടും ആൾജാമ്യവും സമർപ്പിച്ചാണ് നേതാക്കളെ ബുധനാഴ്ച വിട്ടയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതോടെ ക്രൈംബ്രാഞ്ച് പുതിയ സമൻസ് അയച്ചേക്കും.
Tags : NehaBora NoPermission Required Hoist Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash