ടി.എസ്. ജോബ്
കുന്നംകുളം: ബാസ്കറ്റ്ബോളിന്റെ വളർച്ചയ്ക്കു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുൻ കായികാധ്യാപകനും സംഘാടകനുമായ ചൊവ്വന്നൂർ തെക്കേക്കര കൊച്ചൻ വീട്ടിൽ ടി.എസ്. ജോബ് (റോയിക്കുട്ടി മാഷ്-89) അന്തരിച്ചു.
കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ചരിത്രത്തിൽ രണ്ടു ജില്ലാ അസോസിയേഷനുകളുടെ പ്രഥമ സെക്രട്ടറിയായ ഒരേയൊരു വ്യക്തിയാണ് ജോബ് മാസ്റ്റർ. 1955ൽ മദ്രാസ് വൈഎംസിഎയിൽനിന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹം 1956ൽ മൂക്കുതല സ്കൂളിൽ കായികാധ്യാപകനായി ചേർന്നു. സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹകരണത്തോടെ അവിടെ ബാസ്കറ്റ്ബോൾ കോർട്ട് നിർമിച്ച് കുട്ടികളെ കളി പഠിപ്പിക്കാൻ മുന്നിട്ടിറങ്ങി.
പാലക്കാട്, മലപ്പുറം ജില്ലകളിൽ ബാസ്കറ്റ്ബോൾ അസോസിയേഷനുകൾ രൂപവത്കരിക്കുന്നതിനു മുന്നിൽനിന്നു നയിച്ചത് ഇദ്ദേഹമാണ്. 1960ൽ രൂപവത്കൃതമായ പാലക്കാട് ജില്ലാ അസോസിയേഷന്റെയും, 1969ൽ രൂപവത്കൃതമായ മലപ്പുറം ജില്ലാ അസോസിയേഷന്റെയും പ്രഥമ സെക്രട്ടറി പദവികൾ അദ്ദേഹം വഹിച്ചു.
1960-61 കാലഘട്ടത്തിൽ കേരളത്തിൽ ആദ്യമായി നടത്തിയ റഫറിമാരുടെ എഴുത്തുപരീക്ഷയിലും തുടർന്ന് 1962ൽ ആലപ്പുഴയിൽ നടന്ന പ്രായോഗിക പരീക്ഷയിലും വിജയിച്ച് റഫറിയായ ആദ്യ മലയാളികൂടിയാണ്. ഗ്വാളിയർ ലക്ഷ്മിബായ് കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ കോച്ചിംഗ് ക്ലിനിക്കുകളിൽ പങ്കെടുത്തിട്ടുണ്ട്.
സംസ്ഥാന സ്കൂൾ ബാസ്കറ്റ്ബോൾ ടീമുകളുടെ കോച്ചായി ഒട്ടേറെത്തവണ ദേശീയ കായികമേളകളിൽ പങ്കെടുത്തു. കുന്നംകുളത്തെയും മലബാറിലെയും നൂറുകണക്കിന് പ്രമുഖ താരങ്ങളെ കായികരംഗത്തിനു സംഭാവനചെയ്ത അദ്ദേഹം 1992ൽ കുന്നംകുളം ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണു വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിനു ശേഷവും സൗജന്യ കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ച് സജീവമായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആർത്താറ്റ് മാർത്തോമാ പള്ളിയിൽ. പരേതയായ സൂസിയാണു ഭാര്യ. മക്കൾ: സൈമൺ, ജോർജ്, നിബു. മരുമക്കൾ: മഞ്ജു, ജിനു, ബിനു.
Tags : Basketball TSJob PassesAway Legend