പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: ഖത്തര്‍ കെഎംസിസി ഓഫിസിലെ കോടികളുടെ കവർച്ചയുമായി ബന്ധപ്പെട്ടു കീഴടങ്ങിയ കൊയിലാണ്ടി സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും പ്രാദേശിക ബിജെപി നേതാവുമായ പരപ്പിൽ ബാലകൃഷ്ണൻ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കെഎംസിസി ഉന്നത ഭാരവാഹികള്‍ക്കു മോഷണത്തില്‍ പങ്കുള്ളതായാണു സംശയം.
ബാലകൃഷ്ണന് പൊലിസില്‍ കീഴടങ്ങാനുള്ള സാഹചര്യവും പരിശോധിക്കുന്നുണ്ട്. ബാലകൃഷ്ണനെ ഖത്തറിലേക്ക് എത്തിക്കുകയും മറ്റ് കൃത്യങ്ങൾ ചെയ്യാൻ സഹായിക്കുകയും ചെയ്തത് ‘ബോംബെ ഷാജി’ എന്നറിയപ്പെടുന്ന ഷാജിക്കായാണെന്ന് ബാലകൃഷ്ണൻ പൊലിസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ ബോംബെ ഷാജിയുടേതെന്ന പേരില്‍ ശബ്ദരേഖയും ഇന്നലെ പുറത്തുവന്നിട്ടുണ്ട്. കവർച്ചയുടെ പ്രതിഫലം ചോദിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നത്. കവർച്ച ചെയ്തത് 25 കോടിയോളം രൂപ ആണെന്ന് സംഘത്തിലെ ബോംബെ ഷാജി പറയുന്നുണ്ട്. ഫണ്ട് കെഎംസിസിയുടെതാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഷാജി പറയുന്നു. ഇതിന്റെ ആധികാരികതയും പൊലിസ് പരിശോധിക്കുന്നുണ്ട്.
പ്രതികളിലൊരാള്‍ കീഴടങ്ങി തൊട്ടടുത്ത ദിവസംതന്നെ ശബ്ദരേഖപുറത്തുവന്നത് അന്വേഷണം വഴിതിരിച്ചുവിടാനാണോ എന്ന സംശയവും പൊലിസിനുണ്ട്.
Tags : KMCCOffice AudioRecording Prime SuspectEmerges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash