പ്രതീകാത്മക ചിത്രം
തൃശൂർ: തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ എല്ലാവരും ചേർന്നു പൂരം കലക്കി എന്നുപറയുന്നതു തെറ്റാണെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കെ. ഗിരീഷ്കുമാർ. തൃശൂർ പൂരം കലക്കലിൽ തിരുവന്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്തുനിർത്തുന്ന അന്വേഷണ റിപ്പോർട്ട് പൊലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ സർക്കാരിനു കൈമാറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
തിരുവമ്പാടി ദേവസ്വം ബോർഡിനെ കുറ്റപ്പെടുത്തുന്ന ക്രൈംബ്രാഞ്ച് രീതി ശരിയല്ല. നിഷ്പക്ഷമായ ഏത് അന്വേഷണത്തിനും തിരുവമ്പാടി ദേവസ്വം തയാറാണ്. കഴിഞ്ഞ രണ്ടു വർഷമായി ഇതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ഇപ്പോഴും തിരുവമ്പാടി ദേവസ്വമാണു തെറ്റുകാരെന്നു വരുത്തിത്തീർക്കാനാണു ശ്രമം. ഇതിനുപിന്നിൽ ചില അജൻഡകളുണ്ട്. ഇക്കാര്യത്തിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നാണു സർക്കാരിനോട് ആവശ്യപ്പെടുന്നത്.
അടുത്ത പൂരാഘോഷത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ തിരുവമ്പാടി ദേവസ്വത്തിനുമേൽ പഴിചാരുന്ന പ്രവണത നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. മാറിവരുന്ന ഓരോ കമ്മിറ്റിയും ജാതിമത രാഷ്ട്രീയഭേദമെന്യേ എല്ലാവരും ചേർന്നു പൂരം കേമമാക്കാൻ ശ്രമിക്കുന്നവരാണ്.
പൂരത്തിന്റെ പ്രൗഢി കുറയ്ക്കാനോ അതു കലക്കാനോ ഒരിക്കലും ദേവസ്വം കൂട്ടുനിൽക്കില്ല. ദേവസ്വം ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയാറാണെന്നും കെ. ഗിരീഷ്കുമാർ വ്യക്തമാക്കി.
ദേവസ്വത്തിലെ എട്ടു ഭാരവാഹികൾക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടിയാണ് ആഭ്യന്തരവകുപ്പിനു പൊലിസ് റിപ്പോർട്ട് കൈമാറിയത്. ഗൂഢാലോചന, കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താനാണു നീക്കം.
പൂരം കലക്കലിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്കു സംബന്ധിച്ച് ആരോപണങ്ങളുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു നൽകിയ റിപ്പോർട്ടാണ് ഡിജിപി വഴി സർക്കാരിന്റെ മുന്നിലെത്തിയിട്ടുള്ളത്.
Tags : Devaswom Pooram ThiruvambadyDevaswom Report Incorrect Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash