Kerala
തൃശൂർ: ഉച്ചകഴിഞ്ഞു മൂന്നരയോടെ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ
വൻ സ്ഫോടനം ഉണ്ടായെന്നു അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചവരിൽ നാട്ടുകാർ
മാത്രമല്ല മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു.
കാരണം രാവിലെ പതിനൊന്നോടെ ഒരു സംഘം മാധ്യമപ്രവർത്തകർ വെടിക്കെട്ടു പുരയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും ഇവിടം സന്ദർശിച്ചിരുന്നു.
ഇവർ വാർത്തകളെടുത്തു മടങ്ങി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് രാജ്യത്തെതന്നെ ഞെട്ടിച്ച വൻ ദുരന്തം മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ അരങ്ങേറിയത്. വെടിക്കെട്ടു പുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളോടു സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർമാർ തങ്ങൾ അല്പനേരം മുമ്പ് സംസാരിച്ച പലരും ദുരന്തത്തിന് ഇരയായെന്ന വിവരമറിഞ്ഞു ഞെട്ടിത്തരിച്ചുപോയി.
Kerala
തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.
കൊടിയേറ്റ ശേഷം ഉച്ചയ്ക്ക് മൂന്നിന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റും.
പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. ഇതോടൊപ്പം രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ടും നടക്കും.25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ് നടക്കും.
26നാണ് തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. 27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ഗജവീരൻ തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
District News
മണ്ണാർക്കാട്: ഉത്സവലഹരിയിലാറാടുന്ന മണ്ണാർക്കാടിന് ഇന്ന് വലിയാറാട്ട്. ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ആറാട്ടിനും ആറാട്ടുകടവിലെ കഞ്ഞിപ്പാർച്ചക്കുമായി പതിനായിരങ്ങളാണ് എത്തുക. അട്ടപ്പാടിയിലെ ഗോത്ര സമൂഹം ഒരാഴ്ച മുമ്പ് തന്നെ ക്ഷേത്രത്തിൽ തമ്പടിച്ചുകഴിഞ്ഞു. ബാക്കിയുള്ളവർ ഇന്നെത്തും. ഇതോടെ ക്ഷേത്രം ഉത്സവലഹരിയിലാറാടും.
രാവിലെ 8.30ന് ആറാട്ട് എഴുന്നള്ളിപ്പ് തുടങ്ങും. തുടർന്ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, രാവിലെ 10 മുതൽ ഒരുമണി വരെ കുന്തിപ്പുഴ ആറാട്ട് കടവിൽ കഞ്ഞിപാർച്ച എന്നിവ നടക്കും. വൈകുന്നേരം മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ഡബിൾ നാദസ്വരം, ആറിന് ഡബിൾ തായമ്പക, രാത്രി ഒമ്പതിന് പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികൾ. സമാപന ദിവസമായ നാളെയാണ് ചെട്ടിവേല നടക്കുക.
ഇന്ന് പ്രാദേശിക അവധി
മണ്ണാർക്കാട്: പൂരത്തിന്റെ വലിയാറാട്ട് ദിവസമായ ഇന്ന് മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാർക്കാട് പൂരത്തിന് അട്ടപ്പാടി താലൂക്കിൽ നിന്നും ആദിവാസി സമൂഹമുൾപ്പെടെ നിരവധിപേർ എത്താറുണ്ട്. ഇത് കണക്കിലെടുത്താണ് അട്ടപ്പാടി താലൂക്കിലും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.
Kerala
പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘത്തിനെ പിടികൂടി പോലീസ്. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിന്റെ നില ഗുരുതരമാണ്.
വലിയവളപ്പിൽ മുസ്തഫ,വി. മുസ്തഫ എന്നിവർക്ക് കൈയ്ക്കും കെ. സൂരജ്, വി.വി. അബൂബക്കർ എന്നിവർക്ക് തലയ്ക്കുമാണ് പരിക്ക്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ അതിസാഹസികമായാണ് ചാലിശേരി പോലീസ് പിടികൂടിയത്.
പിടിയിലായ പെരുമണ്ണൂർ സ്വദേശികളായ മണികണ്ഠൻ, ബാലസുബ്രമണ്യൻ, ഫ്ലമിംഗ്, അഭിജിത്ത്, അഖിൽ, വിനോദ്, അജീഷ്, ഗിരീഷ്, ജഗന്നാഥ്, ശ്രീനിവാസൻ, ജിനേഷ് , മോഹൻദാസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.