ചവറ: മലയാള നാടകരംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമായ ചവറ തേവലക്കര തൂലികയില്‍ ടി. കെ. ഗോപിനാഥക്കുറുപ്പ് എന്ന ബേബി കുട്ടന് തൂലിക(80) അന്തരിച്ചു.
സംസ്കാരം ഇന്ന് മൂന്നിന് തേവലക്കരയിലെ വീട്ടുവളപ്പില്‍. തൂലിക എന്ന നാമത്തില്‍ നാടക ഗ്രൂപ്പ് ഉണ്ടായിരുന്ന ബേബികുട്ടൻ വിദേശ രാജ്യങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.
തകഴി ശിവശങ്കരപ്പിള്ളയുടെ "ചെമ്മീന്‍' നോവല്‍ നേരിട്ട് കൈപ്പറ്റി, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നാടകമാക്കി ആദ്യമായി അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത നാടകസമിതികള്ക്കായി എഴുപതിലധികം നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, ഗാന്ധിഭവന് കലാപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കള്‍: രാജേഷ് ജി, രഞ്ജിഷ് ടി. ജി, ശ്രീലക്ഷ്മി. മരുമക്കള്‍ : മധുശ്രീ, അഞ്ജു, ശ്രീഹരി.