സുപ്രീംകോടതി
ന്യൂഡൽഹി: എത്ര ഗൗരവമേറിയ കുറ്റകൃത്യമാണെങ്കിലും വിചാരണയ്ക്കു മുമ്പുള്ള ദീർഘകാല തടവ് ശിക്ഷയായി മാറരുതെന്നും ഇത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി.
രാജസ്ഥാനിലെ ജല്‍ജീവൻ മിഷൻ പദ്ധതിയിലെ ടെൻഡർ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ കോൺഗ്രസ് മന്ത്രി മഹേഷ് ചന്ദ്ര ജോഷി, മുകേഷ് പഥക് എന്നിവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റീസുമാരായ ദീപങ്കർ ദത്ത, ശീൽ നഗു എന്നിവരടങ്ങിയ ബെഞ്ചിനെ നിരീക്ഷണം.
ഇരുവർക്കുമെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും രേഖകളെല്ലാം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലായതിനാൽ തുടർച്ചയായ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
22 പ്രതികളും 124 സാക്ഷികളും ഇരുപതിനായിരത്തോളം പേജുകളുടെ രേഖകളുമുള്ള കേസിൽ വിചാരണ വൈകാൻ സാധ്യതയുണ്ടെന്നതും ഇതിനകം പ്രതികൾ അനുഭവിച്ച തടവ് കാലാവധിയും സമാനകേസുകളിൽ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന കാര്യവും കോടതി കണക്കിലെടുത്തു.
72കാരനായ മഹേഷ് ചന്ദ്ര ജോഷി അഞ്ചു മാസത്തിലേറെയും മുകേഷ് പഥക് എട്ടു മാസത്തോളവുമായി കസ്റ്റഡിയിലാണ്.
Tags : SupremeCourt WithoutTrial custody Punishment AllegedCrime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash