Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പകർപ്പ് പുറത്ത്. 1709 പേജുള്ള വിധിപകർപ്പാണ് പുറത്തുവന്നത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണമെന്ന നിലപാട് സ്വീകരിച്ചുവെന്ന് വിധി പകര്‍പ്പില്‍ പറയുന്നു.
എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നു. വിചാരണ കോടതിയ്ക്കെതിരെ പ്രോസിക്യൂഷനും ദീലിപും ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് കോടതി മുഖവിലക്കെടുക്കുന്നില്ലെന്ന് വിധിയില്‍ പറയുന്നു.
ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.
ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുന്നൂറോളം പേജുകളിലാണ് വിധി പകര്‍പ്പില്‍ പറയുന്നത്. കേസിൽ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചിരുന്നു. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ശിക്ഷാവിധിയിൽ അസംതൃപ്തിയെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു.
അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതികരിച്ചത്.
“പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരിഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാര്‍വതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പ്രായമായ തന്റെ അമ്മയെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ് പങ്കുവച്ചുകൊണ്ട് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “എന്ത് ചെയ്തിട്ടാണ് അയാള്‍ സ്വന്തം അമ്മയെ സഹായിച്ചത്? ഓ മനസിലായി. കരുണ”.
മൂന്നാം പ്രതി മണികണ്ഠന് കോടതിയോട് പറഞ്ഞ കാര്യം സംബന്ധിച്ച വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചിരിക്കുന്ന മറ്റൊന്ന്. ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ലെന്ന മണികണ്ഠന്റെ വാക്കുകളാണ് അത്. ഭാര്യയും രണ്ട് മക്കളും തന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും മണികണ്ഠന് കോടതിയില്‍ പറഞ്ഞിരുന്നു.
അതിനോടുള്ള പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “പക്ഷേ ഈ കേസില്‍ കോടതിയുടെ കണ്ണില്‍ ഗൂഢാലോചന എന്നൊന്ന് ഉണ്ടായിരുന്നില്ലല്ലോ. ഗൂഢാലോചന നടത്തിയവര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടുന്നത് നമ്മള് കണ്ടോ? ഇവിടെയും ഭാര്യയും മക്കളും തന്നെ”.
"കുറ്റവാളികള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. നിശബ്ദരായിരിക്കുന്നവരുണ്ട്. ഈ വേളയില്‍ ആഘോഷിക്കുന്നവരെ ശ്രദ്ധിക്കുക. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവര്‍ക്ക് എന്ത് തോന്നിയാലും അത് ചെയ്യാനുള്ള ഇന്ധനം ലഭിച്ചുവെന്ന് മനസിലാക്കുക. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും.'- പാര്‍വതി പറഞ്ഞു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിന്റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് അവർ ചോദിച്ചു.
ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നുവെന്നും നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം ആറ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേസിലെ പ്രതികൾക്ക് കൂട്ടബലാത്സംഗ കുറ്റത്തിലുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ശിക്ഷവിധിച്ചത്.
ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്.
National
ചെന്നൈ: പോക്സോ കേസിൽ അറസ്റ്റിലായ യുവതിക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകി. 2021ലാണ് കേസിനാസ്പദമായ സംഭവം. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിലെ അങ്കണവാടിയിൽ പാചകക്കാരിയായ ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്.
ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ വച്ച് ഇരുവരെയും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിക്കുകയായിരുന്നു.