ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ പങ്കാളികളാകുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പ് നൽകുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ അവതരിപ്പിച്ചു. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ബില്ലിൽ ചർച്ച ഉണ്ടായില്ല. സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ ബില്ലിൽ ഇന്ന് ചർച്ച നടക്കും.
പരീക്ഷാ ക്രമക്കേടിൽ വിദ്യാർഥി പ്രക്ഷോഭം കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയതോടെയാണ് ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
- പരീക്ഷ ക്രമക്കേടിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെയും ശിക്ഷ ലഭിക്കും. നേരത്തെ മൂന്നു മുതൽ അഞ്ച് വർഷം വരെ തടവായിരുന്നു ശിക്ഷ.
- തട്ടിപ്പിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കുള്ള പിഴത്തുക ഒരു കോടിയിൽനിന്ന് അഞ്ച് കോടി രൂപയായും പരീക്ഷാ നടത്തിപ്പിനുള്ള വിലക്ക് നാല് വർഷത്തിൽ നിന്ന് എട്ട് വർഷമായും വർധിപ്പിച്ചു.
- സ്ഥാപനങ്ങളുടെ ഡയറക്ടർമാർക്കോ മുതിർന്ന മാനേജ്മെന്റിനോ പങ്കുണ്ടെങ്കിൽ കുറഞ്ഞ ശിക്ഷ അഞ്ച് വർഷം തടവാണ്. അഞ്ച് കോടി രൂപ പിഴയും ശിക്ഷ ലഭിക്കും.
- ചോദ്യ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപയിൽ കുറയാത്ത പിഴയും ചുമത്തും.
- കുറ്റകൃത്യങ്ങൾ വേഗത്തിൽ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് പുറമെ സ്പെഷൽ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടാകും. സ്പെഷൽ ടാസ്ക് ഫോഴ്സോ മറ്റ് ഏജൻസികളോ അന്വേഷിക്കുന്ന കേസുകൾ വിജ്ഞാപനം വന്ന് രണ്ട് മാസത്തിനകം പൂർത്തിയാക്കണം.
- വിചാരണ വേഗത്തിലാക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ആലോചിച്ച് സെഷൻസ് കോടതികളെ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതികളായി വിജ്ഞാപനം ചെയ്യണം. ഈ കോടതികളിൽ എല്ലാ ദിവസവും വിചാരണ നടക്കുകയും കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയുകയും വേണം.
- ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവുകൾക്കെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് പരിഗണിക്കേണ്ടത്. അപ്പീൽ സ്വീകരിച്ച് മൂന്നു മാസത്തിനകം ഹൈക്കോടതി തീരുമാനം എടുക്കണം.
- ജാമ്യം സംബന്ധിച്ച ഉത്തരവുകൾക്കെതിരെ 30 ദിവസത്തിനുള്ളിൽ ഹൈക്കോടതിയെ സമീപിക്കാം. തക്കതായ കാരണങ്ങളുണ്ടെങ്കിൽ ഇത് പരമാവധി 90 ദിവസം വരെയാകാം. എന്നാൽ 90 ദിവസത്തിനു ശേഷമുള്ള അപ്പീലുകൾ സ്വീകരിക്കില്ല.
Tags :
Punishment Exam Irregularities Toughened Bill LokSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash