നരേന്ദ്ര മോദി
ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പടെയുള്ള ആഗോള ഭരണസംവിധാനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ അടിയന്തരമായി വരുത്തണമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഗ്ലോബൽ സൗത്ത്’ നയങ്ങൾ സ്വീകരിക്കുന്നവരായി മാത്രം തുടരാതെ, ആഗോള നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളികളായി മാറാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. റഷ്യയും ചൈനയും ഉൾപ്പടെ 11 ബ്രിക്സ് അംഗരാജ്യങ്ങളിലെ ഭരണത്തലവന്മാർ യോഗത്തിൽ പങ്കെടുത്തു.
ആഗോള ഭരണ സംവിധാനത്തെ പിരമിഡിനോട് ഉപമിച്ച പ്രധാനമന്ത്രി, അതിന്റെ മുകൾത്തട്ടിലുള്ളവർ മാത്രം എല്ലാ അധികാരങ്ങളും തീരുമാനങ്ങളും കൈയാളുകയാണെന്ന് ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള രാജ്യങ്ങൾ ഈ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരായി മാത്രം ശേഷിക്കുകയാണ്.
ഈ സ്ഥിതിക്കു മാറ്റം വരണമെന്നും ആഗോള ഭരണ സംവിധാനത്തിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സ് ആരെയും എതിർക്കാനല്ല; മറിച്ച്, എല്ലാവരെയും ഒപ്പംചേർത്ത് മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി. പെട്ടെന്ന് സഹായം ലഭ്യമാക്കാൻ പ്രത്യേക അടിയന്തര ശൃംഖല രൂപികരിക്കണം.
പ്രധാന സെഷനുശേഷം ഭാരത് മണ്ഡപത്തിൽ ഒരുക്കിയിരുന്ന എക്സിബിഷൻ സെന്റർ നേതാക്കൾ സന്ദർശിച്ചു. തുടർന്ന് 11 അംഗരാജ്യങ്ങളിലെയും നേതാക്കൾ ചേർന്ന് ഭാരത് മണ്ഡപ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും പ്രധാനമന്ത്രി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഉച്ചകോടി ഇന്നു സമാപിക്കും.
ന്യൂഡൽഹി: ഡോളറിനെ ആശ്രയിക്കാതെ ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള ‘ബ്രിക്സ് പേ’സംവിധാനം ഉടനടി നടപ്പാക്കാൻ ഉച്ചകോടിയിൽ അന്തിമ ധാരണയായില്ല.
എന്നാൽ, അംഗരാജ്യങ്ങളുടെ നിലവിലുള്ള പേമെന്റ് സംവിധാനങ്ങളും പണമിടപാടുകൾക്കായുള്ള സന്ദേശവിനിമയ ശൃംഖലകളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ബ്രിക്സ് പേമെന്റ് ടാസ്ക് ഫോഴ്സിനു നിർദേശം നൽകി.
ഡോളറിനു പകരം ഏകീകൃത ബ്രിക്സ് കറൻസി കൊണ്ടുവരുമെന്ന പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടായില്ലെങ്കിലും അംഗരാജ്യങ്ങളുടെ സ്വന്തം കറൻസികളിൽ (രൂപ, റൂബിൾ, യുവാൻ, റിയാൽ തുടങ്ങിയവ) വ്യാപാരവും നിക്ഷേപവും പൂർത്തിയാക്കുന്നതിന് മുൻഗണന നൽകും. കസാൻ (2024), റിയോ (2025) ഉച്ചകോടികളിലെ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടു വച്ച രാജ്യാന്തര പണമിടപാട് സംരംഭത്തിന്റെ തുടർച്ചയായാണ് ഈ നീക്കം
ഇന്ത്യയുടെ ‘യുപിഐ’, ബ്രസീലിന്റെ ‘പിക്സ്’ , ചൈനയുടെ ‘സിഐപിഎസ്’, റഷ്യയുടെ ‘എസ്പിഎഫ്എസ്’ തുടങ്ങിയ ദേശീയ പണമിടപാട് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
Tags : BRICSSummit Changes Needed Governance NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash