മാത്യു കുഴല്നാടന് എംഎല്‍എ
തൊടുപുഴ: തനിക്കതിരേ വന്ന അന്വേഷണത്തിന്റെ മറവില്‍ പാര്‍ട്ടിയെയാണ് ആക്രമിക്കുന്നതെന്നു വരുത്തി അണികളെ രംഗത്തിറക്കി പരിച തീര്‍ക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആരോപിച്ചു.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഇഡി നിര്‍ദേശിച്ചത് പാര്‍ട്ടിയെ തകര്‍ക്കാനാണെന്നു വരുത്തുകയാണ്.
നേരത്തേ ഇഡി ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ അടുത്ത ഘട്ടമാണിത്. വീണാ വിജയന് വിദേശത്തേക്ക് കോടിക്കണക്കിനു രൂപ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും, റിയാസ് സുഹൃത്തുക്കള്‍ മുഖാന്തിരം വിദേശത്തേക്ക് പണം അയച്ചിട്ടുണ്ടോയെന്നതിലും പിണറായി കൃത്യമായ മറുപടി ഇനിയും നല്‍കിയിട്ടില്ല.
ഇന്നലെ പത്രസമ്മേളനത്തില്‍ ദുര്‍ബലനായ പിണറായിയെയാണ് കാണാനായത്. നിലവില്‍ നടക്കുന്നത് അണയുന്നതിനു മുമ്പുള്ള ആളിക്കത്തലാണ്. ഒരുകുടുംബം നടത്തിയ കൊള്ളയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പിണറായിയും റിയാസും തകര്‍ന്നാല്‍ പാര്‍ട്ടി തകരുമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. വരുംദിവസങ്ങളില്‍ സത്യം പുറത്തുവരുമ്പോള്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കുഴല്നാടന് പറഞ്ഞു.
ഇഡി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത് ഏറെ ഗൗരവമുള്ള കാര്യമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതെന്നും കുഴല്നാടന് പറഞ്ഞു.
Tags : PinarayiVijayan Shield Party MathewKuzhalnadan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash