പ്രതീകാത്മക ചിത്രം
കൊച്ചി: തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും കെട്ടിടങ്ങൾ റെഗുലറൈസ് ചെയ്യണമെന്ന കാലങ്ങളായുള്ള ആവശ്യത്തിൽ കേന്ദ്രം നടപടികളിലേക്ക് കടക്കുന്നു.
ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിന്റെയും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയുടെയും വിശദീകരണം ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കാനാണ് കേന്ദ്രനീക്കം.
നേരത്തേ കോസ്റ്റൽ റെഗുലേഷൻ സോൺ (സിആർഇസഡ്) വിജ്ഞാപനപ്രകാരമുള്ള അനുമതി തേടാതെയും ലഭിക്കാതെയും നിർമാണം നടത്തിയ ഗാർഹിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് നിലവിൽ ക്രമവത്കരണം നൽകുന്നത് നിർമാണം നടത്തിയ സമയത്തെ നിയമപ്രകാരം മാത്രമാണ്.
2019 സിആർഇഡ് വിജ്ഞാപനപ്രകാരം അനുവദനീയമായിട്ടുള്ള കെട്ടിടമെങ്കിലും 2011ലെ സിആർസെഡ് നോട്ടിഫിക്കേഷന്റെ ചട്ടങ്ങളുടെ കാലഘട്ടത്തിൽ നിർമിച്ചതിനാൽ റഗുലറൈസേഷൻ ലഭിക്കാതെ പ്രതിസന്ധി നേരിടുന്ന ആയിരക്കണക്കിനു തീരദേശ കുടുംബങ്ങൾ കേരളത്തിലുണ്ട്.
തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ നിരവധി കുടുംബങ്ങൾ കടലാക്രമണം, തീരശോഷണം തുടങ്ങിയ സാഹചര്യങ്ങളിൽ സംരക്ഷണത്തിനായി പുതിയ വീടുകൾ നിർമിക്കുകയോ നിലവിലുള്ളവ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിരുന്നു.
സിആർസെഡ് നിയമനടപടികളെക്കുറിച്ചുള്ള അവബോധക്കുറവും മറ്റും മൂലം പലർക്കും ആവശ്യമായ അനുമതികൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതു കെട്ടിടങ്ങൾ റെഗുലറൈസ് ചെയ്യുന്നതിന് തടസമുണ്ടാക്കിയിരുന്നു.
തീരവാസികൾക്കു നീതി ലഭ്യമാക്കണം: -ഹൈബി ഈഡൻ എംപി
തീരപ്രദേശങ്ങളിലെ കെട്ടിടങ്ങൾ റെഗുലറൈസ് ചെയ്യണമെന്ന ആവശ്യത്തിൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും നീതി ലഭ്യമാക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Tags : Regularization CoastelBuildings Centre Initiates Measures Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash