മുല്ലപ്പെരിയാര്‍ അണക്കെട്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വൈദ്യുതി റോയല്‍റ്റി, കരാര്‍ വ്യവസ്ഥകള്‍, ദുരന്തനിവാരണ ചെലവുകള്‍ എന്നീ ഇനത്തില്‍ കേരളത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ആരോപണം. \
55 വര്‍ഷത്തിനിടെ കേരളത്തിന് ഏകദേശം 24,432 കോടി നഷ്ടപ്പെട്ടപ്പോള്‍ 3.77 കോടി മാത്രമാണ് ലഭിച്ചതെന്നും മുല്ലപ്പെരിയാര്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.എസ്. പ്രകാശന് ആരോപിച്ചു.
2016ലെ കണക്കു പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴ്ഭാഗത്ത് 823 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യങ്ങളില്‍ ഏകദേശം 3,500 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നു. ഇതിനായി ഇടുക്കി ജില്ലാ ദുരന്തനിവാരണ പ്ലാനിന്റെ ഭാഗമായി പ്രതിവര്‍ഷം ഏകദേശം 53 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2014-15 മുതല്‍ തമിഴ്നാടിന് ലഭിക്കുന്ന വൈദ്യുതിയുടെ ഫ്രീ ഷെയറിംഗില്‍ നിന്ന് നിശ്ചിത വിഹിതം താഴ്വരയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥ കേരളം പ്രയോജനപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. 2015 ഒക്ടോബര്‍ 29ലെ അടിയന്തര നിയമോപദേശം പത്ത് വര്‍ഷമായി ബന്ധപ്പെട്ട വകുപ്പുകള്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്.
2014-15ലെ വൈദ്യുതി കണക്കുകളുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 75 കോടി രൂപയുടെ നഷ്ടമുണ്ടായതായും 12 വര്‍ഷത്തെ കുടിശികയും പലിശയും ഉള്‍പ്പെടെ 1,297 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു.
Tags : Mullaperiyar Agreement Kerala Loss Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash