എം.വി. ഗോവിന്ദന്.
കണ്ണൂര്‍: പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി നേതൃത്വത്തിനെതിരേ നടത്തുന്ന എല്ലാ കടന്നാക്രമണങ്ങളെയും ഫലപ്രദമായി പ്രതിരോധിച്ച് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പിണറായി വിജയനെതിരേ നടത്തുന്ന നീക്കങ്ങളെ പാര്‍ട്ടിക്കെതിരായ കടന്നാക്രമണമായി തന്നെയാണ് പാര്‍ട്ടി കാണുന്നത്.
ഇഡിയുടെ കൈയിൽ ഒരു തെളിവുമില്ല. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പിടിക്കുകയാണ് ഇപ്പോഴത്തെ ഉന്നം. കണ്ണൂര്‍ സ്റ്റേഡിയം കോർണറില്‍ സിപിഎം സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരേ ഇഡിയുടെ രാഷ്ട്രീയ പ്രേരിതമായ നടപടിയുണ്ടായപ്പോള്‍ എതിര്‍ത്തവരാണ് സിപിഎമ്മും ഇടത് പാര്‍ട്ടികളാകെയും. എന്നാല്‍ പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മുന്‍പ് രാഹുൽ ഗാന്ധി ചോദിച്ചത്.
ബിജെപിയുടെ ഉപകരണമായിട്ടാണ് ഓരോ ഘട്ടത്തിലും ഇഡി പ്രവര്‍ത്തിച്ചത്. കേരളത്തിലെ സര്‍ക്കാരിനെ ഉപയോഗപ്പെടുത്തി പുകമറ സൃഷ്ടിക്കാനാകുമോയെന്നാണ് ഇപ്പോള്‍ നോക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു.
Tags : ED MVGovindan CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash