ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പടെയുള്ള ആഗോള ഭരണസംവിധാനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ അടിയന്തരമായി വരുത്തണമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഗ്ലോബൽ സൗത്ത്’ നയങ്ങൾ സ്വീകരിക്കുന്നവരായി മാത്രം തുടരാതെ, ആഗോള നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളികളായി മാറാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. റഷ്യയും ചൈനയും ഉൾപ്പടെ 11 ബ്രിക്സ് അംഗരാജ്യങ്ങളിലെ ഭരണത്തലവന്മാർ യോഗത്തിൽ പങ്കെടുത്തു.
ആഗോള ഭരണ സംവിധാനത്തെ പിരമിഡിനോട് ഉപമിച്ച പ്രധാനമന്ത്രി, അതിന്റെ മുകൾത്തട്ടിലുള്ളവർ മാത്രം എല്ലാ അധികാരങ്ങളും തീരുമാനങ്ങളും കൈയാളുകയാണെന്ന് ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള രാജ്യങ്ങൾ ഈ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരായി മാത്രം ശേഷിക്കുകയാണ്.
ഈ സ്ഥിതിക്കു മാറ്റം വരണമെന്നും ആഗോള ഭരണ സംവിധാനത്തിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സ് ആരെയും എതിർക്കാനല്ല; മറിച്ച്, എല്ലാവരെയും ഒപ്പംചേർത്ത് മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി. പെട്ടെന്ന് സഹായം ലഭ്യമാക്കാൻ പ്രത്യേക അടിയന്തര ശൃംഖല രൂപികരിക്കണം.
പ്രധാന സെഷനുശേഷം ഭാരത് മണ്ഡപത്തിൽ ഒരുക്കിയിരുന്ന എക്സിബിഷൻ സെന്റർ നേതാക്കൾ സന്ദർശിച്ചു. തുടർന്ന് 11 അംഗരാജ്യങ്ങളിലെയും നേതാക്കൾ ചേർന്ന് ഭാരത് മണ്ഡപ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും പ്രധാനമന്ത്രി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഉച്ചകോടി ഇന്നു സമാപിക്കും.