പ്രതീകാത്മക ചിത്രം
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന് ആവശ്യമായ പഠനം നടത്തുന്നതിന് കമ്മിഷനെ നിയമിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനവും മൂവാറ്റുപുഴ ജില്ല രൂപീകരണം ഗൗരവമായി പരിഗണിക്കുമെന്നുള്ള തുടർ പ്രസ്താവനയും സമ്മിശ്ര പ്രതികരണങ്ങളാണ് പൊതുസമൂഹത്തിൽ ഉയർത്തിയിരിക്കുന്നത്.
ക്ഷേമപ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ജനങ്ങൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകേന്ദ്രങ്ങൾ പല പ്രദേശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത് . ജനക്ഷേമത്തേക്കാൾ ഉപരിയായി രാഷ്ട്രീയമായ കണക്കുകൂട്ടലുകളും സ്ഥാപിത താത്പര്യങ്ങളുമാണ് പുതിയ സർക്കാർ ഓഫീസുകൾ തുടങ്ങിയതിന്റെ പിന്നിലെ പ്രധാന ഘടകമായി വർത്തിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയൽ കൂന്പാരങ്ങളെക്കുറിച്ച് കാലകാലങ്ങളായി അധികാരത്തിൽ എത്തുന്നവരുടെ വിലാപങ്ങൾ നമ്മൾ കേൾക്കാറുള്ളതാണല്ലോ? പുതിയ ഓഫീസുകൾ പലയിടങ്ങളിലും തുറന്നിട്ടും ഫയലുകൾക്ക് ഒച്ചിഴയുന്ന വേഗം പോലും ഇപ്പോഴുമില്ല.
കേരളത്തിലെ ജനസംഖ്യ
മൂന്നര കോടിക്ക് അല്പം മുകളിലാണ് കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യ. ജനസംഖ്യാ ശാസ്ത്ര പ്രകാരം ജനസംഖ്യാ വളർച്ചയുടെ മൂന്നാംഘട്ടത്തിലാണിപ്പോൾ കേരളം. കുറഞ്ഞ ജനനനിരക്കും കുറഞ്ഞ മരണനിരക്കും. എന്നു പറഞ്ഞാൽ, ജനസംഖ്യ കൂടുന്ന ഘട്ടം കഴിഞ്ഞ് കുറഞ്ഞു കൊണ്ടിരിക്കുന്ന കാലത്തിലേക്ക് കേരളം മാറിയിരിക്കുന്നു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡമായി പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത് ജനസംഖ്യയാണ്. ആ തലത്തിൽ നോക്കിയാൽ ഇനി കേരളത്തിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ഒട്ടും അനിവാര്യമല്ലെന്ന് കാണുവാൻ സാധിക്കും. ഒരു കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള പല ജില്ലകളും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുംകർണാടകയിലുമുണ്ട്.
വികസനവും ജില്ലാ രൂപീകരണവും
പ്രാദേശികമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നത് വഴി സാധ്യമാകും എന്നൊരു വാദഗതി ഉന്നയിക്കുന്നവരുണ്ട്. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും ആസ്ഥാനങ്ങളിൽ പുതുതായി കുറെ സർക്കാർ ജീവനക്കാർക്ക് ജോലി കിട്ടുകയും അതിനോടനുബന്ധിച്ച് ചില്ലറ വ്യാപാരശാലകൾ സ്ഥാപിക്കപ്പെടുമെന്നല്ലാതെ കാര്യമായ ഒരു മാറ്റവും എങ്ങും സംഭവിച്ചിട്ടില്ല. സർക്കാരിന്റെ ഭരണ നിർവഹണ ചെലവ് വലിയതോതിൽ വർധിക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ സാധ്യതകൾ കൂടുകയും ചെയ്യുമെന്നല്ലാതെ സാധാരണക്കാർക്ക് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. കടം എടുത്ത് നിത്യ നിദാന ചെലവുകൾ നടത്തുന്ന സർക്കാരിന് വളരെ വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്നതാണ് ഇതിന്റെ ഫലം.
കേരളം ഒറ്റ നഗരം
കേരളത്തെ മൊത്തത്തിൽ ഒരൊറ്റ നഗരമായി വിശേഷിപ്പിക്കുന്ന സാമൂഹിക-സാന്പത്തിക ശാസ്ത്രജ്ഞരുണ്ട്. ഗ്രാമ-നഗര വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ എവിടെയും എല്ലാ ആധുനിക വാർത്താവിനിമയ-ഗതാഗത-വിദ്യാഭ്യാസ-ആരോഗ്യ-വ്യാപാര വാണിജ്യ കേന്ദ്രങ്ങൾ പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. സർക്കാർ ഓഫീസുകൾ സ്ഥാപിച്ചാൽ പ്രാദേശികമായി പിന്നാക്കവസ്ഥ പരിഹരിക്കപ്പെടും എന്ന വാദഗതിക്ക് യഥാർഥ്യവുമായി ബന്ധമില്ല.
എന്താണ് വികസനം?
വികസനത്തെ ക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആറ്വരി പാതകളും വിമാനത്താവളങ്ങളും കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മാളുകളും വന്പൻ കെട്ടിടങ്ങളുടെ നിർമാണവുമാണ് ഈ കാലഘട്ടത്തിലെ വികസനത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തപ്പെടുന്നത്. ശുദ്ധജലവും ശുദ്ധഭക്ഷണവും ശുദ്ധവായുവും ശുദ്ധമായ പരിസ്ഥിതിയും തൊഴിലിടങ്ങളും ഉറപ്പുവരുത്തുന്നതാണ് യഥാർഥ വികസനമെന്ന് നമ്മുടെ പൊതുസമൂഹവും നേതാക്കളും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിരില്ലാത്ത വാഗ്ദാനവും സന്പന്നതയും വാഗ്ദാനം ചെയ്യുന്ന യക്ഷിക്കഥയാണ് വികസനമെന്ന് ആർട്ടുറോ എസ്ക്കോന്പർ എന്ന ചിന്തകൻ ചൂണ്ടിക്കാട്ടിയത് ഇന്ന് ഏറെ പ്രസക്തമാണ്. വികസനത്തിലേക്കുള്ള കുറുക്കുവഴിയായാണ് പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണത്തെ ചിലർ ചിത്രീകരിക്കുന്നത്.
അധികാര വികേന്ദ്രീകരണം
ഗ്രാമപഞ്ചായത്തുകളെ പ്രാദേശിക ഭരണകൂടങ്ങളായി ഉയർത്തിയാൽ സാധാരണക്കാർ ഇന്നു നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം. കൊളോണിയൻ ഭരണകാലത്തിന്റെ പ്രതീകങ്ങളായി ഇന്നും നിലകൊള്ളുന്ന അധികാരകേന്ദ്രങ്ങളെ - രാവണൻ കോട്ടകളെ ഇല്ലാതാക്കി അവയുടെ പദവിയിലേക്കും സ്ഥാനത്തേക്കും ഗ്രാമപഞ്ചായത്തുകളെയും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉയർത്തിയാൽ പൊതുജനങ്ങൾക്ക് അവരുടെ ആവലാതികൾക്കും പരാതികൾക്കും പരിഹാരം നേടാൻ എളുപ്പം കഴിയും.
ബഹുഭൂരിപക്ഷം സാധാരണക്കാർക്കും പഞ്ചായത്ത്-വില്ലേജ് ഓഫീസുകൾ വഴി പരിഹരിക്കേണ്ട വിഷയങ്ങളേ ഉണ്ടാകാറുള്ളൂ. ആ ഓഫീസുകൾ ശക്തീകരിച്ചാൽ അവരുടെ കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാം. വിവരസാങ്കേതികവിദ്യയും നിർമിത ബുദ്ധിയും ഉപയോഗിച്ചുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വർത്തമാനകാലത്ത്, വിരൽത്തുന്പിൽ കാര്യങ്ങൾക്ക് പരിഹാരസാധ്യമായിട്ടുള്ള ഇക്കാലത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കേണ്ടതുണ്ടോയെന്ന് സർക്കാർ ഗൗരവത്തിൽ ചിന്തിക്കണം.
Tags : DistrictFormation NewApproach Needed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash