പ്രതീകാത്മക ചിത്രം - എഐ
റാണി ഗൗരി പാർവതി ബായിയുടെ കാലത്ത് 1822ൽ കാർഡമം പ്രൊക്ലമേഷൻ വഴി ഏലം ശേഖരണത്തിന് പുറംപ്രദേശങ്ങളിൽനിന്നുള്ള തൊഴിലാളികളെ കൊണ്ടുവന്നു. 1829 മുതൽ ഹൈറേഞ്ചിൽ കൃഷിയാരംഭിച്ചു. 1877ൽ പൂഞ്ഞാർ രാജാ മലനിരകളിലെ ഏകദേശം 588 ചതുരശ്ര കിലോമീറ്റർ പ്രദേശം ജോണ് ഡാനിയൽ മണ്റോയ്ക്ക് പാട്ടത്തിനു നൽകി.
1900-1920 ആയപ്പോൾ തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ കൊണ്ടുവന്നിരുന്നു. 1941ൽ നാട്ടിൽ ഭക്ഷ്യവിളകൾക്കായി ഒരാൾക്ക് അഞ്ച് ഏക്കർ വരെ കുത്തകപ്പാട്ടം അനുവദിച്ചത് അന്നത്തെ സർക്കാരാണ്. 1940കളിൽ ഗ്രോമോർ ഫുഡ് പദ്ധതിയിലൂടെ കുടിയേറ്റം രാജാവുതന്നെ പ്രോത്സാഹിപ്പിച്ചു. നാട്ടിൽ പട്ടിണിയായിരുന്നു. ടി.കെ. നാരായണപിള്ളയുടെ കാലത്ത് ഇടുക്കിയിലേക്ക് കൂട്ടമായി കുടിയേറ്റക്കാരെ അനുവദിച്ചു. 1954-55ൽ പട്ടം താണുപിള്ള ഹൈറേഞ്ച് കോളനൈസേഷൻ സ്കീം ആരംഭിച്ചു.
കല്ലാർ, പട്ടം കോളനികൾ സ്ഥാപിച്ചു. 1956ലെ സംസ്ഥാന പുനഃസംഘടനയ്ക്കുശേഷവും കുടിയേറ്റം തുടർന്നു. നിലന്പൂർ കാടുകളിൽ 1800കളിൽ ക്ലിയർ ഫെല്ലിംഗ് നടത്തിക്കൊണ്ട് കാടിനെ മാറ്റിയത് ബ്രിട്ടീഷുകാരാണ്. തേക്കും ഏലവും ഒക്കെ വന്നതിൽ അവരുടെ പങ്കും നിർണായകമാണ്. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലെ ഏലവും ചുക്കും കുരുമുളകും തലച്ചുമടായും കാളവണ്ടിയിലും ചങ്ങനാശേരിയിൽ കൊണ്ടുവന്നശേഷം ബോട്ടുകളിലാക്കി വിദേശത്തയച്ച് കാശുണ്ടാക്കി കൂടിയാണ് മലയാളികളാകെ അന്നമുണ്ടത്.
മലയോര കുടിയേറ്റക്കാർ
കുടിയേറ്റ കർഷകരിൽ കൂടുതലും ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവരായതിലും കാരണമുണ്ട്. രാജാവിന്റെ കാലത്ത് കഴിയുന്നത്ര പേരോട് മലനിരകൾ കയറി കൃഷി ചെയ്യാൻ പറഞ്ഞു. മുസ്ലിംകൾ ഏറെയും മത്സ്യവിൽപനയും കച്ചവടവും ചെയ്യുന്നവരായതുകൊണ്ട് കൂടുതലായി പോയില്ല. ക്ഷേത്രാരാധനയും അത്യാവശ്യം ഭൂമിയുമുണ്ടായിരുന്ന ഹിന്ദുക്കളും മാറിപ്പോകാൻ വിസമ്മതിച്ചു. ഇങ്ങനെയൊക്കെയുള്ള മതപരവും സാംസ്കാരികവുമായ കാര്യങ്ങൾകൊണ്ടാണ് ക്രൈസ്തവരിൽ വലിയൊരു വിഭാഗം മലകയറിയത്.
ഇന്നത്തെപ്പോലെയുള്ള വഴികളോ റോഡോ ഒന്നും ഇല്ലായിരുന്ന കാലത്ത് വന്യമൃഗങ്ങളോടും പ്രകൃതിയോടും പോരടിച്ചും മല്ലടിച്ചും തന്നെയാണ് മലനിരകളിൽ വാസമുറപ്പിച്ചത്. അതിന്റെ ഗുണം കേരള സമൂഹത്തിനാകെ ലഭിച്ചിട്ടുണ്ട്. നാട്ടിലെ പട്ടിണി മാറിയതും മലയാളി ഒരുകാലഘട്ടത്തിൽ അതിജീവിച്ചതും മലയോര കുടിയേറ്റക്കാരുടെകൂടി സഹായത്തിലാണ്. കുടിയേറ്റ കർഷകർ കാലത്തിന്റെ സൃഷ്ടിയും ആവശ്യകതയും കൂടിയായിരുന്നു.
കൈയേറ്റക്കാർ വന്നപ്പോൾ
ജാതി, മത വ്യത്യാസമില്ലാതെ നാട്ടിലെ പ്രമാണിമാരുൾപ്പെടെ കൈയേറാൻ തുടങ്ങുന്നിടത്ത് കഥ മാറി. കുടിയേറ്റക്കാർ ഒരു വീടോ പാലമോ റോഡോ ഉണ്ടാക്കിയെങ്കിൽ കൈയേറ്റക്കാർ എത്തിയപ്പോൾ കഥ മാറി. അതും കർഷകരുടെ ചെലവിൽ ചേർക്കുന്നിടത്തുനിന്നു പ്രശ്നങ്ങൾ ആരംഭിക്കുന്നു. ക്വാറിയുടെ പേരിലും ടൂറിസത്തിന്റെ പേരിലും നാട്ടിലെ പ്രമാണിമാർ പശ്ചിമഘട്ട മലനിരകളെ കണ്ണുവച്ചതിൽ രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളുമുണ്ട്.
1970കൾ വരെ പട്ടിണി മാറ്റാനും നിലനിൽപിനുമായി സർക്കാർ നിർബന്ധപ്രകാരവും സ്വമേധയാലും കർഷകർ മലകയറിയെങ്കിൽ തുടർന്ന് കയറിയവരും കൈയേറ്റക്കാരും മറ്റൊരു കഥയുടെ ബാക്കിപത്രമാണ്. 1980കൾ മുതൽ മലയാളികൾ വിദേശരാജ്യങ്ങളിൽ പോകാൻ തുടങ്ങി. 1990കളായപ്പോൾ വിദേശപണം, ശന്പള പരിഷ്കരണം, റബർ കൃഷി തുടങ്ങിയവകൊണ്ട് മലയാളികളിൽ ഒരുവിഭാഗം സന്പന്നരായി. അതേസമയം, കേരള സമൂഹത്തിലെത്തിയ പണം ഉത്പാദനമേഖലകളിൽ ഇറക്കാനോ അങ്ങനെ തിരിച്ചുവിടാനോ കഴിഞ്ഞില്ല. അപ്പോൾ ശരിക്കും സംഭവിച്ചത് മറ്റൊരു കഥയാണ്.
കേരളത്തിലെ ഗ്രാമങ്ങളിലുൾപ്പെടെ ചെറുകിട, വൻകിട വ്യവസായങ്ങളൊന്നും വന്നില്ല. ഒരു സംരംഭം തുടങ്ങാനുള്ള ചുവപ്പുനാട ബ്യൂറോക്രസിയും ട്രേഡ് യൂണിയൻ ഇടപെടലുകളും രാഷ്ട്രീയ പാർട്ടികളുടെ സമീപനവുമെല്ലാം പ്രധാനമായിരുന്നു. ബൂർഷ്വാ, പെറ്റിബൂർഷ്വാ കാഴ്ചപ്പാടുകളും നാം ചർച്ച ചെയ്യണം. ഒരു വ്യവസായവുമില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഒരു പെട്ടിക്കട നടത്താൻപോലുമാകാത്ത രാഷ്ട്രീയ, സാമൂഹിക സാഹചര്യമുണ്ടായി. ഇതേസമയം ധാരാളം പണം കേരളത്തിലുണ്ടാവുകയും മറ്റു സാധ്യകളില്ലാത്തതിനാൽ പണമുള്ളവർ വസ്തുക്കൾ വാങ്ങിക്കൂട്ടി. റിയൽ എസ്റ്റേറ്റ് മേഖല വല്ലാതെ വളർന്നു.
വയലുകളുൾപ്പെടെ നികത്താൻ തുടങ്ങി. വസ്തു ഏറ്റവും വലിയ മൂലധനവും സുരക്ഷിത നിക്ഷേപവുമായി മാറി. പണമുണ്ടായിരുന്നവർ വീടുകളും കോംപ്ലക്സുകളും കെട്ടാൻ തുടങ്ങി. മണലിനും ചുടുകല്ലിനും തടിക്കും പാറയ്ക്കും ഡിമാൻഡ് വർധിച്ചു. മണലൂറ്റൽ കൂടിയപ്പോൾ അവ നിയന്ത്രിക്കേണ്ടി വന്നു. അപ്പോൾ എം സാൻഡും പാറപ്പൊടിയും ആയി മെറ്റീരിയൽ. അതിനുവേണ്ടി പാറകളോടൊപ്പം കൂടുതൽ ക്വാറികളുണ്ടായി. ചുരുക്കത്തിൽ, മണലെടുത്ത് പുഴകളെയും ചുടുകട്ടയുണ്ടാക്കി വയലുകളെയും ക്വാറിയെടുത്ത് മലനിരകളെയും മാറ്റിത്തീർക്കുവാനുണ്ടായ സാഹചര്യം സൗകര്യപൂർവം നാം മറന്നാലും പ്രകൃതിക്ക് ഓർമയുണ്ട്. വീടും കെട്ടിടങ്ങളും കൂടുതലായപ്പോൾ പിന്നെ വാഹനപ്പെരുപ്പമായി. വീണ്ടും പണം കൈയിലുള്ളവർ ഹിൽ ടൂറിസമെന്നപേരിൽ മലകയറിയത് നാം കാണുന്നില്ല.
പ്രശ്നങ്ങളറിയണം
വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ടൂറിസത്തിന്റെയും ക്വാറിയുടെയും പേരിൽ പണം മുടക്കിയിട്ടുള്ളത് മലയോര കർഷകരല്ല. നാട്ടിലെ പുത്തൻ പണക്കാരാണ്. അവരെ കുറ്റം പറയാതെ നാട്ടിൽതന്നെ പണം മുടക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. പരിസ്ഥിതി സൗഹൃദ ഉത്പാദനമേഖലകളിലേക്ക് അവരുടെ പണം തിരിച്ചുവിടണം. നാട്ടിലെ തൊഴിലില്ലായ്മയും മാറും പരിസ്ഥിതിയും സംരക്ഷിക്കപ്പെടും. മലനിരകളിലെ കൃഷി ഇല്ലാതാക്കി ടൂറിസം വരുന്പോൾ അതും ചർച്ചചെയ്യണം. ഇതരസംസ്ഥാന തൊഴിലാളികൾ, പട്ടണങ്ങളിലെ സന്പന്നർ മുടക്കുന്ന പണം എന്നിവയെല്ലാം മലനിരകളിലെത്തിയിട്ട് കുറ്റമെല്ലാം അതിജീവനത്തിനുവേണ്ടി കുടിയേറിയ കർഷകരുടെ പറ്റിൽ എഴുതിച്ചേർക്കുന്നത് കാണാൻ നല്ല ചേലുണ്ട്.
എന്താ സംഭവിക്കുന്നത് എന്നറിയാത്ത പാവം കർഷകരുടെ അവസ്ഥ ആരും ചർച്ച ചെയ്യുന്നില്ല. അവർ ഇടനാട്ടിൽനിന്നു പലായനം ചെയ്ത് വന്നവരാണ്. ഇനി അവർ എവിടെ പോകണം? നിലവിൽതന്നെ സമ്മർദമുള്ള ഇടനാട്ടിൽ ഇനിയും ആവാസകേന്ദ്രങ്ങൾ പറ്റുമോ എന്നതും പ്രധാനമാണ്. മലയോര കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായി പഠിക്കണം. അവർ മലനിരകളിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യേണ്ടതും പ്രധാനമാണ്.
കുടിയേറ്റക്കാരുടെ ചെലവിൽ കൈയേറ്റമുൾപ്പെടെ അധികരിച്ചപ്പോഴാണ് മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിറ്റികളും പൈതൃകപദവിയുമൊക്കെ ചർച്ചയിൽ വന്നത്. ഒന്നും തൊടാതെയുള്ള പരിസ്ഥിതിവാദവും മുച്ചൂടും മുടിക്കുന്ന വികസന വാദവും ശരിയല്ല. പരിസ്ഥിതിയും വികസനവും ഒരുപോലെ കൊണ്ടുപോകണം.
പരിസ്ഥിതിമാത്രം നിലനിർത്തി മനുഷ്യരെ കാണാതിരിക്കാനാവില്ല. മനുഷ്യരില്ലെങ്കിൽപിന്നെ പരിസ്ഥിതി ചിന്തയ്ക്കെന്തു പ്രസക്തി? അതോടൊപ്പം പ്രകൃതി ഘടകങ്ങളെ മൊത്തം കീഴ്മേൽ മറിച്ച് പരിസ്ഥിതിയെ മുടിച്ചാൽ പിന്നെ മാനവരാശി ദുരന്തങ്ങളുടെ പിന്നാലെ പോകേണ്ടിവരും. 1972 മുതൽ പരിസ്ഥിതിസൗഹൃദ സുസ്ഥിര വികസനവും നീർത്തടാധിഷ്ഠിത പരിപാടികൾക്കപ്പുറം ഇനി വേണ്ടത് മൂർത്തമായ പരിപാടികളാണ്. ഇനിയും വൈകിയാൽ വലിയ വിലകൊടുക്കേണ്ടിവരും.
യുഎൻ പ്രഖ്യാപിച്ച പൈതൃകപദവി മാറ്റണമെന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്. അത് മാറ്റിയതുകൊണ്ട് പ്രശ്നം തീരുമോ? അതിനുമപ്പുറം മുന്നിലെ യാഥാർഥ്യങ്ങളെ കണ്ണ് തുറന്നുകാണുക. ആഗോളതാപനവും കാലാവസ്ഥാമാറ്റവും വന്യജീവി, മനുഷ്യസംഘർഷവുമെല്ലാം പുതിയ വെല്ലുവിളികളാണ്. പൈതൃകപദവിയെന്ന ഒറ്റ അച്ചുതണ്ടിൽ കറങ്ങാതെ കേരള സമൂഹം ഗൗരവമായി ചർച്ചചെയ്യേണ്ട സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി വിഷയങ്ങളുണ്ട്. അവയെ സമഗ്രമായി കാണാൻ നമുക്ക് കഴിയണം. അല്ലെങ്കിൽ കുടിയേറ്റക്കാരും കാണില്ല. കൈയേറ്റക്കാരുടെ പ്രവൃത്തിയിൽ ഇടനാടും തീരവുമൊന്നും ഉണ്ടാകില്ല.
ചർച്ചകളെ നമുക്ക് മുന്നോട്ടു കൊണ്ടുപോകണം. മഴ മാറുകയാണ്. മേഘവിസ്ഫോടനവും മിന്നൽപ്രളയങ്ങളും ഉരുൾപൊട്ടലുകളുമെല്ലാമുണ്ട്. മലനിരകളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കുന്ന പുതിയ വികസന പരിപാടികളാവശ്യമാണ്. ചർച്ചകളെ വഴിമാറ്റി വിടരുത്. തർക്കങ്ങളും ഒറ്റമൂലി പരിഹാരവും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കും.
Tags : Immigrants squatters NotSameThing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash