National
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റീസ് ഉൾപ്പെടെ 34ൽനിന്ന് 38 ആയി ഉയർത്തുന്നതിന് സുപ്രീംകോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026 കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്സഭയിൽ അവതരിപ്പിച്ചു.
1956ലെ ആക്ടിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. ചീഫ് ജസ്റ്റീസ് ഒഴികെ ജഡ്ജിമാരുടെ എണ്ണം 33ൽനിന്ന് 37 ആയി ഉയർത്തിക്കൊണ്ട് മേയ് മാസത്തിൽ രാഷ്ട്രപതി പുറപ്പെടുവിച്ച ഓർഡിനൻസിനു പകരമായാണ് സർക്കാരിന്റെ പുതിയ ബില്ല്.
ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത ഈ ബിൽ പാസാക്കാൻ പാർലമെന്റിൽ സാധാരണ ഭൂരിപക്ഷം മതിയാകും. ഇതിനുമുമ്പ് 2019ലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റീസ് ഒഴികെ 30ൽനിന്ന് 33 ആയി ഉയർത്തിയത്.
International
ബുഡാപെസ്റ്റ്: ഹംഗറിയിൽ തന്റെ കാലാവധി അവസാനിപ്പിക്കാനായി പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പുവച്ചതായി പ്രസിഡന്റ് തമാസ് സുൾയോക്ക് അറിയിച്ചു.
നിയമപ്രകാരം ഭേദഗതിയിൽ ഒപ്പുവയ്ക്കുകയല്ലാതെ തനിക്കു വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം നടപടികൾ രാജ്യത്തെ നിയമവാഴ്ചയ്ക്കു ഹാനികരമാണെന്നും മുൻ ഭരണഘടനാ കോടതി ജഡ്ജികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി പീറ്റർ മാജാറിന്റെ ഭരണകക്ഷിയാണു പ്രസിഡന്റ് സുൾയോക്കിനെ പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തത്.
16 വർഷം ഭരിച്ച മുൻ പ്രധാനമന്ത്രി വിക്തർ ഓർബാന്റെ അധികാര കേന്ദ്രങ്ങളെല്ലാം നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
2024ൽ ഓർബാന്റെ പാർട്ടി അംഗങ്ങൾ തെരഞ്ഞെടുത്ത സുൾയോക്കിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടെന്നു പ്രധാനമന്ത്രി മാജാർ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ളതിനാൽ മാജാറിന്റെ പാർട്ടിക്ക് ഏതു നിമയവും അനായാസം ഭേദഗതി ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർലമെന്റ് സ്പീക്കർ ആഗ്നസ് ഫോർസ്തോഫർ ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്ന് മാജാർ അറിയിച്ചു.
National
ന്യൂഡൽഹി: പുതിയ സെൻസസും മണ്ഡലപുനർനിർണയവും പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
വനിതാ സംവരണത്തിനായുള്ള ഭരണഘടനാ (128-ാം ഭേദഗതി) നിയമം പാസാക്കിയെങ്കിലും ഇതിന്റെ നടപ്പാക്കൽ നിയമനിർമാണത്തിനുശേഷമുള്ള ആദ്യ സെൻസസുമായും തുടർന്നുണ്ടാകുന്ന മണ്ഡലപുനർനിർണയവുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിയമം ഇപ്പോഴും ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Leader Page
വനിതാസംവരണ ബില്ലിന്റെ പരാജയത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമനില തെറ്റിയതുപോലെയാണ് പ്രതികരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ സ്വപ്നം തകര്‍ത്തു, പ്രതിപക്ഷം പാപം ചെയ്തു, സ്ത്രീകളോടു ക്ഷമ ചോദിക്കുന്നു തുടങ്ങിയ വാചക കസര്‍ത്തുകള്‍. നാലു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2029ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വനിതാസംവരണമാണ് അജന്‍ഡയെന്ന് മോദി നിശ്ചയിച്ചു കഴിഞ്ഞു.
വനിതാസംവരണത്തിനുവേണ്ടി പരിശ്രമിച്ച് ലോക്സഭയില്‍ തോറ്റ് വീരചരമമടഞ്ഞു എന്ന മട്ടിലാണു ബിജെപിയുടെ ആഖ്യാനം. ഈ കുപ്രചരണത്തെ കോണ്‍ഗ്രസ് വസ്തുതകള്‍ ജനമധ്യത്തിലെത്തിച്ച് പൊളിച്ചടുക്കുകതന്നെ ചെയ്യും. 2023ല്‍ വനിതാസംവരണ നിയമം പ്രതിപക്ഷ സഹകരണത്തോടെ പാസാക്കിയതാണ്.
2024ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വനിതാസംവരണം നടപ്പാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസ് പൂര്‍ത്തിയാക്കി മണ്ഡലനിര്‍ണയം നടത്തി വനിതാസംവരണം 2034ല്‍ നടപ്പാക്കാമെന്നായിരുന്നു അവരുടെ ആദ്യത്തെ നിലപാട്. അതിനുപകരം നാലു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ നാടകീയമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഭരണഘടനാഭേദഗതി ബില്‍ അവതരിപ്പിക്കുകയാണു ചെയ്തത്.
ലോക്സഭയിലെ സീറ്റുകള്‍ 543ല്‍നിന്ന് 850 ആക്കുക, 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുക, വനിതകള്‍ക്ക് മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്തുക എന്നിവയാണവ. മൂന്നും തമ്മില്‍ ബന്ധമില്ലെങ്കിലും അവയെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് കൂട്ടിക്കെട്ടി.
ബില്ലിലെ ചതിക്കുഴികള്‍ പ്രതിപക്ഷം പെട്ടെന്നു തിരിച്ചറിഞ്ഞു. വനിതാസംവരണം നടപ്പാക്കിയാല്‍ ജനസംഖ്യാനുപാതികമായ സീറ്റ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് ആധിപത്യമുള്ള ഹിന്ദിബെല്‍റ്റില്‍ അവരുടെ സീറ്റുകള്‍ കുതിച്ചുയരും. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് കുറയും. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മറ്റു ചെറിയ സംസ്ഥാനങ്ങള്‍ക്കും നഷ്ടം തന്നെ. രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം കീഴ്മേല്‍ മറിയും.
യുപിക്ക് വാരിക്കോരി
വനിതാസംവരണം നടപ്പാക്കുന്നതോടെ നിലവിലുളള 543 സീറ്റ് 850 ആകും. ഇതില്‍ 272 സീറ്റുകളാണ് വനിതകള്‍ക്കുള്ളത്. ജനസംഖ്യാനുപാതികമായി മൊത്തം സീറ്റുകള്‍ വിതരണം ചെയ്താല്‍ ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റും കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് 35 സീറ്റും ലഭിക്കും. യുപിയുടെ സീറ്റ് 80ല്‍നിന്ന് 138 ആകും. ബിഹാറിലേതു 40ല്‍നിന്ന് 72 ആയും മഹാരാഷ്ട്രയുടേത് 48ല്‍നിന്ന് 78 ആയും ഉയരും. ഫലത്തിൽ ഉത്തരേന്ത്യ മാത്രം പിടിച്ചാല്‍ കേന്ദ്രസര്‍ക്കാരുണ്ടാകും.
ജനസംഖ്യാനുപാതികമായി കേരളത്തിന്റെ 20 സീറ്റ് 23 ആയി ഉയരും. എന്നാല്‍ സീറ്റുവിഹിതം 3.68% ഇടിഞ്ഞ് 2.7% ആകും. യുപിയുടെ സീറ്റ് 58 എണ്ണം കൂടുമ്പോള്‍ കേരളത്തിന്റേതു വെറും മൂന്നെണ്ണം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ അനീതിയല്ലേ ചെയ്യുന്നത്? കേന്ദ്രനയത്തിന് അനുസൃതമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവന്നതിനാണ് കേരളത്തെയും തമിഴ്നാടിനെയുമൊക്കെ കേന്ദ്രം ശിക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും പ്രാതിനിധ്യത്തില്‍ കാതലായ ഇടിവ് സംഭവിക്കും.
ബിജെപിയുടെ സ്ത്രീസംവരണ പ്രതിബദ്ധത വെറും വാചാടോപമാണെന്നു തെളിയിക്കാന്‍ വേറെയുമുണ്ട് കണക്കുകള്‍. പാര്‍ലമെന്റില്‍ ഏറ്റവും കുറവ് സ്ത്രീപ്രാതിനിധ്യം ബിജെപിക്കാണ്. ലോക്സഭയില്‍ നിലവില്‍ 75 വനിതകളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ളത് തൃണമൂല്‍ കോണ്‍ഗ്രസിനാണ്. പാർട്ടിയുടെ 29 എംപിമാരില്‍ 11 പേര് വനിതകളാണ്. 37.90% വനിതകള്‍! 33 % സംവരണത്തേക്കാള് കൂടുതല്‍.
കോണ്‍ഗ്രസിന്റെ 98 അംഗങ്ങളില്‍ 14 പേര് വനിതകളാണ് (14.30%). ബിജെപിയുടെ 240 അംഗങ്ങളില്‍ 31 പേരാണു വനിതകൾ. - 12.90% മാത്രം. കൂടാതെ, കേന്ദ്രമന്ത്രിസഭയിലെ 72 മന്ത്രിമാരില്‍ ഏഴുപേര്‍ മാത്രമാണ് വനിതകള്‍. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന 21 സ്ഥലങ്ങളില്‍ ഒരേയൊരു വനിതാ മുഖ്യമന്ത്രി മാത്രം. എന്നിട്ടാണ് മോദി വനിതകളുടെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്നത്.
വനിതാസംവരണ ബില്ലിലെ ചതിക്കുഴികള്ക്കെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ ലോക്സഭാസീറ്റുകള് എല്ലാ സംസ്ഥാനങ്ങള്‍ക്കും 50% വീതം ഉയര്ത്താമെന്നായി അടുത്ത ഓഫര്‍. എന്നാല്‍ ബില്ലില്‍ ഇത്തരം വ്യവസ്ഥകളൊന്നും ഇല്ലാതിരുന്നതിനാല്‍ പ്രതിപക്ഷം അതും നിരാകരിച്ചു. തുടര്‍ന്ന് ഭേദഗതിബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഏപ്രില്‍ 16ന് രാത്രി 2023ലെ വനിതാസംവരണ നിയമം പ്രാബല്യത്തിലാക്കി. ഇതനുസരിച്ച് നിലവില്‍ നടന്നുവരുന്ന സെന്‍സസും അത് അടിസ്ഥാനമാക്കിയുള്ള മണ്ഡലപുനര്‍നിര്‍ണയവും പൂര്‍ത്തിയാക്കി 33% വനിതാസംവരണം നടപ്പാക്കും. ഇതിന് 2034 വരെ സമയമെടുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. അതിനുപകരം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി 2029 മുതല്‍ നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ ഗൂഢപദ്ധതി.
ആസാമില്‍ സംഭവിച്ചത്
ഇന്ത്യന്‍ ഫെഡറല്‍ ഘടനയ്ക്കെതിരേയുള്ള ആക്രമണമാണു ബില്‍. ജനപ്രാതിനിധ്യനിയമത്തിലെ 81, 82 വകുപ്പുകള്‍ ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു പൂര്‍ണമായ സംരക്ഷണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ആ ഭരണഘടനാസംരക്ഷണം പൂര്‍ണമായും തട്ടിയെടുക്കാനാണ് ആഗ്രഹിച്ചത്. ആസാം, ജമ്മു കാഷ്മീര്‍ എന്നിവ മികച്ച ഉദാഹരണങ്ങളാണ്. അവിടെ ബിജെപിയെ ജയിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ചു രാജ്യത്തിന്റെ മതേതരസങ്കല്പങ്ങള്ക്കു വിരുദ്ധമായി മണ്ഡല പുനര്‍നിര്‍ണയം നടത്തി. അത് രാജ്യവ്യാപകമായി നടപ്പാക്കാനാണു മോദിസര്‍ക്കാര്‍ ശ്രമിച്ചത്.
ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള ഭരണഘടനാസംരക്ഷണം പൂര്‍ണമായും ഇല്ലാതാക്കാന്‍ നോക്കി. 2026ല്‍ ലോക്സഭയുടെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിന് 2011ലെ ജനസംഖ്യാറിപ്പോര്ട്ടാണ് അടിസ്ഥാനപ്പെടുത്തുന്നത്. 15 വര്‍ഷം പഴക്കമുള്ള ഡാറ്റ ഉപയോഗിക്കുമ്പോള്‍ അതു തികച്ചും അശാസ്ത്രീയമായിരിക്കും. ഏറ്റവും ഒടുവിലത്തെ ജനസംഖ്യയാണ് പ്രസ്തുത നടപടികള്‍ക്ക് അടിസ്ഥാനമാക്കേണ്ടത്.
പ്രചാരണ വിഷയം
മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമുള്ള ഭരണഘടനാഭേദഗതി ബില്‍ സഭയില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് അറിയാമായിരുന്നു. എന്നാല്‍ സഭയ്ക്കുപുറത്ത് വിജയിക്കുമെന്ന് അവര്‍ കരുതുന്നു. അതു ലക്ഷ്യം വച്ചാണ് മോദി വൈകാരികമായി പ്രസംഗിക്കുന്നത്. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോദി മൂന്നു തവണയും അധികാരത്തിലേറിയത്. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥകളോ ഒന്നുമല്ല മോദിയുടെ അജണ്ടകള്‍.
2024ല്‍ മോദി ജയിച്ചത് വോട്ട് ചോരിയിലൂടെയാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. 2019ല്‍ പുല്‍വാമയും ബാലാകോട്ട് ആക്രമണവും ചേര്‍ത്ത് ദേശീയവികാരം ഉണര്ത്തിവിട്ടായിരുന്നു ജയം. 2014ല്‍ 2ജി സ്പെക്ട്രം പോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും.
2029ലേക്ക് സൂക്ഷിച്ചുവച്ച വജ്രായുധമാണു വനിതാസംവരണവും മണ്ഡല പുനര്‍നിര്‍ണയവും. ഇവ തമ്മില്‍ ബന്ധമില്ലെങ്കിലും രണ്ടും തമ്മില്‍ കൂട്ടിക്കെട്ടി. എന്നാല്‍, ബില്ലിലെ പൊള്ളത്തരം പ്രതിപക്ഷം പാര്‍ലമെന്റില്‍ പൊളിച്ചടുക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വവും പ്രതിപക്ഷ ഐക്യവുമാണ് ഇതിനു വഴിതെളിച്ചത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. വനിതകളുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കി മണ്ഡലങ്ങള്‍ വെട്ടിമുറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിമറിക്കുകയെന്ന ഗൂഢലക്ഷ്യമാണു പ്രതിപക്ഷത്തിന്റെ ശക്തമായ ചെറുത്തുനില്പിലൂടെ തകര്‍ന്നടിഞ്ഞത്. ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കള്‍ കവര്‍ന്നെടുക്കാന്‍ കൊണ്ടുവന്ന എഫ്സിആര്‍എ ബില്ലില്‍ ഉണ്ടായതിനേക്കാള്‍ കനത്ത തിരിച്ചടിയാണ് ഈ ബില്ലില്‍ ഉണ്ടായത്. ഇനി ഇതിനെതിരേ സര്‍ക്കാരും സംഘ്പരിവാര്‍ ശക്തികളും പടച്ചുവിടുന്ന കള്ളപ്രചാരണത്തെ സത്യത്തെ മുന്‍നിര്‍ത്തിയും വസ്തുതകള്‍ നിരത്തിയും നേരിടുകയെന്നതാണു കോണ്‍ഗ്രസിന്റെയും ഇന്ത്യാമുന്നണിയുടെയും ദൗത്യം.
കോണ്‍ഗ്രസ് പ്രതിബദ്ധത
73,74 ഭരണഘടന ഭേദഗതി പ്രകാരം പഞ്ചായത്തുകളില്‍ മൂന്നിലൊന്ന് വനിതാസംവരണം നടപ്പിലാക്കിയതു കോണ്‍ഗ്രസ് സര്‍ക്കാരാണ്. വനിതാശക്തീകരണത്തിന് എക്കാലത്തും മുന്‍കൈയെടുത്ത പാര്‍ട്ടി കോണ്‍ഗ്രസാണ്. രാജ്യത്തിന് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സംഭാവന ചെയ്തതു കോണ്‍ഗ്രസാണ്.
2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു വനിതാസംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കിയ അന്നുമുതല്‍ വനിതാസംവരണത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധത വ്യക്തമാണ്. 2029ല്‍ 33 % വനിതാസംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥമായ താത്പര്യമുണ്ടെങ്കില്‍ ഉടന്‍തന്നെ രാജ്യത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം വിളിച്ച് അക്കാര്യത്തില്‍ കൃത്യമായ ധാരണ രൂപപ്പെടുത്താന്‍ തയാറാകുകയും അതു നടപ്പില്വരുത്തുന്നതിനാവശ്യമായ നടപടികള്‍ കാലതാമസം കൂടാതെ സ്വീകരിക്കുകയുമാണു വേണ്ടത്.
District News
കോഴിക്കോട്: 2023 ലെ വനിതാ സംവരണ ബില്ലിന് തുരങ്കം വയ്ക്കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലെന്ന് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2023 ല്‍ പാസാക്കിയ വനിതാ സംവരണം നടപ്പിലാക്കണമെന്നും ലോക്സഭയില്‍ നിലവിലുള്ള 543 സീറ്റുകളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീ സംവരണത്തിന് മഹിള കോണ്‍ഗ്രസ് എതിരല്ലെന്നും മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന്റെ മറവില്‍ സ്ത്രീ സംവരണം കൊണ്ടുവരുന്നതിനെയാണ് മഹിളാ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി 23 ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.
ജില്ലാ തലത്തിലും മണ്ഡല തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും ബില്ലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി മഹിള കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.
2023ലെ വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാ ഹരിദാസ്, സംസ്ഥാന സെക്രട്ടറി ബേബി പയ്യാനക്കല്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എച്ച് ജമീല, എം.എം. രാധാമണി, മിനി സുധാകരന് എന്നിവര്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണയത്തെ എതിർത്ത് വോട്ടു ചെയ്യാനും തീരുമാനമായി.
തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്നാണ് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.
അതേസമയം, വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷ സഖ്യം യോഗം ചേരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.
മുതിര്‍ന്ന നേതാക്കളായ ആനി രാജ, കപില്‍ സിബല്‍, സഞ്ജയ് റാവത്ത്, സുപ്രിയ സുലെ, കെ.സി വേണുഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Editorial
എഫ്സിആർഎ നിയമഭേദഗതി പ്രധാനമായും തങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ക്രൈസ്തവ സഭകൾ ചൂണ്ടിക്കാണിച്ചത്, ബിജെപി സർക്കാരിന്റെ പല മുൻകാല നിയമങ്ങളുടെയും അനുഭവ പശ്ചാത്തലത്തിലാണ്. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിനു പകരം, ക്രൈസ്തവരുടെ ആശങ്കകളെ നുണപ്രചാരണങ്ങളും ഭീഷണിയും ദുരാരോപണങ്ങളുംകൊണ്ട് വെല്ലുവിളിക്കുന്ന രാഷ്ട്രീയം, ബിജെപി നിരീക്ഷകരും അനുകൂലികളും സമൂഹമാധ്യങ്ങളിൽ ഉൾപ്പെടെ തുടരുകയാണ്. ഇരകൾ മിണ്ടിപ്പോകരുതെന്ന ആ മുന്നറിയിപ്പ് സ്വീകാര്യമല്ല.
അഴിമതിക്കാരാണു ഭയപ്പെടുന്നതെന്നു കണ്ടെത്തിയ ഗവേഷകർ, മതപരിവർത്തന നിരോധന നിയമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളും തെരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ ആരെയാണ് ഭയപ്പെടുത്തുന്നതെന്നും ആരെയാണു കണ്ടില്ലെന്നു നടിക്കുന്നതെന്നുംകൂടി പറഞ്ഞിട്ടു പോകണം. ക്രമക്കേടുകൾ കണ്ടെത്താൻ എഫ്സിആർഎയിൽ നിലവിലും വകുപ്പുണ്ട്. പക്ഷേ, കണ്ടുകെട്ടാൻ ഭേദഗതി വേണം.
ക്രൈസ്തവസഭകളെ തട്ടിപ്പുകാരായി അടച്ചാക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ അവരുടെ പാവക്കൂത്തു കന്പനികളും ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം വിദേശഫണ്ട് കൈപ്പറ്റുന്ന ചില ഹൈന്ദവ സ്ഥാപനങ്ങൾക്കു പേടിയില്ലത്രേ. ഇവർ ചൂണ്ടിക്കാണിച്ച ഏതാനും സ്ഥാപനങ്ങൾക്കു മാത്രമല്ല, ഭരണകൂടത്തിന്റെ കണ്ണിലെ കരടല്ലാത്ത ഒരു ഹിന്ദുസംഘടനയ്ക്കും ആ ഭീതിയില്ല. ഇത്തരം സ്ഥാപനങ്ങൾക്കെതിരേയുള്ള അഴിമതിയാരോപണങ്ങളൊന്നും ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) യുടെ റഡാറിൽ വരാറുമില്ല. തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതിയല്ലേ ബിജെപിയുടെ അഴിമതിവിരുദ്ധ നാടകം പൊളിച്ചത്.
ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്‍പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളുടെ സ്ഥിതി എന്താണ്? മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കൾക്കെതിരേയും തുടർനടപടിയില്ല. പ്രതിപക്ഷത്തെയല്ലാതെ ഏത് അഴിമതിക്കാരെയാണ് അന്വേഷണ ഏജൻസികൾ ബിജെപി ഭരണത്തിൽ വേട്ടയാടിയിട്ടുള്ളത്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ അഴിമതിക്കേസിൽ പെടുത്തി ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതേ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. പക്ഷേ, ഡൽഹി ഭരണം അപ്പോഴേക്കും ബിജെപിയുടേതായി!
മോദി സർക്കാരിന്റെ ആദ്യത്തെ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്. രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
മതപരിവർത്തന നിരോധനനിയമത്തിന്റെ കാര്യമെടുക്കൂ. ആരാണ് നിരന്തരം കേസിൽ കുടുങ്ങിക്കൊണ്ടിരിക്കുന്നത്. സംഘപരിവാർ ക്രൈസ്തവരെ വളയുന്നു, മർദിക്കുന്നു, കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെടുന്നു, എടുക്കുന്നു, ജയിലിലിടുന്നു. ബൈബിൾ കൈവശം വച്ചതിനു കേസെടുക്കുന്ന കാലം മുന്‍പുണ്ടായിട്ടില്ല. മതപരമായ വേഷം ധരിച്ച് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാനാകാതായി. ക്രിസ്മസും ഈസ്റ്ററുമൊക്കെ വർഗീയസംഘടകളുടെ ചിട്ടകളനുസരിച്ചു നടത്തിക്കൊള്ളണം. പക്ഷേ, ഘർവാപ്പസിയെന്ന അസൽ മതപരിവർത്തനം തടയാൻ മതപരിവർത്തനനിയമമില്ല.
അതുപോലെ, തെരഞ്ഞെടുപ്പു കമ്മീഷനെ ഭരണപക്ഷത്തെ ആർക്കെങ്കിലും പേടിയുണ്ടോ, പരാതിയുണ്ടോ? വോട്ടർപട്ടികയിലെ കൃത്രിമത്വം, ബിജെപിയുടെ സമുന്നത നേതാക്കൾ നടത്തിയ വിദ്വഷ പ്രസംഗങ്ങൾ... തടയപ്പെട്ടോ? ബിജെപി സംസ്ഥാനങ്ങളിലെ ബുൾഡോസറുകൾ ന്യൂനപക്ഷങ്ങളുടേതല്ലാതെ എത്ര വീടുകൾ നശിപ്പിച്ചിട്ടുണ്ട്? അതേ സർ, ബിജെപി ഭരണത്തിൽ നിയമങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ളതല്ലെന്നു തെളിയിച്ചത് നിങ്ങൾതന്നെയാണ്. ഹൈന്ദവ ജീവകാരുണ്യപ്രസ്ഥാനങ്ങൾക്ക് എഫ്സിആർഎയെ ഭയമില്ലാത്തതുപോലെ, അംബാനിയും അദാനിയുമുൾപ്പെടെ സർക്കാരിനു വേണ്ടപ്പെട്ടവർക്കൊന്നും ഒരു നിയമത്തെക്കുറിച്ചും വേവലാതിയില്ലെന്നേ. അതുതന്നെയാണ് എഫ്സിആർഎ ഭേദഗതിയെക്കുറിച്ചുള്ള ന്യൂനപക്ഷഭീതിയുടെ അടിസ്ഥാനം.
ലോകത്തെവിടെയെങ്കിലും ക്രമക്കേടിന്റെ പേരിൽ ആ സ്ഥാപനംതന്നെ തട്ടിയെടുക്കുന്ന നിയമമുണ്ടോ? അതാണ് എഫ്സിആർഎ. തങ്ങൾ ലക്ഷ്യമിടുന്നത് മതപരിവർത്തനക്കാരെയാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഒരു മറയുമില്ലാതെയാണ് പറഞ്ഞത്. പാർലമെന്റിൽപോലും ചർച്ച ചെയ്യാൻ സർക്കാർ ഭയപ്പെടുന്ന നിയമം സുതാര്യമല്ല. തെരഞ്ഞെടുപ്പിന്റെ മൂർധന്യാവസ്ഥയിൽപോലും ന്യൂനപക്ഷ സ്ഥാപനങ്ങളെ ഉന്നംവയ്ക്കുന്ന നിയമം കൊണ്ടുവരാം. പക്ഷേ, വിമർശിച്ചാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണത്രേ.
ഇപ്പോൾ മാറ്റിവച്ചത് തെരഞ്ഞെടുപ്പ് കഴിഞ്ഞു പാസാക്കാൻ ബിജെപിക്കു കഴിയും. പക്ഷേ, ക്രൈസ്തവ വർഗീയവാദികൾ ഉൾപ്പെടെ വിലയ്ക്കെടുത്ത പെയിന്റ് പണിക്കാരെക്കൊണ്ടും ഈ പ്രാകൃതനിയമത്തെ വെള്ളപൂശാനാകില്ല. ക്രൈസ്തവർ ഒപ്പം നിന്നില്ലെങ്കിൽ ബിജെപിക്കു പിന്നെയൊന്നും നോക്കാനില്ലെന്നും ഒരാനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഈ കൂലിക്കാർ സമൂഹമാധ്യമ-തെരുവ് വിരട്ടലിനിറങ്ങിയിട്ടുണ്ട്. രണ്ടേകാൽ ശതമാനം മാത്രമുള്ളവർ എന്തു കണ്ടാണ് തുള്ളുന്നതെന്ന് ചോദിക്കുന്നവർ യഥാർഥത്തിൽ ക്രൈസ്തവർക്കല്ല ജനാധിപത്യത്തിനാണ് ഭീഷണി.
വഖഫിൽ മുസ്ലിംകളെ തേടിവന്നവർ എഫ്സിആർഎയിൽ ക്രൈസ്തവരെ തേടിവന്നിരിക്കുന്നു എന്നുമുണ്ട് വ്യാഖ്യാനം. ഒരു വർഗീയതയെ ചെറുക്കാൻ മറ്റൊന്നിനെ ഉപയോഗിക്കുന്നത് നിഷ്കളങ്കമല്ല. ഒന്ന്, ക്രൈസ്തവരെ വേട്ടയാടാൻ തുടങ്ങിയത് എഫ്സിആർഎ മുതലല്ല. പതിറ്റാണ്ടുകളായി സംഘപരിവാർ നടപ്പാക്കുന്ന വിദ്വേഷ പദ്ധതി, ബിജെപി സർക്കാരുകൾ നിയമങ്ങളെ കൂടുതൽ വർഗീയമാക്കിയും ആൾക്കൂട്ടത്തെ ഇറക്കിയും സജീവമാക്കിയെന്നേയുള്ളൂ. രണ്ടാമതു പറയാനുള്ളത്, വഖഫ് നിയമം എതിർക്കപ്പെട്ടതും വെട്ടിപ്പിടിത്ത വകുപ്പുകളുടെ പേരിലാണ്. എല്ലാ പ്രമാണങ്ങളുമുണ്ടായിട്ടും സ്വത്ത് കൈക്കലാക്കി മുനന്പത്ത് ഉൾപ്പെടെ നിസഹായരായ മനുഷ്യരെ പെരുവഴിയിലിറക്കിയ വഖഫ് നിയമത്തിലെ പ്രാകൃത വകുപ്പുകൾ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിപോലും സമ്മതിച്ചില്ലെന്ന് മറക്കരുത്.
വഖഫ് ബോർഡിനും ട്രൈബ്യൂണലിനും പകരം ഇവിടെ കൈയേറ്റം നടത്തുന്നത്, എഫ്സിആർഎയിലെ നിയുക്ത അധികാരകേന്ദ്രത്തെ (ഡെസിഗ്നേറ്റഡ് അഥോറിറ്റി) ഉപയോഗിച്ച് സർക്കാരാണെന്നു മാത്രം. ഇതു കൂടുതൽ ആപത്കരമാണ്. ഭരണകൂടത്തോടു മാത്രം മറുപടി പറയാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനാണ് അധികാരകേന്ദ്രത്തിന്റെ തലവൻ. ജനാധിപത്യത്തിൽ ജുഡീഷറിക്കുള്ള അവകാശമാണ് ഈ ഉദ്യോഗസ്ഥനുള്ളത്. അത് അനുവദിച്ചുകൊടുക്കുന്ന നിയമം നിലവിൽവന്നാൽ, ഈ പരമാധികാരകേന്ദ്രം ലൈസൻസ് പുതുക്കിക്കൊടുക്കാതിരുന്നാൽ, ലൈസൻസില്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട സ്വത്തെല്ലാം കണ്ടുകെട്ടാമെന്ന വകുപ്പ് ഈ അധികാരി ഉപയോഗിച്ചാൽ... അപ്പീലിൽ കോടതിക്ക് എന്തു ചെയ്യാനാകുമെന്നു ചർച്ച ചെയ്യണം.
ക്രൈസ്തവസഭകളുടെ ആതുര -വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങളിൽ എവിടെയെങ്കിലും അഴിമതിയുണ്ടെങ്കിൽ കണ്ടെത്തട്ടെ. ആരാണ് അതിന് എതിരുനിന്നിട്ടുള്ളത്? പക്ഷേ, ഇല്ലം ചുടാൻവേണ്ടി എലിയെ തപ്പരുത്.
National
ന്യൂഡൽഹി: മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പിനിടയിലും വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ ബുധനാഴ്ച പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ബിൽ നാളത്തെ റിവേഴ്സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസിൽ ഉൾപ്പെടുത്തിയതോടെയാണ് വിവാദ ബിൽ ലോക്സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്.
വിദേശത്തുനിന്നുള്ള സഹായങ്ങൾ പൂർണമായി നിർത്തലാക്കാനോ മതന്യൂനപക്ഷങ്ങളുടെ സർക്കാർ ഇതര സംഘടനകളെ കേന്ദ്ര സർക്കാരിന്റെ വരുതിയിലാക്കാനോ ലക്ഷ്യമിട്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് പ്രതിപക്ഷ കക്ഷികളടക്കം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ബിൽ ലോക്സഭയിൽ പാസാക്കാൻ എൻഡിഎ ശ്രമിക്കുന്നത്.
അതിനിടെ ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും ബില്ലിനെതിരെ ബുധനാഴ്ച പ്രതിഷേധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിയമസഭാ തെരഞ്ഞെുപ്പ് നടക്കുന്നതിനാൽ പല എംപിമാരും നാട്ടിലാണെങ്കിലും പ്രതിഷേധമറിയിക്കാൻ മാത്രം ഇവരിൽ പലരും ഡൽഹിയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് സൂചന.
Kerala
കോട്ടയം: എഫ്സിആർഎ വിഷയം ചൂടേറിയ ചർച്ചയായിരിക്കുന്നതിനിടയിൽ സാധാരണക്കാരെ ഇത് എങ്ങനെ ബാധിക്കുമെന്ന കുറിപ്പ് വൈറലാകുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജയിംസ് കൊക്കാവയലിൽ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ:
എഫ്സിആർഎയുമായി ബന്ധപ്പെട്ട് എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു പോസ്റ്റ് ഒരു സംഘടന ഇറക്കിയതാണ്. "FCRA നിയമഭേദഗതി സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല" എന്നതാണ് അതിലെ വാചകം. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയിൽ വിഭാഗീയത ഉണ്ടാക്കാനായി ബോധപൂർവം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്. ക്രിസ്ത്യാനികളെ മാത്രമല്ല മറ്റു മതങ്ങളിലെ ആയിരക്കണക്കിനു സാധാരണക്കാരെക്കൂടി ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നതാണ് യാഥാർഥ്യം.
എന്തായിരുന്നു ലക്ഷ്യം?
വിദേശസഹായങ്ങൾ കേരളസഭ/ഭാരതസഭ സ്വീകരിക്കാൻ ആരംഭിച്ചതിന്റെ പ്രധാനലക്ഷ്യം തന്നെ ദാരിദ്ര്യനിർമാർജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടിൽനിന്നു പട്ടിണിയെ പടിയകറ്റുകയും ചെയ്തിരുന്നു. ഇതു സാധാരണകാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവർത്തനമല്ലായിരുന്നോ?
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾനാടൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്കു തുടക്കത്തിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ വഴിയായി ആ നാടും വളർന്നു സ്ഥാപനങ്ങളും വളർന്നു. ഇന്നും അവയിൽ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങൾ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ?
ഭാരതകത്തോലിക്കാ സഭയ്ക്ക് 5000ൽ പരം കാരുണ്യ ഭവനങ്ങൾ ഉണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്നങ്ങൾ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ?
കുടിൽ വ്യവസായങ്ങൾ
എല്ലാ രൂപതകൾക്കും സോഷ്യൽ സർവീസ് സൊസൈറ്റികൾ ഉണ്ട്. ഇവ വഴി സാധാരണക്കാർക്ക് എത്രമാത്രം സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണ്. ധാരാളം കൂടിൽ വ്യവസായങ്ങൾ തുടങ്ങി സാധാരണ വീട്ടമ്മമാർക്കും മറ്റും ജോലി കൊടുക്കാനും സ്വയം തൊഴിൽ നൽകാനും ഇവയ്ക്കു സാധിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ വിദേശ സഹായത്തോടെ ഒരു ടിഷ്യു പേപ്പർ യൂണിറ്റ് ആരംഭിച്ചത് ഈ മാർച്ച് മാസത്തിലാണ്. ഇതുപോലെ നൂറുകണക്കിനു പ്രസ്ഥാനങ്ങൾ സാധാരണക്കാർക്കു തൊഴിൽ നൽകുന്നു. ലഹരി വിരുദ്ധ ഡി - അഡിക്ഷൻ സെന്ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്.
നിത്യജീവിതത്തിൽ
വിദേശസഹായത്തിന്റെ വലിപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018 ലെ പ്രളയകാലത്താണ്. Goonj എന്ന ഒരു എൻജിഒ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ടുവന്നു. ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ അവർക്ക് പ്രവർത്തന സൗകര്യം കൊടുത്തു. അവർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ ഇറക്കിവച്ചത് ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ മുമ്പിലുള്ള മുറ്റത്തായിരുന്നു.
ഏതാണ്ട് പതിനായിരം സ്വയർഫീറ്റ് സ്ഥലത്തു രണ്ടുനില കെട്ടിടത്തിന്റെ വലിപ്പത്തിലായിരുന്നു സാധങ്ങൾ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുന്തോറും വീണ്ടും വന്നു കൊണ്ടിരുന്നു. കുട്ടനാട്ടിൽ ധാരാളം കുടിവെള്ള പ്ലാന്റുകൾ നിർമിക്കാനും വീടുകൾ വയ്ക്കാനും ഒക്കെ ഈ കാലയളവിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടിൽനിന്നു ധാരാളം സഹായങ്ങൾ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിനു ലഭിച്ചിട്ടുള്ള സഹായങ്ങളാണ്.
നേരിട്ടു സഹായം
വിദേശസഹായത്തോടെ പ്രവർത്തിച്ചു സാധാരണക്കാർക്കും പാവങ്ങൾക്കു നേരിട്ട് ധനസഹായം നൽകുന്ന ഏതാനും പ്രോജക്ടുകളെക്കുറിച്ചു കൂടി പറയാം. Save a Family Plan എന്ന കനേഡിയൻ പ്രോജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു ധനസഹായം നൽകിവരുന്നു.
ചങ്ങനാശേരി അതിരൂപതയിലെ ഒരു വൈദികൻ താൻ ജർമനിയിൽ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നൂറ് കുടംബങ്ങൾക്കു വർഷം 20000 (ഇരുപതിനായിരം) രൂപ വീതം നൽകുന്ന ഇരുപതു ലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റ് ഉള്ള ഡെയ്ലി ബ്രഡ് എന്ന പദ്ധതി നടപ്പാക്കിവരുന്നു.
ഫാ. സെബാസ്റ്റ്യൻ കുന്നത്ത് എന്ന വൈദികനും തന്റഫെ വിദേശശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ചു പാവപ്പെട്ട കുട്ടികൾക്കു വിദ്യാഭ്യാസസഹായം നൽകിവരുന്നു. ഇവയൊക്കെ സാധാരണക്കാർക്കും പാവപ്പെടവർക്കും നേരിട്ടു സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ്.
ഇതുപേലെ നൂറുകണക്കിനു പദ്ധതികൾ വിവിധ രൂപതകളിൽ നടപ്പാക്കിവരുന്നു. അവയെല്ലാം പൂർണമായും എഴുതിത്തീർക്കാൻ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാർ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവർ പലരും തൃപ്തരല്ല എന്നതുമാണ് യാഥാർഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുമാണ് ഈ സേവനം.
ഇത്തരം സേവനങ്ങൾക്കു പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാർക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികൾ ഉയർത്തിക്കൊണ്ട് നിസംഗരായി നിൽക്കുന്നതും വിമർശിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തിക്കുന്നതും ഈ സാധാരണക്കാരോടു ചെയ്യുന്ന ക്രൂരത കൂടിയാണ്.
വിദേശികളുടെ ഫണ്ട് മാത്രമല്ല
എഫ്സിആർഎ വഴി വിദേശ ഏജൻസികളുടെ ഫണ്ട് മാത്രമാണ് വരുന്നതെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സന്യസ്തരടെയും വരുമാനം രൂപതകൾക്കും സന്യാസസമൂഹങ്ങൾക്കും ലഭിക്കുന്നത് എഫ്സിആർഎ വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അല്മായർക്കും ഇടവകയെയോ രൂപതയെയോ ഏതെങ്കിലും പ്രവർത്തനങ്ങളെ അവിടെനിന്നു സഹായിക്കണമെങ്കിൽ ഈ അക്കൗണ്ട് വഴി മാത്രമാണ് പണം അയയ്ക്കാൻ സാധിക്കുന്നത്.
ഇപ്രകാരമുള്ള വസ്തുതകൾ മനസ്സിലാക്കാതെ എഫ്സിആർഎയ്ക്ക് സാധാരണക്കാരുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി സാധാരണക്കാർ ജീവിച്ചു പോകുന്നുണ്ട്. സഭാംഗങ്ങൾ മാത്രമല്ല, മറ്റു മതവിഭാഗങ്ങളിലുള്ളവരും അവകൊണ്ട് ജീവിക്കുന്നുണ്ട്. അവരെ പ്രതിസന്ധിയിലാഴ്ത്തരുത്.
Kerala
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.
ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.
നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.
നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രാജ്യത്തിന്റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ആവശ്യമാണ്. ഇതിനായി ആണവോർജ നിയമത്തിലും ആണവ നാശനഷ്ടങ്ങൾക്കുള്ള സിവിൽ ബാധ്യതാ നിയമത്തിലും ഭേദഗതികൾ വരുത്തും.
ഡിഎഇ, നീതി ആയോഗ്, എംഇഎ, എംഒപി, നിയമം, നീതി മന്ത്രാലയം എന്നിവ സംയുക്തമായാണ് 2025ലെ പുതിയ ആണവോർജ ബിൽ കരട് തയാറാക്കിയിരിക്കുന്നത്. 1962ലെ ആണവോർജ നിയമവും 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ടും ഒറ്റ നിയമത്തിലേക്കു കൊണ്ടുവരികയാണ്. കരട് ബിൽ മന്ത്രിസഭ പിന്നീട് പരിഗണിക്കും.
മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണത്തിനും വികസനത്തിനുമായി 20,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കുറഞ്ഞത് അഞ്ച് എസ്എംആറുകളെങ്കിലും 2033 ഓടെ പ്രവർത്തനക്ഷമമാക്കണമെന്ന പ്രതീക്ഷയിലാണിത്.
Kerala
പാലക്കാട്: ജില്ലാ ആർടിഒ എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000 തോളം രൂപയാണ് എംവിഡി അടയ്ക്കാനുള്ളത്.
ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.