വനിതാസംവരണ ബില്ലിന്റെ പരാജയത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമനില തെറ്റിയതുപോലെയാണ് പ്രതികരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ സ്വപ്നം തകര്‍ത്തു, പ്രതിപക്ഷം പാപം ചെയ്തു, സ്ത്രീകളോടു ക്ഷമ ചോദിക്കുന്നു തുടങ്ങിയ വാചക കസര്‍ത്തുകള്‍. നാലു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2029ല്‍ നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വനിതാസംവരണമാണ് അജന്‍ഡയെന്ന് മോദി നിശ്ചയിച്ചു കഴിഞ്ഞു.
വനിതാസംവരണത്തിനുവേണ്ടി പരിശ്രമിച്ച് ലോക്സഭയില്‍ തോറ്റ് വീരചരമമടഞ്ഞു എന്ന മട്ടിലാണു ബിജെപിയുടെ ആഖ്യാനം. ഈ കുപ്രചരണത്തെ കോണ്‍ഗ്രസ് വസ്തുതകള്‍ ജനമധ്യത്തിലെത്തിച്ച് പൊളിച്ചടുക്കുകതന്നെ ചെയ്യും. 2023ല്‍ വനിതാസംവരണ നിയമം പ്രതിപക്ഷ സഹകരണത്തോടെ പാസാക്കിയതാണ്.
2024ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വനിതാസംവരണം നടപ്പാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത് എന്തുകൊണ്ട്? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെന്‍സസ് പൂര്‍ത്തിയാക്കി മണ്ഡലനിര്‍ണയം നടത്തി വനിതാസംവരണം 2034ല്‍ നടപ്പാക്കാമെന്നായിരുന്നു അവരുടെ ആദ്യത്തെ നിലപാട്. അതിനുപകരം നാലു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ നാടകീയമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഭരണഘടനാഭേദഗതി ബില്‍ അവതരിപ്പിക്കുകയാണു ചെയ്തത്.
ലോക്സഭയിലെ സീറ്റുകള്‍ 543ല്‍നിന്ന് 850 ആക്കുക, 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുക, വനിതകള്‍ക്ക് മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്തുക എന്നിവയാണവ. മൂന്നും തമ്മില്‍ ബന്ധമില്ലെങ്കിലും അവയെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് കൂട്ടിക്കെട്ടി.
ബില്ലിലെ ചതിക്കുഴികള്‍ പ്രതിപക്ഷം പെട്ടെന്നു തിരിച്ചറിഞ്ഞു. വനിതാസംവരണം നടപ്പാക്കിയാല്‍ ജനസംഖ്യാനുപാതികമായ സീറ്റ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് ആധിപത്യമുള്ള ഹിന്ദിബെല്‍റ്റില്‍ അവരുടെ സീറ്റുകള്‍ കുതിച്ചുയരും. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് കുറയും. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മറ്റു ചെറിയ സംസ്ഥാനങ്ങള്‍ക്കും നഷ്ടം തന്നെ. രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം കീഴ്മേല്‍ മറിയും.
യുപിക്ക് വാരിക്കോരി
വനിതാസംവരണം നടപ്പാക്കുന്നതോടെ നിലവിലുളള 543 സീറ്റ് 850 ആകും. ഇതില്‍ 272 സീറ്റുകളാണ് വനിതകള്‍ക്കുള്ളത്. ജനസംഖ്യാനുപാതികമായി മൊത്തം സീറ്റുകള്‍ വിതരണം ചെയ്താല്‍ ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റും കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് 35 സീറ്റും ലഭിക്കും. യുപിയുടെ സീറ്റ് 80ല്‍നിന്ന് 138 ആകും. ബിഹാറിലേതു 40ല്‍നിന്ന് 72 ആയും മഹാരാഷ്ട്രയുടേത് 48ല്‍നിന്ന് 78 ആയും ഉയരും. ഫലത്തിൽ ഉത്തരേന്ത്യ മാത്രം പിടിച്ചാല്‍ കേന്ദ്രസര്‍ക്കാരുണ്ടാകും.
ജനസംഖ്യാനുപാതികമായി കേരളത്തിന്റെ 20 സീറ്റ് 23 ആയി ഉയരും. എന്നാല്‍ സീറ്റുവിഹിതം 3.68% ഇടിഞ്ഞ് 2.7% ആകും. യുപിയുടെ സീറ്റ് 58 എണ്ണം കൂടുമ്പോള്‍ കേരളത്തിന്റേതു വെറും മൂന്നെണ്ണം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ അനീതിയല്ലേ ചെയ്യുന്നത്? കേന്ദ്രനയത്തിന് അനുസൃതമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവന്നതിനാണ് കേരളത്തെയും തമിഴ്നാടിനെയുമൊക്കെ കേന്ദ്രം ശിക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ചെറുസംസ്ഥാനങ്ങളുടെയും പ്രാതിനിധ്യത്തില്‍ കാതലായ ഇടിവ് സംഭവിക്കും.
ബിജെപിയുടെ സ്ത്രീസംവരണ പ്രതിബദ്ധത വെറും വാചാടോപമാണെന്നു തെളിയിക്കാന്‍ വേറെയുമുണ്ട് കണക്കുകള്‍. പാര്‍ലമെന്റില്‍ ഏറ്റവും കുറവ് സ്ത്രീപ്രാതിനിധ്യം ബിജെപിക്കാണ്. ലോക്സഭയില്‍ നിലവില്‍ 75 വനിതകളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ളത് തൃണമൂല്‍ കോണ്‍ഗ്രസിനാണ്. പാർട്ടിയുടെ 29 എംപിമാരില്‍ 11 പേര് വനിതകളാണ്. 37.90% വനിതകള്‍! 33 % സംവരണത്തേക്കാള് കൂടുതല്‍.
കോണ്‍ഗ്രസിന്റെ 98 അംഗങ്ങളില്‍ 14 പേര് വനിതകളാണ് (14.30%). ബിജെപിയുടെ 240 അംഗങ്ങളില്‍ 31 പേരാണു വനിതകൾ. - 12.90% മാത്രം. കൂടാതെ, കേന്ദ്രമന്ത്രിസഭയിലെ 72 മന്ത്രിമാരില്‍ ഏഴുപേര്‍ മാത്രമാണ് വനിതകള്‍. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന 21 സ്ഥലങ്ങളില്‍ ഒരേയൊരു വനിതാ മുഖ്യമന്ത്രി മാത്രം. എന്നിട്ടാണ് മോദി വനിതകളുടെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്നത്.
വനിതാസംവരണ ബില്ലിലെ ചതിക്കുഴികള്ക്കെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ ലോക്സഭാസീറ്റുകള് എല്ലാ സംസ്ഥാനങ്ങള്‍ക്കും 50% വീതം ഉയര്ത്താമെന്നായി അടുത്ത ഓഫര്‍. എന്നാല്‍ ബില്ലില്‍ ഇത്തരം വ്യവസ്ഥകളൊന്നും ഇല്ലാതിരുന്നതിനാല്‍ പ്രതിപക്ഷം അതും നിരാകരിച്ചു. തുടര്‍ന്ന് ഭേദഗതിബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഏപ്രില്‍ 16ന് രാത്രി 2023ലെ വനിതാസംവരണ നിയമം പ്രാബല്യത്തിലാക്കി. ഇതനുസരിച്ച് നിലവില്‍ നടന്നുവരുന്ന സെന്‍സസും അത് അടിസ്ഥാനമാക്കിയുള്ള മണ്ഡലപുനര്‍നിര്‍ണയവും പൂര്‍ത്തിയാക്കി 33% വനിതാസംവരണം നടപ്പാക്കും. ഇതിന് 2034 വരെ സമയമെടുക്കുമെന്നാണ് സര്‍ക്കാര്‍ വാദം. അതിനുപകരം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി 2029 മുതല്‍ നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ ഗൂഢപദ്ധതി.
ആസാമില്‍ സംഭവിച്ചത്
ഇന്ത്യന്‍ ഫെഡറല്‍ ഘടനയ്ക്കെതിരേയുള്ള ആക്രമണമാണു ബില്‍. ജനപ്രാതിനിധ്യനിയമത്തിലെ 81, 82 വകുപ്പുകള്‍ ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു പൂര്‍ണമായ സംരക്ഷണം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ആ ഭരണഘടനാസംരക്ഷണം പൂര്‍ണമായും തട്ടിയെടുക്കാനാണ് ആഗ്രഹിച്ചത്. ആസാം, ജമ്മു കാഷ്മീര്‍ എന്നിവ മികച്ച ഉദാഹരണങ്ങളാണ്. അവിടെ ബിജെപിയെ ജയിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ചു രാജ്യത്തിന്റെ മതേതരസങ്കല്പങ്ങള്ക്കു വിരുദ്ധമായി മണ്ഡല പുനര്‍നിര്‍ണയം നടത്തി. അത് രാജ്യവ്യാപകമായി നടപ്പാക്കാനാണു മോദിസര്‍ക്കാര്‍ ശ്രമിച്ചത്.
ജനപ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള ഭരണഘടനാസംരക്ഷണം പൂര്‍ണമായും ഇല്ലാതാക്കാന്‍ നോക്കി. 2026ല്‍ ലോക്സഭയുടെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിന് 2011ലെ ജനസംഖ്യാറിപ്പോര്ട്ടാണ് അടിസ്ഥാനപ്പെടുത്തുന്നത്. 15 വര്‍ഷം പഴക്കമുള്ള ഡാറ്റ ഉപയോഗിക്കുമ്പോള്‍ അതു തികച്ചും അശാസ്ത്രീയമായിരിക്കും. ഏറ്റവും ഒടുവിലത്തെ ജനസംഖ്യയാണ് പ്രസ്തുത നടപടികള്‍ക്ക് അടിസ്ഥാനമാക്കേണ്ടത്.
പ്രചാരണ വിഷയം
മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമുള്ള ഭരണഘടനാഭേദഗതി ബില്‍ സഭയില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് അറിയാമായിരുന്നു. എന്നാല്‍ സഭയ്ക്കുപുറത്ത് വിജയിക്കുമെന്ന് അവര്‍ കരുതുന്നു. അതു ലക്ഷ്യം വച്ചാണ് മോദി വൈകാരികമായി പ്രസംഗിക്കുന്നത്. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോദി മൂന്നു തവണയും അധികാരത്തിലേറിയത്. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോ അവരുടെ അവസ്ഥകളോ ഒന്നുമല്ല മോദിയുടെ അജണ്ടകള്‍.
2024ല്‍ മോദി ജയിച്ചത് വോട്ട് ചോരിയിലൂടെയാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. 2019ല്‍ പുല്‍വാമയും ബാലാകോട്ട് ആക്രമണവും ചേര്‍ത്ത് ദേശീയവികാരം ഉണര്ത്തിവിട്ടായിരുന്നു ജയം. 2014ല്‍ 2ജി സ്പെക്ട്രം പോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും.
2029ലേക്ക് സൂക്ഷിച്ചുവച്ച വജ്രായുധമാണു വനിതാസംവരണവും മണ്ഡല പുനര്‍നിര്‍ണയവും. ഇവ തമ്മില്‍ ബന്ധമില്ലെങ്കിലും രണ്ടും തമ്മില്‍ കൂട്ടിക്കെട്ടി. എന്നാല്‍, ബില്ലിലെ പൊള്ളത്തരം പ്രതിപക്ഷം പാര്‍ലമെന്റില്‍ പൊളിച്ചടുക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദിസര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ബില്‍ ലോക്സഭയില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വവും പ്രതിപക്ഷ ഐക്യവുമാണ് ഇതിനു വഴിതെളിച്ചത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. വനിതകളുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കി മണ്ഡലങ്ങള്‍ വെട്ടിമുറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിമറിക്കുകയെന്ന ഗൂഢലക്ഷ്യമാണു പ്രതിപക്ഷത്തിന്റെ ശക്തമായ ചെറുത്തുനില്പിലൂടെ തകര്‍ന്നടിഞ്ഞത്. ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കള്‍ കവര്‍ന്നെടുക്കാന്‍ കൊണ്ടുവന്ന എഫ്സിആര്‍എ ബില്ലില്‍ ഉണ്ടായതിനേക്കാള്‍ കനത്ത തിരിച്ചടിയാണ് ഈ ബില്ലില്‍ ഉണ്ടായത്. ഇനി ഇതിനെതിരേ സര്‍ക്കാരും സംഘ്പരിവാര്‍ ശക്തികളും പടച്ചുവിടുന്ന കള്ളപ്രചാരണത്തെ സത്യത്തെ മുന്‍നിര്‍ത്തിയും വസ്തുതകള്‍ നിരത്തിയും നേരിടുകയെന്നതാണു കോണ്‍ഗ്രസിന്റെയും ഇന്ത്യാമുന്നണിയുടെയും ദൗത്യം.
കോണ്‍ഗ്രസ് പ്രതിബദ്ധത
73,74 ഭരണഘടന ഭേദഗതി പ്രകാരം പഞ്ചായത്തുകളില്‍ മൂന്നിലൊന്ന് വനിതാസംവരണം നടപ്പിലാക്കിയതു കോണ്‍ഗ്രസ് സര്‍ക്കാരാണ്. വനിതാശക്തീകരണത്തിന് എക്കാലത്തും മുന്‍കൈയെടുത്ത പാര്‍ട്ടി കോണ്‍ഗ്രസാണ്. രാജ്യത്തിന് ആദ്യ വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സംഭാവന ചെയ്തതു കോണ്‍ഗ്രസാണ്.
2010ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു വനിതാസംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കിയ അന്നുമുതല്‍ വനിതാസംവരണത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധത വ്യക്തമാണ്. 2029ല്‍ 33 % വനിതാസംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥമായ താത്പര്യമുണ്ടെങ്കില്‍ ഉടന്‍തന്നെ രാജ്യത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം വിളിച്ച് അക്കാര്യത്തില്‍ കൃത്യമായ ധാരണ രൂപപ്പെടുത്താന്‍ തയാറാകുകയും അതു നടപ്പില്വരുത്തുന്നതിനാവശ്യമായ നടപടികള്‍ കാലതാമസം കൂടാതെ സ്വീകരിക്കുകയുമാണു വേണ്ടത്.
Tags : Women's Reservation Bill