കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിൽ മമ്മൂട്ടി
ഇത് ഭ്രമയുഗമാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം... ഇതു പറയുന്പോൾ കൊടുമൺപോറ്റിയുടെ മുഖത്ത് പടരുന്ന ഒരു ചിരി, അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ അതോ കൊലവിളി നടത്തുകയാണോ... പ്രേക്ഷകരെ ഭ്രമലോകത്തിലേക്കു കൊണ്ടുപോയ കൊടുമൺപോറ്റി. യാഥാർഥ്യമോ ഫാന്റസിയോ എന്ന് പകച്ചുപോകുന്ന നിമിഷങ്ങൾ. ഭ്രമയുഗത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മഹാനടൻ ദേശീയ പുരസ്കാരം നേടുന്പോൾ കൊടുമൺപോറ്റിയുടെ ആ ചിരി, അതായിരിക്കാം പുരസ്കാര ജൂറിയേയും ഭ്രമിപ്പിച്ചത്.പുരസ്കാരങ്ങൾ മമ്മൂട്ടിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. കരിയറിലുടനീളം അദ്ദേഹത്തിനു ലഭിച്ച ബഹുമതികൾക്ക് കണക്കില്ല. ഇതിനിടയിൽ മലയാളസിനിമ മാറി, അഭിനയശൈലിയും മാറി. ആ മാറ്റത്തിനൊപ്പമുള്ള സഞ്ചാരമായിരുന്നു മമ്മൂട്ടിയുടേത്. മാറുന്ന ശൈലിക്കൊപ്പം ഒരു പുതുമുഖ നടന്റെ ആകാംക്ഷയും ആവേശവും ഇന്നും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുന്പോൾ അദ്ഭുതപ്പെടാനില്ല.
സിനിമയെ ഇത്രയെറെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്ന നടന്മാർ ചുരുക്കം. അദ്ദേഹത്തിന്റെ രൂപസൗകുമാര്യത്തെ പ്രായത്തിനു തോൽപിക്കാനാവില്ല. അഭിനയമികവിനെയും അങ്ങനെ തന്നെ. ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത മതിലുകൾ മുതൽ ഇപ്പോൾ ഭ്രമയുഗം വരെയുള്ളയുള്ള പകർന്നാട്ടങ്ങൾ ചലച്ചിത്രാസ്വാദകരെ സംബന്ധിച്ച് വിസ്മരിക്കാനാവില്ല. ബോൺ ആക്ടർ എന്നതിനേക്കാൾ പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ നടൻ എന്നാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയും പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്. അത്തരമൊരു പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് അദ്ദേഹത്തിനു ലഭിച്ച നാലാമത്തെ ദേശീയ പുരസ്കാരം.
എൺപതുകളുടെ പകുതിയിലാണ് മമ്മൂട്ടി മലയാളത്തിലെ ജനപ്രിയതാരമായി ഉദിച്ചുയർന്നത്. അദ്ദേഹത്തിനു ലഭിച്ചതൊക്കെയും കച്ചവട സിനിമകളിലെ ഫോർമുല കഥാപാത്രങ്ങളായിരുന്നു. വാണിജ്യവിജയത്തിനായി ഒന്നിനുപിറകേ ഒന്നായി ഇത്തരം സിനിമകളിലഭിനയിക്കുന്പോഴും പരീക്ഷണങ്ങൾക്കും വ്യത്യസ്തകൾക്കും വേണ്ടിയുള്ള അന്വേഷണം എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയാണ് മതിലുകളും ഒരുവടക്കൻ വീരഗാഥയും വിധേയനും പൊന്തൻമാടയുമൊക്കെ രൂപപ്പെട്ടത്.
അടൂർഗോപാലകൃഷ്ണനെപ്പോലെ സമാന്തരസിനിമയിലെ പ്രമുഖൻ മമ്മൂട്ടിയെ നായകനാക്കിയതു തന്നെ മാറ്റത്തിനു തുടക്കമായി. 1989ൽ മതിലുകളിലെയും ഒരു വടക്കൻ വീരഗാഥയിലെയും കഥാപാത്രങ്ങളിലൂടെ ആദ്യ ദേശീയ പുരസ്കാരം . ഏറെ വിഭിന്നമായ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ബഷീറിയൻ പകർന്നാട്ടം മമ്മൂട്ടിയുടെ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. എംടി-ഹരിഹരൻ ടീമിന്റെ ഒരു വടക്കൻവീരഗാഥയിലെ ചന്തുവും വാണിജ്യപരമായും കലാപരമായും വൻ വിജയമായി.
വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലൂടെ 93ൽ വീണ്ടും മമ്മൂട്ടിയെത്തേടി ദേശീയപുരസ്കാരം എത്തി. ഇക്കാലയളവിൽ മമ്മൂട്ടിയുടെ കരിയർ പല പരീക്ഷണങ്ങളേയും നേരിടുകയായിരുന്നു. വാണിജ്യസിനിമകളിലെ ജയപരാജയങ്ങൾ അഭിനേതാക്കളുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന അക്കാലത്ത് വിധേയനും പൊന്തൻമാടയുമൊക്കെ അദ്ദേഹത്തിലെ നടനെ മറ്റൊരു തലത്തിലെത്തിച്ചു.
സക്കറിയയുടെ ഭാസ്കര പട്ടേലറും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയനിലെ ഭാസ്കര പട്ടേലറുടെ ക്രൂരതയും കൗടില്യവുമൊക്കെ ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് പ്രകടനങ്ങളിലൊന്നായി. ഈ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെത്തേടിയെത്തി.
ടി.വി. ചന്ദ്രന്റെ പൊന്തൻമാടയിലെ മാട എന്ന ദളിത് കർഷകന്റെ വികാര-വിചാരങ്ങൾ എത്ര സമർഥമായാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം 98ൽ ഡോ. ബാബാസാഹിബ് അംബേദ്കറിലൂടെ വീണ്ടും രാജ്യത്തെ മികച്ച നടനായി മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഈ സിനിമ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു.
98നുശേഷം ദേശീയ പുരസ്കാര നിർണയ സമയങ്ങളിൽ പലപ്പോഴും മമ്മൂട്ടിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുകയും അവസാനം തള്ളപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ന്യായാന്യായങ്ങൾ എന്തുമാകട്ടെ, മലയാളസിനിമ ആഗ്രഹിച്ച ആ പുരസ്കാരം ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെത്തേടി വീണ്ടുമെത്തുകയാണ്.
മതിലുകളിലെ ബഷീറിൽ നിന്ന് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി വരെയുള്ള നീണ്ട കാലയളവിൽ മമ്മൂട്ടിയെന്ന നടനും ഏറെ രൂപപരിണാമങ്ങൾക്കു വിധേയനായി. അപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ എന്തെങ്കിലുമൊരു വിസ്മയം സമ്മാനിക്കാൻ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അത്തരം വിസ്മയങ്ങൾക്കായി സിനിമാ ആസ്വാദകർ ഇനിയും കാത്തിരിക്കുകയാണ്. അതിനായുള്ള അന്വേഷണങ്ങളിലാണ് മമ്മൂട്ടിയും.
മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ ഒട്ടേറെത്തവണ മമ്മൂട്ടിയെത്തേടിയെത്തി. 1981ൽ അഹിംസയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.
84ൽ അടിയൊഴുക്കുകളിലൂടെ ആദ്യമായി മികച്ച നടനുള്ള ബഹുമതി. 85ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രത്യേക ജൂറി പരാമർശം നേടി. 89ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള പുരസ്കാരം.
93ൽ പൊന്തൻമാട, വിധേയൻ, വാൽസല്യം എന്നീ സിനിമകളിലൂടെ മികച്ച നടനായി. 2004ൽ കാഴ്ചയിലെ പ്രകടനത്തിലൂടെയും 2009ൽ പലേരി മാണിക്യത്തിലൂടെയും മികച്ച നടനായി. 2024ൽ ഭ്രമയുഗത്തിലൂടെ വീണ്ടും സംസ്ഥാന പുരസ്കാരം.
Tags : mathilukal bhramayugam NationalAward Mammootty BestActor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews