യഥാർഥത്തിൽ കൊടുമൺ പോറ്റി ചിരിക്കുകയാണോ അതോ കൊലവിളിക്കുകയായിരുന്നോയെന്ന് പോലും തിരിയാതിരുന്ന സമയം. വേഷപകർച്ച കൊണ്ട് ഞെട്ടിച്ചെത്തിയ ആ മമ്മൂട്ടിക്ക് ഇന്നിതാ മികച്ച നടനുള്ള ദേശീയ പുരസ്കാരം. നാലാം തവണയാണ് ആ സുവർണപുരസ്കാരത്തിൽ ഇതോടെ മലയാളികളുടെ മമ്മൂട്ടി മുത്തമിടുന്നത്.
1990ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ, 1994ൽവിധേയൻ, പൊന്തൻ മട, 1999ൽ ഡോ. ബാബാസാഹെബ് അംബേദ്കർ എന്നീ ചിത്രങ്ങൾക്കായിരുന്നു ഇതിന് മുൻപ് അവാർഡുകൾ നേടിയത്. 27 വർഷങ്ങൾക്കിപ്പുറം ആ നേട്ടം വീണ്ടും തന്റെ കൈകളിൽ ഈ 74-ാം വയസിൽ വീണ്ടും ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന അസാധാരണ കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
കരിയറിന്റെ അഞ്ചാം പതിറ്റാണ്ടിലും ഇന്ത്യൻ സിനിമയെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ട് മമ്മൂട്ടി നടത്തിയ പകർന്നാട്ടത്തിനുള്ള അംഗീകരമായി ഇതിനപ്പുറം എന്താണ് വേണ്ടത്.
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നിട്ടും നെഗറ്റീവ് കഥാപാത്രമായ ദുർമന്ത്രവാദിയായ പോറ്റിയായി മാറാൻ അദ്ദേഹം കാണിച്ച ആ ധീരതയാണ് ഏറ്റവും വലുത്. പോറ്റിയുടെ നിഗൂഢത നിറഞ്ഞ സംഭാഷണ ശൈലിയും തിയേറ്ററുകളിൽ ഭീതി പടർത്തിയ വന്യമായ അട്ടഹാസങ്ങളും ഇന്നും ചിത്രം കണ്ടിറങ്ങിയവരിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതാണ് ആ സിനിമയുടെ വിജയം.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളിൽ കേവലം കണ്ണുകളുടെ ചലനം കൊണ്ടും നിഗൂഢമായ പുഞ്ചിരി കൊണ്ടും പ്രേക്ഷകരെ ഭയത്തിന്റെ മുനമ്പിൽ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിൽ ഇതുവരെ കണ്ട ഹൊറർ സിനിമകൾക്ക് ഒരു പടി മുകളിൽ നിൽക്കുന്ന അനുഭവമായിരുന്നു ഭ്രമയുദം പ്രേക്ഷകർക്ക് തിയറ്ററിൽ സമ്മാനിച്ചത്.
മമ്മൂട്ടിയെന്ന നടന്റെ പകർന്നാട്ടമായിരുന്നു ആ സിനിമയുടെ നട്ടെല്ല്. അഭിനയത്തിലും ഇത്രയും കാലത്തെ തഴക്കവും വഴക്കവും മമ്മൂട്ടിയെ തേച്ചുമിനുക്കിയെടുത്തിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കുന്ന കഥാപാത്രം. ഒടുവിലിതാ കൊടുമൺ പോറ്റിയിലൂടെ അദ്ദേഹം 27 വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തെ തന്റെ കൈകളിലേയ്ക്കെത്തിച്ചിരിക്കുന്നു.